ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ ‘മുറിച്ച്’ വിൽക്കുന്നു

ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ ‘മുറിച്ച്’ വിൽക്കുന്നു

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിലെ പുൽത്തകിടി തന്നെ കച്ചവടമാക്കാൻ ഒരുങ്ങി ഫിഫ. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിലെ പുൽത്തകിടിയുടെ ചെറിയ കഷണങ്ങളാണ് ഫിഫ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഒരു കഷണത്തിന് 450 യുഎസ് ഡോളർ (ഏകദേശം 42,989 ഇന്ത്യൻ രൂപ) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് കൊള്ളയ്ക്ക് പുറമെയുള്ള മറ്റൊരു കൊള്ള എന്ന നിലയ്ക്കും സംഭവം ഇപ്പോൾ വിവാദമായിട്ടുണ്ട്.

അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിലെ അമിതമായ ടിക്കറ്റ് നിരക്കുകളുടെ പേരിൽ ഇതിനകം തന്നെ ഫിഫ കടുത്ത ജനരോഷം നേരിടുന്നുണ്ട്. അതിനിടയിലാണ് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ഫിഫയുടെ പുതിയ മെർച്ചൻഡൈസ് തന്ത്രം പുറത്തുവന്നിരിക്കുന്നത്. പുൽത്തകിടിയുടെ ഓരോ കഷണത്തിനും 17.5 x 17.5 x 17.5 അളവുകൾ ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക ഫിഫ ഡിജിറ്റൽ സ്റ്റോർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ അളവുകൾ ഇഞ്ചിലാണോ, സെന്റിമീറ്ററിലാണോ അതോ മില്ലി മീറ്ററിലാണോ എന്ന് വെബ്‌സൈറ്റിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നതും വിചിത്രമാണ്.

ഫുട്ബോൾ ചരിത്രത്തിന്റെ വിലയേറിയ ഒരു ഭാഗം എന്ന രീതിയിലാണ് ഫിഫ ഇതിനെ പ്രൊമോട്ട് ചെയ്യുന്നത്. ജൂലൈ 19ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ യഥാർഥ പുൽത്തകിടിയുടെ ഓരോ കഷണവും ഉയർന്ന നിലവാരമുള്ള ഒരു അക്രിലിക് കേസിനുള്ളിൽ സ്ഥിരമായി സൂക്ഷിച്ച നിലയിലായിരിക്കും ലഭിക്കുക. കലക്ടർമാരെ ആകർഷിക്കുന്നതിനായി, ഇതിന്റെ ആധികാരികത വ്യക്തമാക്കുന്ന ഫിലിം അടങ്ങിയ ഒരു യുഎസ്ബി കീപ്‌സേക്കും ഇതിനൊപ്പം നൽകുന്നുണ്ട്. ആകർഷകമായ സ്പോട്ട് യുവി ഡിസൈനുള്ള ആഡംബര ബോക്സിനുള്ളിൽ വെച്ചാണ് ഇത് ഉപഭോക്താക്കൾക്ക് കൈയിൽ കിട്ടുക.

പാശ്ചാത്യ വിപണികൾക്ക് പുറത്തുള്ള സാധാരണ ആരാധകർക്ക് ഇത് സ്വന്തമാക്കാൻ കഴിയില്ല. കാരണം ഇതിന്റെ ഷിപ്പിങ് അമേരിക്കയിലെയും യൂറോപ്പിലെയും വിലാസങ്ങളിലേക്ക് മാത്രമായി ഫിഫ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ടൂർണമെന്റിലെ ഫൈനൽ വിസിലിന് ശേഷം മാത്രമേ ഓർഡറുകൾ അയച്ചു തുടങ്ങുകയുള്ളൂ എന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

