ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. 150 കോടി രൂപ ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ്.

വാഹനങ്ങൾ ഇനി പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകും. പല ചെക്ക് പോസ്റ്റുകളിലും വേ ബ്രിഡ്ജ് പ്രവർത്തിക്കാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. സ്കാനറുകൾ വരുന്നതോടെ കടന്നു പോകുന്ന വാഹനങ്ങളിലെ ഭാരം അനുവദനീയമായ പരിധിക്കുള്ളിലാണോയെന്നു സ്കാനർ വഴി അറിയാൻ സാധിക്കും. പിഴ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ ലഭ്യമാകും. പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.

വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സാറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, ‘മെഡിസെപ്പ്’ സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന സൂചനാ പണിമുടക്കത്തിന് മുന്നോടിയായി സമരജ്വാല സദസ്സ് സംഘടിപ്പിച്ചു.

അധ്യാപക സർവീസ് സംഘടന സമരസമിതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഡി.ബിജിന ഉദ്ഘാടനം ചെയ്തു. ആർ.ലത അധ്യക്ഷത വഹിച്ചു.
വനിതാ ജീവനക്കാർ മെഴുകുതിരി കത്തിച്ച് പെൻഷൻ സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
ആശ എൻഎസ്, കൗസു ടിആർ, ഷൈന. എസ്, സുബി സുരേന്ദ്രൻ, ശരണ്യ ഡി.എം, ഹർഷ എച്ച്, രഞ്ജിമ ആർ, കീർത്തന രാഖി, ഗായത്രി, പ്രദീപ്, കല പി, ആരതിമോഹൻ, ഷബ്ന ഷാജഹാൻ, ധന്യസുലഭ, പ്രീത പിഎസ്, അശ്വതി വിഎസ്, ആതിര എസ്എസ്, ലീന പിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്.

ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ​ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ കേസ്. വിഷയത്തിൽ നിജസ്ഥിതി കണ്ടെത്തണമെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ സത്യൻ എന്നയാളാണ് പരാതി നൽകിയത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയിക്കുന്നവെന്നു പരാതിയിൽ പറയുന്നു.

നേരത്തെ, വിഷയത്തിൽ ആരോ​ഗ്യ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സൂചി കണ്ടെന്ന പരാതി വ്യാജമാണെന്നും പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോ​ഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. ​മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോ​ഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോ​ഗ്യ വകുപ്പ് രേഖാമൂലം പരാതി നൽകിയത്.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോ​ഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ​ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.

അപകടത്തില്‍ നഷ്ടപരിഹാരത്തിനായി പ്രൊവിന്‍ഷ്യാല്‍ ഫാ. മാത്യു പൈകടയാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്. എന്നാല്‍, രൂപതാ പ്രൊവിന്‍ഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്തു.

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കേസെടുത്തത്.

കേസില്‍ നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.

കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.