by Midhun HP News | Nov 20, 2024 | Latest News
അർജന്റീന ഫുട്‌ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സൂപ്പർ താരം ലയണൽ മെസി കേരളത്തിൽ വരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്‌പെയിനിലേക്ക് പോയിരുന്നു. സ്‌പെയിനിൽ വെച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ അർജന്റീനയുടെ സൗഹൃദ മത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.
സർക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യത ആകുമെന്നതിനാൽ സാമ്പത്തിക സഹകരണം ആവശ്യമാണ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാകും മത്സരം നടത്തുക. ഇതിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് അർജന്റീനയാണ്. ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാരും അർജന്റീന ടീമും ചേർന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.
by Midhun HP News | Nov 20, 2024 | Latest News
ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാർ റോഡ് നവരംഗ് ജംഗ്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിനാണ് തീപിടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി പ്രിയയാണ്(20) മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രാത്രിയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ആറ് പേരാണ് അപകടസമയത്ത് ഷോറൂമിലുണ്ടായിരുന്നത്. പ്രിയ കാഷ്യർ റൂമിലായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പുകയും തീയും കാരണം പ്രിയക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങാനായില്ല.
by Midhun HP News | Nov 20, 2024 | Latest News
തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണമോയെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തൊണ്ടി മുതലില്‍ അഭിഭാഷകന്‍ കൂടിയായ ആന്റണി രാജു കൃത്രിമം കാട്ടിയെന്ന് ആരോപിച്ചുള്ള കേസിലാണ് വിധി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് വിധി വന്നിരിക്കുന്നത്.
ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. സാങ്കേതിക കാരണങ്ങളാലാണ് ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കുന്നതെന്നും പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ട് പോകാന്‍ തടസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.
വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. കേസില്‍ മെറിറ്റുണ്ടെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. നിരപരാധിയായിട്ടും 33 വര്‍ഷങ്ങളായി കേസിന് പിന്നാലെയാണ് താനെന്നുമായിരുന്നു ആന്റണി രാജു കോടതിയില്‍ വാദിച്ചത്.
by Midhun HP News | Nov 20, 2024 | Latest News
ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്.
കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി. കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി ദർശനം നടത്തിയത് 72,656 പേരാണ്. തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ 4 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ശബരിമലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ശബരിമലയിൽ തിരക്ക് കാര്യമായി വർധിച്ചിട്ടുണ്ടെങ്കിലും മികച്ച രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി ഇത്തവണയില്ലാത്തത് തീർഥാടകരെ ആശ്വാസത്തിലാക്കുന്നുണ്ട്.
by Midhun HP News | Nov 20, 2024 | Latest News
ന്യൂഡല്‍ഹി: കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.
തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചു സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനം, മറൈന്‍ ജില്ല എന്നീ പുരസ്‌കാരങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കടല്‍ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്‌കാരലബ്ധിയെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Nov 20, 2024 | Latest News
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപ കൂടി 7115 ആയി.
ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വില ആദ്യ ആഴ്ച പിന്നിട്ടതോടെ താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചതിനു പിന്നാലെയാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം മുതല്‍ വില തിരിച്ചു കയറുകയായിരുന്നു.
Recent Comments