പുൽത്തകിടി വിൽക്കാനുള്ള ഫിഫയുടെ തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എൻഎഫ്എൽ ടീമുകളായ ന്യൂയോർക്ക് ജയന്റ്സിന്റെയും ജെറ്റ്സിന്റെയും ഹോം ഗ്രൗണ്ടാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഇവിടെ സാധാരണയായി കൃത്രിമ പുൽത്തകിടിയാണ് ഉള്ളത്. എന്നാൽ ഈ ലോകകപ്പിനായി ഫിഫ ഇവിടെ താത്കാലികമായി സ്വാഭാവിക പുല്ല് പാകുകയായിരുന്നു. എന്നാൽ ഇതിന്റെ മോശം നിലവാരത്തെയും സമമല്ലാത്ത രീതിയിലുള്ള ഉപരിതലത്തെയും കുറിച്ച് കളിക്കാരും പരിശീലകരും ഇതിനകം തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു ചെറിയ പുൽക്കഷണത്തിന് പോലും 42,989 രൂപ ഈടാക്കുന്ന ഫിഫയുടെ നടപടി ഈ ലോകകപ്പിലെ അമിതമായ ടിക്കറ്റ് നിരക്കുകളുമായി ഒത്തുപോകുന്നതാണ്. ഫൈനൽ മത്സരത്തിന്റെ സാധാരണ ടിക്കറ്റിന് 32,970 യുഎസ് ഡോളർ (ഏകദേശം 31.4 ലക്ഷം ഇന്ത്യൻ രൂപ) വരെയാണ് ഈടാക്കുന്നത്. അതേസമയം, ഭക്ഷണവും പാനീയങ്ങളും ഉൾപ്പെടുന്ന പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ വില 32,500 യുഎസ് ഡോളർ (ഏകദേശം 31 ലക്ഷം രൂപ) മുതൽ 34,500 യുഎസ് ഡോളർ (ഏകദേശം 32.9 ലക്ഷം രൂപ) വരെയാണ്.

കലാ-സാംസ്കാരിക ഗവേഷണത്തിന് കേന്ദ്ര സഹായം; 12 ലക്ഷം വരെ ഫെലോഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

കലാ-സാംസ്കാരിക ഗവേഷണത്തിന് കേന്ദ്ര സഹായം; 12 ലക്ഷം വരെ ഫെലോഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ് ആൻഡ് ട്രെയിനിംഗ് (CCRT) 2026-27 ബാച്ച് വർഷത്തെ ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. കലാ- സാംസ്‌കാര മേഖലകളുമായി ബന്ധപ്പെട്ട വിവിധ ഗവേഷണാധിഷ്ഠിത പ്രോജക്റ്റുകൾ ചെയ്യുന്നവർക്ക് ആണ് ഈ ഫെലോഷിപ്പുകൾ നൽകുന്നത്. തപാൽ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

ജൂനിയർ ഫെലോഷിപ്പ്
കലാ-സാംസ്‌കാരിക രംഗത്ത് മികച്ച കഴിവ് തെളിയിച്ചിട്ടുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് ജൂനിയർ ഫെലോഷിപ്പ് നൽകുന്നത് (01-04-1986 നും 31-03-2001 നും ഇടയിൽ ജനിച്ചവരായിരിക്കണം).

ആകെ 200 ഫെലോഷിപ്പുകളാണ് ഈ വിഭാഗത്തിലുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ വീതം പരമാവധി രണ്ട് വർഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും.

മുൻപ് ജൂനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ളവർ ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.

കൂടുതൽ നിബന്ധനകൾ അറിയാൻ CCRT ജൂനിയർ ഫെലോഷിപ്പ് നിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണ്.

https://ccrtindia.gov.in/wp-content/uploads/2026/06/Junior-Instructions-for-Fellows.pdf

സീനിയർ ഫെലോഷിപ്പ്
40 വയസ്സിന് മുകളിൽ പ്രായമുള്ള കലാകാരന്മാർക്കും ഗവേഷകർക്കുമാണ് സീനിയർ ഫെലോഷിപ്പ് അനുവദിക്കുന്നത് (01-04-1986-ലോ അതിന് മുൻപോ ജനിച്ചവരായിരിക്കണം).

ഈ വിഭാഗത്തിലും 200 ഒഴിവുകളാണുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ വീതം രണ്ട് വർഷത്തേക്ക് ഫെലോഷിപ്പ് തുകയായി ലഭിക്കുന്നതാണ്.

മുൻപ് ഈ പദ്ധതി പ്രകാരം സീനിയർ ഫെലോഷിപ്പ് കൈപ്പറ്റിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.

ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ CCRT സീനിയർ ഫെലോഷിപ്പ് നിർദ്ദേശങ്ങൾ എന്നതിൽ ലഭ്യമാണ്.

https://ccrtindia.gov.in/wp-content/uploads/2026/06/Senior-Instructions-for-Fellows.pdf

വിഷയങ്ങളും യോഗ്യതകളും
പെർഫോമിംഗ് ആർട്സ്, ലിറ്റററി ആർട്സ്, വിഷ്വൽ/പ്ലാസ്റ്റിക് ആർട്സ് എന്നിവയ്‌ക്കൊപ്പം സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ മേഖലകളിലെയും പ്രോജക്ടുകൾക്ക് ഫെലോഷിപ്പ് ലഭിക്കും.

