കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടിൽ പോലീസ് കേസെടുത്തു

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടിൽ പോലീസ് കേസെടുത്തു

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നി​ഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ.

ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ പറ്റിച്ചതായി പരാതി. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കുട്ടികളിൽ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകൾ വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുൾ കരീം,നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. മാജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 3ന് പരിഗണിക്കും.

പുതുവർഷം ആഘോഷിക്കാനെത്തി; കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവിനു ദാരുണാന്ത്യം

പുതുവർഷം ആഘോഷിക്കാനെത്തി; കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവിനു ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹിൽസ് എന്ന സ്ഥലത്ത് എത്തിയത്.

ആഘോഷം നടക്കുന്നതിനിടെ ഫൈസൽ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ കൈ തട്ടി ​ഗിയർ ന്യൂട്രലായി കാർ ഉരുണ്ട് പോയതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം.

‘ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി’; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

‘ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി’; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേഷന്റെ സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയതും ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മക്കളോടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. വാക്കുകളല്ല പതിയെ ചുണ്ടനക്കിക്കൊണ്ടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. ആരോഗ്യ നിലയില്‍ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും ആഗ്രഹവും അതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത മെഡിക്കല്‍ ബോര്‍ഡ് കൂടും. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതുവര്‍ഷത്തിലും രൂപയ്ക്ക് രക്ഷയില്ല; റെക്കോര്‍ഡ് താഴ്ചയില്‍

പുതുവര്‍ഷത്തിലും രൂപയ്ക്ക് രക്ഷയില്ല; റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.

ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. ഈ രീതിയില്‍ പോയാല്‍ അടുത്തുതന്നെ 86 കടന്നും രൂപയുടെ ഇടിവ് തുടരാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 74.64 ഡോളര്‍ എന്ന നിലയിലാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില.

അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു, വിമാന ഇന്ധന വിലയും താഴ്ത്തി

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു, വിമാന ഇന്ധന വിലയും താഴ്ത്തി

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. റെസ്‌റ്റോറന്റുകള്‍ക്കും കാറ്ററിങ് സര്‍വീസ് നടത്തുന്നവര്‍ക്കുമാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.

തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് ആദ്യമായി വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ​ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ എടിഎഫ് വില കിലോലിറ്ററിന് 90,455.47 രൂപയായി. 1401 രൂപയാണ് കുറഞ്ഞത്. കൊല്‍ക്കത്ത 93,059, മുംബൈ 84,511, ചെന്നൈ 93,670 എന്നിങ്ങനെയാണ് പുതിയ വിമാന ഇന്ധനവില.

വടക്കോട്ട് കാവ് ക്ഷേത്രത്തിൽ അക്രമം, യുവാവിന് പരുക്ക്; മേഖലയിൽ ഹർത്താൽ ആചരിക്കുന്നു

വടക്കോട്ട് കാവ് ക്ഷേത്രത്തിൽ അക്രമം, യുവാവിന് പരുക്ക്; മേഖലയിൽ ഹർത്താൽ ആചരിക്കുന്നു

ആറ്റിങ്ങൽ: ന്യൂഇയർ ആഘോഷത്തിന് എത്തിയവർ വടക്കോട്ട് കാവ് ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമം നടത്തി. സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. വടക്കോട്ടുകാവ് സ്വദേശി അതുൽദാസ് (24) ആണ് പരിക്കേറ്റു ചികിത്സയിൽ ഉള്ളത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രവളപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഈ സമയത്ത് ഉണ്ടായിരുന്നു. എത്തിയ രണ്ടംഗസംഘം ക്ഷേത്രവളപ്പിലേക്ക് കാർ ഓടിച്ച് കയറ്റി.

നാലമ്പല കോമ്പൗണ്ടിൽ കയറിയ കാർ അമിത വേഗതയിൽ ആയിരുന്നതിനാൽ കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ പെടാതെ ഓടി മാറുകയായിരുന്നു. കാർ ബലിക്കല്ലിൽ ഇടിച്ചു നിന്നു. ഉടൻ പ്രദേശവാസികൾ ഇടപെട്ടു. എന്നാൽ കാറിലെ യാത്രക്കാർ നാട്ടുകാരെ തെറിവിളിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇവരെ വളഞ്ഞുവച്ചു. കാറിൽ ഉണ്ടായിരുന്നവർ അമിത മദ്യലഹരിയിൽ ആയിരുന്നതിനാൽ നഗരൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ജീപ്പിൽ കയറിയ രാഷ്ട്രീയ നേതാവ് ആയ പ്രതി പോലീസ് ജീപ്പിൽ നിന്ന് വെല്ലുവിളിക്കുകയും ഫോൺ മുഖാന്തരം ആലംകോട്ട് നിന്ന് കൂടുതൽ യുവാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. രണ്ടാമത് കാറിൽ എത്തിയ യുവാക്കൾ തദ്ദേശവാസികളെ ആക്രമിച്ചു. ഞങ്ങളുടെ നേതാവിനെ ആരെടാ അടിച്ചതെന്നും പോലീസിൽ ഏൽപ്പിച്ചതെന്നും ചോദിച്ചായിരുന്നു ആക്രമണം. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും അവരെ തള്ളിമാറ്റി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന അതുൽ ദാസിന് പരുക്കേറ്റു. ഇദേഹത്തെ പോലീസ് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലൻസ് തടഞ്ഞ് അതിനുള്ളിൽ വെച്ച് വീണ്ടും ആക്രമിച്ചു. ഈ ആക്രമണത്തിൽ യുവാവിന്റെ തലക്ക് ഗുരുതര പരുക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ക്യാമ്പിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ സ്ഥലത്ത് എത്തിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വിശ്വാസികൾ ഹർത്താൽ പ്രഖ്യാപിച്ചു. കടകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്.