by Midhun HP News | Jan 14, 2025 | Latest News, കേരളം
പത്തനംതിട്ട: ഭക്ത ലക്ഷങ്ങൾ പ്രർഥനാനിർഭരരായി കാത്തിരിക്കുന്ന ശബരിമല മകര വിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ദേവസ്വ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന.
ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകര ജ്യോതി ദൃശ്യമാകും. ആകാശത്ത് മകര സംക്രമ നക്ഷത്രവും കാണാം. നേരിട്ട് കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഭക്തർ നിറഞ്ഞു. രണ്ട് ദിവസമായി ദർശനത്തിനു എത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് തീർഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി 5000 പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മകര വിളയ്ക്കിനു ഇത്തവണ രണ്ട് ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. നാളെ മുതൽ ഈ മാസം 17 വരെ തിരുവാഭരണ ദർശനമുണ്ടായിരിക്കും. മകര വിളക്ക് ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കായി 800 കെഎസ്ആർടിസി ബസുകൾ സജ്ജമാണ്. 150 ബസുകൾ ഷട്ടിൽ സർവീസും നടത്തും.
ഇന്ന് വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിങ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. നാളെ രാവിലെ 11നു ശേഷമേ തത്സമയ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കു. നാളെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളു.
by Midhun HP News | Jan 14, 2025 | Latest News, കേരളം
കൊച്ചി: തുടര്‍ച്ചയായി മുന്നേറി കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 7330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയ ശേഷമാണ് താഴ്ന്നത്.
മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.
by Midhun HP News | Jan 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുംബൈയിലെ അമിറ്റി സര്‍വകലാശാല ബഹിരാകാശത്തേക്ക് അയച്ച ചീര കോശങ്ങള്‍ (കോളസ് ടിഷ്യു) മുളച്ചതായി റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പോയെം-4 (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സിപിരിമെന്റ് മൊഡ്യൂള്‍) ദൗത്യത്തിന്റെ ഭാഗമായാണ് ചീര കോശങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന പേടകമാണ് പോയെം-4. ഈ പേടകത്തില്‍ കൊണ്ടുപോയ ചീര കോശങ്ങള്‍ മുളച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
‘മൈക്രോ ഗുരുത്വാകര്‍ഷണത്തിന് കീഴില്‍ ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തുന്നത് ബഹിരാകാശ ജൈവ ഗവേഷണരംഗത്ത് പ്രധാന നാഴികക്കല്ലാണ്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ദീര്‍ഘനാള്‍ ഗവേഷകര്‍ക്ക് ബഹിരാകാശത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കും. പോയെം-4 പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിച്ച പ്രാരംഭ ഡാറ്റ ചീര വിത്തുകളില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്,’- അമിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ ഡബ്ല്യു സന്തോഷ് കുമാര്‍ പറഞ്ഞു. അമിറ്റി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോബയോളജിയിലെ പ്രധാന ശാസ്ത്രജ്ഞന്‍ കൂടിയാണ് സന്തോഷ് കുമാര്‍.
ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭിച്ച ഡാറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും പേടകത്തിന്റെ ആരോഗ്യം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 30 ന് രണ്ട് സ്‌പെഡെക്‌സ് ഉപഗ്രഹങ്ങളെയും വഹിച്ച് ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമിട്ട് പറന്നുയര്‍ന്ന പിഎസ്എല്‍വി- സി 60 റോക്കറ്റില്‍ അമിറ്റി സര്‍വകലാശാലയുടെ പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് (APEMS) അയച്ചിരുന്നു.
വര്‍ണ്ണ നിരീക്ഷണത്തിലൂടെ വളര്‍ച്ചയിലും ആരോഗ്യത്തിലുമുള്ള മാറ്റങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിക്കും എന്നത് കൊണ്ടാണ് പരമ്പരാഗത വിത്തുകള്‍ക്ക് പകരം കോളസ് ടിഷ്യു ( കോശ സമൂഹം) വളര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചീര പച്ച നിറത്തിലാണ്. അതിനാല്‍ വളര്‍ച്ചയിലും കരിഞ്ഞുപോയാലും ഉണ്ടാകുന്ന ഏത് നിറവ്യത്യാസവും ഇന്‍-ബില്‍റ്റ് കാമറയിലൂടെ പകര്‍ത്താന്‍ കഴിയുമെന്നും കുമാര്‍ പറഞ്ഞു.