ഇൻഡോളജി (ഇന്ത്യൻ പഠനം), എപിഗ്രാഫി (ശിലാലിഖിത പഠനം), സാംസ്കാരിക സമൂഹശാസ്ത്രം (Sociology of Culture), സാംസ്കാരിക സാമ്പത്തികശാസ്ത്രം (Cultural Economics), നുമിസ്മാറ്റിക്സ് (പുരാതന നാണയ പഠനം), ആർക്കൈവ്സ്, മ്യൂസിയോളജി, പൈതൃക സംരക്ഷണം (Heritage Conservation) തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഈ ഗവേഷണാധിഷ്ഠിത മേഖലകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

എന്നാൽ സംഗീതം, നൃത്തം, നാടകം, നാടൻ കലാരൂപങ്ങൾ തുടങ്ങിയ പരമ്പരാഗത കലാരംഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ഈ ബിരുദ യോഗ്യത നിർബന്ധമല്ല.

നിലവിൽ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കുന്നുവെങ്കിൽ, തിരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമായി നടക്കുന്ന അഭിമുഖ സമയത്ത് തൊഴിലുടമയിൽ നിന്നുള്ള എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (No Objection Certificate – NOC) ഹാജരാക്കണം.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച്, തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രോജക്റ്റിന്റെ 1000 മുതൽ 1500 വാക്കുകളിലുള്ള സിനോപ്സിസ് സഹിതം തപാൽ മാർഗ്ഗം അയക്കേണ്ടതാണ്. സിനോപ്സിസ് ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കാം, എന്നാൽ സാഹിത്യ വിഭാഗത്തിൽ (Field of Literature) അപേക്ഷിക്കുന്നവർക്ക് പ്രാദേശിക ഭാഷയിലും സിനോപ്സിസ് തയ്യാറാക്കി അയക്കാവുന്നതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം:
Director, CCRT, 15A, Sector-7, Dwarka, New Delhi-110075.

അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കുമായി CCRT ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

https://ccrtindia.gov.in/

മൂക്കുത്തി മോഷ്ടിക്കാനെത്തി, പാലക്കാട് അരുംകൊല?; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി മൊഴി, അന്വേഷണം

മൂക്കുത്തി മോഷ്ടിക്കാനെത്തി, പാലക്കാട് അരുംകൊല?; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി മൊഴി, അന്വേഷണം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാള്‍ (66) എന്ന വയോധികയെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയില്‍ ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയതായും പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. സരസാളിന്റെ മൂക്കുത്തി അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയശേഷമേ സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

‘ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം’; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

‘ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം’; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി കണ്ഠരര് രാജീവരര്. അനാരോഗ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയില്‍ കാര്‍മികത്വം വഹിക്കേണ്ടത്. എന്നാല്‍ അതിന് പകരം തന്റെ മകന്‍ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നല്‍കണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി അറസ്റ്റിലായതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോര്‍ഡ് ഇതില്‍ ഒരു തീരുമാനമെടുക്കൂ. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിനുപിന്നില്‍ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്ക് സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍

കണ്ണൂര്‍: തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.

വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീലിനെ പിടികൂടിയത്.

തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂളറിനുള്ളില്‍ കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഡാന്‍സാഫ് ടീമും തലശേരി എഎസ്പിയുടെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.

ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ‘ഞാന്‍ ഇത് ചെയ്തു. ഞാന്‍ ആ മനുഷ്യരെയെല്ലാം കൊലപ്പെടുത്തി’- അവന്‍ അച്ഛനോട് പറഞ്ഞു. ‘അതിനുശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ തരുണ്‍ ജോഷി പറഞ്ഞു.

‘പ്രതി നിലവില്‍ ഒളിവിലാണ്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ പിടികൂടും,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

‘പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു,’- ജോഷി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

പ്രതിക്ക് മുന്‍പും പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. ‘കൗണ്‍സിലിങ്ങിനായി ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഇയാളെ വിളിച്ചിരുന്നു. ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് ചൂതാട്ട ശീലവും കടബാധ്യതകളും ഉണ്ടായിരുന്നു,’- അദ്ദേഹം പറഞ്ഞു.