സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ “അൽ ഇത്ഖാൻ ‘ പ്രോഗ്രാം സമാപിച്ചു

സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ “അൽ ഇത്ഖാൻ ‘ പ്രോഗ്രാം സമാപിച്ചു

പാലോട്: സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടിയായ ‘അൽ ഇത്ഖാൻ’ പ്രോഗ്രാം സമാപിച്ചു. കൊല്ലായിൽ നടന്ന പരിപാടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെ രണ്ട് വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം.

യോഗത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ അംഗം സിറാജുദ്ദീ പാങ്ങോട്, കൊല്ലായിൽ സലഫി ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കലയപുരം അൻസാരി, വിസ്ഡം യൂത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൻസാറുദ്ദിൻ സ്വലാഹി, സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ അഡ്മിൻ സൈഫുദ്ദീൻ അബ്ദുൾ വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.

സരസ്വതി ദക്ഷിണയും കുടുംബസംഗമവും സംഘടിപ്പിച്ചു

സരസ്വതി ദക്ഷിണയും കുടുംബസംഗമവും സംഘടിപ്പിച്ചു

ഭാരതീയ വിചാരകേന്ദ്രം ആറ്റിങ്ങൽ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ
സരസ്വതി ദക്ഷിണയും കുടുംബസംഗമവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ എൻ.എസ്.എസ്. കരയോഗം ഹാളിൽ (വീരകേരളപുരം) നടന്ന പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ ഡയറ്റ് റിട്ട.പ്രിൻസിപ്പൽ ഡോ.ഷീജ.റ്റി.ആർ ഭദ്രീപം കൊളുത്തി നിർവഹിച്ചു. അശോകൻ കായിക്കര അദ്ധ്യക്ഷനായി. തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രം ജില്ല വൈസ് പ്രസിഡന്റ് പ്രവീൺ.എസ് മുഖ്യപ്രഭാഷണം നടത്തി.

ഉണ്ണി വീരളം, കവി വർക്കല ഗോപാലകൃഷ്ണൻ, നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ്. മാനേജർ ബൈജു.ജി.എസ്, ഡോ.ആർ.മായലേഖ, പൊതുപ്രവർത്തകനായ രാജേഷ് മാധവൻ, യോഗ മാസ്റ്റർ രമേഷ്, കാവ്യരാജു തുടങ്ങിയവർ പങ്കെടുത്തു.

ചരിത്രം കുറിച്ച് ഐഎസ്ആർഒ: മസ്കിന്റെ ഫാൽക്കണിൽ പറന്നുയർന്ന് ജിസാറ്റ് 20; വിക്ഷേപണം വിജയം

ചരിത്രം കുറിച്ച് ഐഎസ്ആർഒ: മസ്കിന്റെ ഫാൽക്കണിൽ പറന്നുയർന്ന് ജിസാറ്റ് 20; വിക്ഷേപണം വിജയം

ഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

നീറ്റ് യുജി: സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നാളെ മുതല്‍; അലോട്ട്‌മെന്റ് 23 ന്

നീറ്റ് യുജി: സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നാളെ മുതല്‍; അലോട്ട്‌മെന്റ് 23 ന്

ഡല്‍ഹി: കേന്ദ്ര/ കല്‍പ്പിത സര്‍വകലാശാലകളിലെ എംബിബിഎസ്/ബിഡിഎസ്/ ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കന്‍സി സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നടപടികള്‍ നാളെ ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ( നവംബര്‍ 20) രാവിലെ 10 നാണ് നടപടികള്‍ ആരംഭിക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ ഫീസ് അടയ്ക്കാം. വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ ചോയിസ് ഫില്ലിങ് / ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. സീറ്റ് അലോട്ട്‌മെന്റ് നവംബര്‍ 23ന് പ്രഖ്യാപിക്കും.

നീറ്റ് യു.ജി 2024 റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്. സീറ്റ് ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 30 വൈകീട്ട് അഞ്ച് മണിവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് www.mcc.nic.ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 25നും 29നും ഇടയില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവേശനം നേടുന്നതിന് ഡിസംബര്‍ അഞ്ചുവരെ സമയം ലഭിക്കുന്നതാണ്.

റേഷന്‍ കടകള്‍ ഇന്ന് തുറക്കില്ല; കടകളടച്ച് വ്യാപാരികളുടെ സമരം

റേഷന്‍ കടകള്‍ ഇന്ന് തുറക്കില്ല; കടകളടച്ച് വ്യാപാരികളുടെ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ റേഷന്‍ വ്യാപാരികളുടെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പണം അനുവദിക്കുമ്പോള്‍, റേഷന്‍ വ്യാപാരികളോട് മാത്രം ധനവകുപ്പ് ചിറ്റമ്മ നയം പുലര്‍ത്തുകയാണെന്ന് സമരപ്രഖ്യാപനം നടത്തിയ ജോണി നെല്ലൂര്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.