സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് കാർ. കണ്ണൂർ ചെറുപുഴയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചെറുപുഴ യുപി സ്കൂൾ വിദ്യാർഥിനികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

സ്കൂളിലേക്ക് പോകുന്നതിനായി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വിദ്യാർഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുട്ടിക്കാണ് കാറിടിച്ച് പരിക്കേറ്റത്. മറ്റൊരു കുട്ടിക്ക് വീണാണ് പരിക്കേറ്റത്. ഇവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടര്‍ന്നെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടര്‍ന്നെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടര്‍ന്നെന്ന് പരാതി. കാലുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളന്‍ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണ് മരിച്ചത്.

ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലുവേദനയ്ക്ക് രജനി ചികിത്സ തേടി എത്തിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മാനസിക വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വാര്‍ഡില്‍ രോഗിയെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടര്‍ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും യുവതിയെ ഡോക്ടര്‍ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

രോഗം മൂര്‍ച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എട്ടാം തിയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതി ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മക്കള്‍: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.

ചിറയിൻകീഴ് താലൂക്ക് റേഷൻ റീട്ടെയിൽ എംപ്ലോയീസ് സി.ഐ.റ്റി.യു പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു

ചിറയിൻകീഴ് താലൂക്ക് റേഷൻ റീട്ടെയിൽ എംപ്ലോയീസ് സി.ഐ.റ്റി.യു പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളുടെ കമ്മീഷൻ ലഭ്യമാക്കുക, റേഷൻ വ്യാപാരികൾക്ക് മാസംതോറും ലഭിക്കേണ്ട കമ്മീഷൻ അതാത് മാസം ലഭ്യമാക്കുക,കേന്ദ്രം കേരളത്തിന് വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചിറയിൻകീഴ് താലൂക്ക് റേഷൻ റീട്ടെയിൽ എംപ്ലോയീസ് സി.ഐ.റ്റി.യു താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി കാരേറ്റ് സുരേഷ്, താലൂക്ക് പ്രസിഡന്റ് ജി വേണുഗോപാലൻ നായർ, താലൂക്ക് വൈസ് പ്രസിഡന്റ് വിജയകുമാർ, താലൂക്ക് സെക്രട്ടറി മുട്ടപ്പലം സുരേഷ് എന്നിവർ സംസാരിച്ചു.

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയത്. ജയചന്ദ്രനെയും കൊണ്ട് വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

നവംബര്‍ ആറിനാണ് വിജയലക്ഷ്മിയെ കാണാതാകുന്നത്. അന്ന് വൈകീട്ടാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് വിജയലക്ഷ്മി. നവംബര്‍ 10 നാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കുന്നത്. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ, എറണാകുളം പൊലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണ്‍ ലഭിച്ചത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കരുനാഗപ്പള്ളിയിൽ മീൻപിടുത്തമായിരുന്നു ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിൽ മത്സ്യവിൽപ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഈ മാസം ആറിന് വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടു. ക്ഷേത്ര ദർശനം നടത്തിയശേഷം ഇവർ ജയചന്ദ്രന്റെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോൺ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടർന്ന് വിജയലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വീട്ന് സമീപത്തു കുഴിച്ചിടുകയായിരുന്നു എന്നാണ് പൊലീസിനോട് പ്രതി പറഞ്ഞത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.

‘ഡല്‍ഹി വിട്ടത് കാശിനെച്ചൊല്ലി തര്‍ക്കിച്ച്‌’; ഗാവസ്‌കര്‍ക്കു മറുപടിയുമായി ഋഷഭ് പന്ത്

‘ഡല്‍ഹി വിട്ടത് കാശിനെച്ചൊല്ലി തര്‍ക്കിച്ച്‌’; ഗാവസ്‌കര്‍ക്കു മറുപടിയുമായി ഋഷഭ് പന്ത്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിന് മുന്നോടിയായി തുകയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാകാം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടതെന്ന ഇതിഹാസ താരം സുനില്‍ ഗാവസ്‌കറുടെ വിലയിരുത്തല്‍ തള്ളി ഋഷഭ് പന്ത്. ‘പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും’- എക്‌സിലൂടെയാണ് ഋഷഭ് പന്ത് സുനില്‍ ഗാവസ്‌കറിന് മറുപടി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നു പന്ത്. വാഹനാപകടത്തില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സില്‍ മടങ്ങിയെത്തിയ ഋഷഭ് പന്ത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താത്ത മാര്‍ക്വീ താരങ്ങളില്‍ ഒരാളാണ്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചാണ് ഐപിഎല്‍ ലേലം നടക്കുന്നത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള താരങ്ങളില്‍ ഒരാളായിരിക്കും ഋഷഭ് പന്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് ഒരിക്കല്‍ കൂടി പന്തിനെ മടക്കി കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് പറഞ്ഞ് സുനില്‍ ഗാവസ്‌കര്‍ നടത്തിയ വിലയിരുത്തലിനാണ് ഋഷഭ് പന്ത് മറുപടി നല്‍കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുന്നതിനിടെയാണ് ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താതിരുന്നതിനുള്ള കാരണം സംബന്ധിച്ച് ഗാവസ്‌കര്‍ വിശദീകരിച്ചത്. ഫ്രാഞ്ചൈസിയും കളിക്കാരനും തമ്മില്‍ ഫീസിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായത് കൊണ്ടാകാം ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താതിരുന്നത് എന്നാണ് തന്റെ നിഗമനമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

‘ലേലത്തിന്റെ ചലനാത്മകത തീര്‍ത്തും വ്യത്യസ്തമാണ്. അത് എങ്ങനെ പോകുമെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ല. എന്നാല്‍ എനിക്ക് തോന്നുന്നത് ഋഷഭ് പന്തിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡല്‍ഹി തീര്‍ച്ചയായും ആഗ്രഹിക്കുമെന്നാണ്. ചിലപ്പോള്‍, ഒരു കളിക്കാരനെ നിലനിര്‍ത്തേണ്ടിവരുമ്പോള്‍, ഫ്രാഞ്ചൈസിയും കളിക്കാരനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇവിടെ ഒരുപക്ഷേ തനിക്ക് വിലയിട്ടിത് പോരാ എന്ന് താരത്തിന് തോന്നിയാല്‍ തന്നെ ഒഴിവാക്കാന്‍ പറയാം. ഫീസിനെ ചൊല്ലി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം,’- ഗാവസ്‌കര്‍ പറഞ്ഞു.

‘പന്ത് പട്ടികയില്‍ ഇല്ലെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റനെ തേടേണ്ടിവരും. എന്റെ തോന്നല്‍ ഡല്‍ഹിക്ക് തീര്‍ച്ചയായും പന്തിനെ തിരികെ വേണം, കാരണം അവര്‍ക്ക് ഒരു ക്യാപ്റ്റന്‍ കൂടി വേണം. ഋഷഭ് പന്ത് അവരുടെ ടീമില്‍ ഇല്ലെങ്കില്‍, അവര്‍ ഒരു പുതിയ ക്യാപ്റ്റനെ നോക്കേണ്ടി വരും. എന്റെ തോന്നല്‍ ഡല്‍ഹി തീര്‍ച്ചയായും ഋഷഭ് പന്തിന് വേണ്ടി ശ്രമിക്കും’- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടയച്ച പന്ത് ലേലത്തില്‍ ഇറങ്ങുമ്പോള്‍ താരത്തിനായി വമ്പന്‍ ലേലം വിളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മുതല്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ച 27-കാരന്‍ 3284 റണ്‍സ് നേടിയിട്ടുണ്ട്.

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 442 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ST 227485 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SS 667268 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.