അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി

അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി

വാഷിങ്ടണ്‍: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്.

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. തങ്ങളുടെ കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വില്‍ഫര്‍.

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

മംഗലൂരു: ഉഡുപ്പിയില്‍ വെച്ച് ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.

അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.

മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോകാനായി മലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു. മം​ഗലൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തിൽ ഇടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ച പരി​ഹരിച്ചെന്ന് അധികൃതർ

കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ച പരി​ഹരിച്ചെന്ന് അധികൃതർ

കൊച്ചി: കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. വാതക ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചു. നേ​രി​യ രീ​തി​യി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ർ​ച്ച ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​റു ​മ​ണി​ക്കൂ​റെ​ടു​ത്ത് അ​ത് പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. വാഹനം ഉയർത്തുന്നതിനിടയിലാണ് ഇന്ധനം ചോർന്നത്. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്‍റെ ചോർച്ച അടക്കാനായത്.

ബു​ധ​നാ​ഴ്ച രാ​ത്രി​ ഇ​രു​മ്പ​ന​ത്തു നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് ടാ​ങ്ക​ർ ക​ള​മ​ശേ​രി ടി​വി​എ​സ് ജം​ഗ്ഷ​നി​ൽ വ​ച്ച് മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് മറിയുകയായിരുന്നു. വാ​ഹ​ന​ത്തി​ൽ ഡ്രൈവർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടിരുന്നു.അപായ സാധ്യത കണക്കിലെടുത്ത് പൊലീസ് ​ഗതാ​ഗതം നിയന്ത്രിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ലോറി ഉയർത്തി ​ഗതാ​ഗതം പുനഃസ്ഥാപിച്ചു. 18 ടൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. ബിപിസിഎല്ലിൽ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.