വിപി വാസുദേവന്‍ അന്തരിച്ചു

വിപി വാസുദേവന്‍ അന്തരിച്ചു

മലപ്പുറം: ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

1946ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളത്തത്താണ് ജനനം. ശക്തിഗീതങ്ങള്‍, ക്യൂബന്‍ വിപ്ലവത്തിന്റെ ഇതിഹാസം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള ഭാഷാധ്യാപക സംഘടന, കെഎസ്ടിഎ, കെജിടിഎ എന്നീ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം, ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം ഇടിവ്

ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം, ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം ഇടിവ്

മുംബൈ: സ്ഥാപകന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്.

ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ 2,100 കോടി രൂപയുടെ കൈക്കൂലി ഇടപാടില്‍ പങ്കാളിയായി എന്നാണ് ഗൗതം അദാനിക്കെതിരായ ആരോപണം. ഗൗതം അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിനാല്‍ അദാനി ഗ്രൂപ്പ് വീണ്ടും അമേരിക്കയില്‍ അന്വേഷണം നേരിടുകയാണ്.

ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1700 രൂപ

സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1700 രൂപ

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 കടന്നു. 240 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അറ്റകുറ്റപ്പണി: ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

അറ്റകുറ്റപ്പണി: ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

കൊച്ചി: ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. ടാര്‍ ഇളകി കുഴികള്‍ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്‌കരമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.

പാലം ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫീസിലും സമരങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് മുമ്പ് പാലത്തിലെ പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുണ്ടംവേലി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഈ മാസം 28 വരെ പാലം അടച്ചിടുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ചയോടെ നിര്‍മ്മാപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പാലം അടയ്ക്കുമ്പോള്‍ വാഹനങ്ങളെല്ലാം ബിഒടി പാലത്തിലൂടെയും കണ്ണങ്കാട്ട് പാലത്തിലൂടെയും കടത്തിവിടും.

അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി

അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി

വാഷിങ്ടണ്‍: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്.

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. തങ്ങളുടെ കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വില്‍ഫര്‍.