ചീര കോളസ് ടിഷ്യു വേഗത്തില്‍ വളരുന്നുണ്ടെന്നും വിത്ത് മുളയ്ക്കുന്ന പ്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് എളുപ്പത്തില്‍ അളക്കാമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്റെയും സാധ്യത കണ്ടെത്താന്‍ കോളസ് ടിഷ്യു വഴി സസ്യങ്ങളുടെ വളര്‍ച്ച പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഈ പരീക്ഷണത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ സഹായിക്കും.ഗുരുത്വാകര്‍ഷണ സമ്മര്‍ദ്ദത്തോട് പ്രതികരിച്ച് വളര്‍ച്ചയുടെ ദിശ നിയന്ത്രിക്കുന്നതിന് സ്വയം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബഹിരാകാശത്ത് പയര്‍വിത്ത് മുളപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ നിര്‍ണായകമായ നേട്ടം കൈവരിച്ചിരുന്നു. പോയെം-4 ദൗത്യത്തിന്റെ ഭാഗമായി തന്നെയാണ് എട്ട് പയര്‍വിത്തുകള്‍ ബഹിരാകാശത്ത് എത്തിച്ചത്. ബഹാരാകാശത്തെത്തി നാലുദിവസങ്ങള്‍ക്കകമാണ് വിത്തുകള്‍ മുളപൊട്ടിയത്.
പോയം-4 ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്സ് ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് ക്രോപ്സ് വികസിപ്പിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്സ്.
by Midhun HP News | Jan 13, 2025 | Latest News, കേരളം
കൊച്ചി: ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡയറക്ട് സെല്ലിങ് കമ്പനികള്‍ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ എന്‍ റോള്‍ ചെയ്യണമെന്നും, ഈ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഇതു വഴി രജിസ്റ്റര്‍ ചെയ്ത കമ്പനികളെ തിരിച്ചറിയാനും പരാതികള്‍ സമര്‍പ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷന്‍ സെല്ലുകള്‍ മുഖേന ഇതിനകം 854 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിലവില്‍ 305 കണ്‍സ്യൂമര്‍ ക്ലബ്ബുകളാണുള്ളത്. ഇവയുടെ എണ്ണം ആയിരമാക്കുകയാണ് ലക്ഷ്യം. അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നീതി കൃത്യമായി ലഭ്യമാക്കാന്‍ ഈ രംഗത്തെ കമീഷനുകള്‍ക്ക് കഴിയണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഇ ദാഖില്‍ പ്ലാറ്റ്‌ഫോം, തര്‍ക്ക പരിഹാര കമ്മീഷനുകളിലെ കേസുകള്‍ നിരീക്ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, കമ്മീഷനുകളുടെ ഡിജിറ്റല്‍വല്‍ക്കരണവും നെറ്റ് വര്‍ക്കിങും സാധ്യമാക്കുന്ന കണ്‍ഫോനെറ്റ് എന്നിവ ഇതിനകം നിലവില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 13, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ മൊബൈല്‍ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്തു. സാമ്പിള്‍ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിര്‍ണയം, കോള്‍ഡ് ചെയിന്‍ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി എത്തിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ള സംഘവും യൂണിറ്റിന്റെ ഭാഗമാണ്.
വൈറല്‍ രോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ രോഗബാധിത സ്ഥലങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരണം ക്രമീകരിക്കുന്നതിനും ഉചിതമായ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ പരിശോധനാ സൗകര്യത്തിലേക്ക് മാറ്റുന്നതിനും യൂണിറ്റ് സഹായകരമാകും. സാമ്പിള്‍ ശേഖരണത്തിനും പരിശോധനയ്ക്കും ഇടയിലുള്ള സമയം കുറയ്ക്കുന്നതിനും വേഗത്തിലുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നതിനും സാധിക്കും. സാമ്പിള്‍ അപചയസാധ്യത കുറയ്ക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും യൂണിറ്റ് സഹായകരമാകും.
ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റിലെ ദ്രുത രോഗനിര്‍ണയ പരിശോധനകള്‍ വഴി പ്രാഥമിക ഫലം വേഗം ലഭിക്കും. ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ യൂണിറ്റ് വഴി ദ്രുതപ്രതികരണം, പരിശോധന, നിര്‍ണായക മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവ ഉറപ്പാക്കാനാവും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍, ശാസ്ത്രജ്ഞര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
by Midhun HP News | Jan 13, 2025 | Latest News, കേരളം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-804 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WK 602998 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WD 567262 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Recent Comments