കേരള ബഡ്ജറ്റ് 2025: കെ ഹോംസ് പദ്ധതി; കൊല്ലത്ത് ഐടി പാര്‍ക്ക്

കേരള ബഡ്ജറ്റ് 2025: കെ ഹോംസ് പദ്ധതി; കൊല്ലത്ത് ഐടി പാര്‍ക്ക്

തിരുവനന്തപുരം: ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആള്‍താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കൊല്ലത്ത് ഐടി പാര്‍ക്ക്

കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പാക്കേജ്

വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജിന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടിയും തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും അനുവദിച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി

സഹകരണ ഭവന പദ്ധതി

നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍

വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.

ന്യൂ ഇന്നിംഗ്‌സ്

മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.

മെഗാ ജോബ് എക്‌സ്‌പോ

പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.

മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പത്മകുമാരി എൽ (68) അന്തരിച്ചു

പത്മകുമാരി എൽ (68) അന്തരിച്ചു

വി ആർ എ-38 രഞ്ജിത്ത് നിവാസിൽ പത്മകുമാരി എൽ (68) അന്തരിച്ചു.

ഭർത്താവ്: വി രാജൻ പിള്ള (late)
മകൻ: കൃഷ്ണകുമാർ (രെഞ്ചു), രാഹുൽ
മരുമക്കൾ: പ്രജിത രെഞ്ചു, രാജി രാഹുൽ

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ: സമഗ്ര ശിക്ഷാകേരളം, ആറ്റിങ്ങൽ ബി ആർ സി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് – വായനക്കൂട്ടം എഴുത്തുകൂട്ടം ഏകദിന ശില്പശാല ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും പ്രശസ്ത കഥാകാരിയുമായ വിജയലക്ഷ്മി വിഎസ് നിർവഹിച്ചു.

എഴുത്തും വായനയും എങ്ങനെയാണ് ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉദ്ഘടക വിശദീകരിച്ചു. സമൂഹത്തിൽ നന്നായി ഇടപെടാൻ എഴുത്തിന് സാധിക്കുമെന്നും എഴുത്ത് നമുക്ക് ആശ്വാസവും ആനന്ദം നൽകുന്നുവെന്നും ഡയറിയെടുത്ത് ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിജയലക്ഷ്മി ഓർമ്മിപ്പിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറും സ്കൂളിലെ അദ്ധ്യാപകനുമായ ഷാജി എ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ജവാദ് എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഹസീന എ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, എസ്.ആർ ജി കൺവീനർ ശുഭ ജെ എസ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ യു ഐ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് സന്തോഷ് എസ് ആശംസാസന്ദേശം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സീനിയർ മലയാളം അധ്യാപികയായ ഷീബ എ.എ സംസാരിച്ചു.

വായനയിലും സർഗ്ഗത്മകരചനകളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാല ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക രാജി ആർ.എസ് നയിച്ചു. മലയാളം അധ്യാപികമാരായ വിധു വി എം, ഷൈനി ഒ. എം, ആശാ ഗോപാൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് വേണ്ട പിന്തുണ നൽകി. ബി എഡ് ട്രെയിനിങ് ടീച്ചർമാരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ വ്യത്യസ്ത തരത്തിലുള്ള സർഗാത്മക പോസ്റ്ററുകളും ചാർട്ടുകളും സാഹിത്യ ശകലങ്ങളും പതിപ്പിച്ചത് കുട്ടികളുടെ സവിശേഷ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചു.

കലാധ്യാപകനായ കിരൺകുമാർ ഓരോ സെക്ഷനുകളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നതിന് സഹായിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച ശില്പശാല പ്രധാനപ്പെട്ട സെക്ഷനുകളിലൂടെ കടന്നുവന്ന് കുട്ടികളുടെ രചനകളുടെ അവതരണവും ഫീഡ്ബാക്കും അവലോകനവും നടത്തി. വൈകുന്നേരം 4.00ന് സമാപിച്ചു. ശില്പശാലകളിൽ വിവിധ തരത്തിലുള്ള സർഗ്ഗാത്മക രചനകൾ രൂപപ്പെട്ടു. ഇവ പതിപ്പാക്കി ബിആർസി യിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇനി ക്യാമറ നിരീക്ഷണത്തിൽ

ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇനി ക്യാമറ നിരീക്ഷണത്തിൽ

“സുരക്ഷിത വിദ്യാഭ്യാസം നമ്മുടെ കടമ”; നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ച് സുരക്ഷിത വിദ്യാഭ്യാസം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കരാറും അതോടൊപ്പം നിർമ്മാണ ഫണ്ടും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൈമാറി. സ്കൂൾ പിടിഎയും ഹയർ സെക്കന്ററി വിഭാഗവും സമാഹരിച്ച ഫണ്ടും, മുൻ പ്രിൻസിപ്പൽ ഷീബ സംഭാവനയായി നൽകിയ തുകയും ഉപയോഗിച്ചാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നത്.

സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പിടിഎ പ്രസിഡന്റ് എസ് സന്തോഷ്, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മസേന പ്രവർത്തക മരണപെട്ടു

ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മസേന പ്രവർത്തക മരണപെട്ടു

ആറ്റിങ്ങൽ: നഗരസഭ ഹരിതകർമ്മസേന പ്രവർത്തക ഡെയ്സി (62) മരണപ്പെട്ടു. കെ എസ് ആർട് സി ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഡെയ്സി. വീട്ടിലെ ബാത്ത് റൂമിനുള്ളിൽ കാൽവഴുതി വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. വിദഗ്ധ ചികിൽസക്കു വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവൻ നഷ്ട്ടപ്പെടുകയായിരുന്നു. 20 വർഷത്തിൽ അധികമായി നഗരസഭ ശുചീകരണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട ഡെയ്സി.

സിപിഎമ്മിന്റെ പ്രമുഖ നേതാവായ എം വി കനകദാസ് അന്തരിച്ചു

സിപിഎമ്മിന്റെ പ്രമുഖ നേതാവായ എം വി കനകദാസ് അന്തരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴ് മേഖലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ എം വി കനകദാസ് അന്തരിച്ചു.
86 വയസ്സായിരുന്നു. ചിറയിൻകീഴ് താലൂക്കിലെ സിപിഎം നേതാക്കളിൽ പ്രമുഖനായിരുന്നു എം വി കനകദാസ്.

ഭാര്യ: ദേവമ്മ
മക്കൾ: പ്രമോദ്, പ്രവദ, പ്രമീള.
മരുമക്കൾ: വീണ (മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ), അശോകൻ (മുൻ ആനത്തലവട്ടം കയർ സംഘം സെക്രട്ടറി), സുമനൻ.