ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ആരുടെയും പരിക്ക് ​ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അമ്പതിലധികം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി ഉറപ്പാക്കണം

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി ഉറപ്പാക്കണം

തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നവംബര്‍ 20ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌നാ നസറുദ്ദീന്‍ അറിയിച്ചു.

വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വല്‍/ ദിവസവേതനക്കാര്‍ അടക്കമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം.

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

പാലക്കാട് ആവേശ കൊടുങ്കാറ്റ്, പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

പാലക്കാട് ആവേശ കൊടുങ്കാറ്റ്, പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത്.

പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ തങ്ങളുടേതാക്കാന്‍ മത്സരിക്കുകയായിരുന്നു മുന്നണികള്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.

കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ ഉച്ചയോടെ ആരംഭിച്ചു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കലാശക്കൊട്ടു നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണിയുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നാളത്തെ നിശബ്ദ പ്രചാരണത്തോടെ അവസാനിക്കും.ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്.

വരാനിരിക്കുന്നത് കൊടും വരള്‍ച്ചയോ? എല്‍ നിനോയ്ക്ക് ശേഷവും രക്ഷയില്ല; ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവ്, റിപ്പോര്‍ട്ട്

വരാനിരിക്കുന്നത് കൊടും വരള്‍ച്ചയോ? എല്‍ നിനോയ്ക്ക് ശേഷവും രക്ഷയില്ല; ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവ്, റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: നാസ- ജര്‍മ്മന്‍ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവുണ്ടായെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന പഠനം സര്‍വേയ്‌സ് ഇന്‍ ജിയോഫിസിക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതല്‍ 2023 വരെയുള്ള സാറ്റലൈറ്റ് കണക്കുകള്‍ പറയുന്നത് ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും ഉള്‍പ്പെടെ കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ലെ ശരാശരിയേക്കാള്‍ 290 ക്യുബിക് മൈല്‍സ് കുറവാണെന്നാണ്.

നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റോഡെല്‍ ശുദ്ധജലത്തിന്റെ ഈ നഷ്ടം എറി തടാകത്തിന്റെ രണ്ടര ഇരട്ടിയായി കണക്കാക്കി. ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്സ്പെരിമെന്റ് (ഗ്രേസ്) ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ജലത്തിന്റെ പിണ്ഡത്തിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചും പഠനം കണ്ടെത്തി.

ബ്രസീലിലെ കടുത്ത വരള്‍ച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത്, തുടര്‍ന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരള്‍ച്ചയുണ്ടായി. ഗവേഷകര്‍ ഈ സംഭവങ്ങളെ ചൂടേറിയ സമുദ്ര താപനിലയുമായും 2014 മുതല്‍ 2016 വരെയുള്ള എല്‍ നിനോ സംഭവങ്ങളുമായും ബന്ധപ്പെടുത്തി.

എന്നാല്‍ എല്‍ നിനോ പ്രതിഭാസത്തിന് ശേഷവും ആഗോള ശുദ്ധജലനിരപ്പ് പഴയനിലയില്‍ എത്തിയില്ല. നിരന്തരമായ ഈ ജലശോഷണത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാണ്. ആഗോളതാപനം അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു, ഇത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകുന്നു. എന്നാല്‍ മഴയ്ക്കിടെണ്ടാകുന്ന വരണ്ട കാലാവസ്ഥ മണ്ണിനെ ഫലപ്രദമായി വെള്ളം ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.

വ്യാജപ്രചാരണം അവഗണിക്കണം; അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല: വിജയ്‌യുടെ ടിവികെ

വ്യാജപ്രചാരണം അവഗണിക്കണം; അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല: വിജയ്‌യുടെ ടിവികെ

എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിർദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി.

80 നിയമസഭാ സീറ്റും, ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം. പാർട്ടിയുടെ ആദ്യ പൊതുയോഗത്തില്‍ തന്റെ രാഷ്ട്രീയ എതിരാളിയായി ഭരണകക്ഷിയായ ഡിഎംകെയേയും പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയേയുമാണ് പ്രഖ്യാപിച്ചത്. എഐഎഡിഎംകെയുക്കുറിച്ച് വിമര്‍ശനമൊന്നും നടത്തിയിരുന്നില്ല. ഇതോടെയാണ് ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പൂർണമായും തള്ളിയിരിക്കുകയാണ് ടിവികെ.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം. ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു

അതേസമയം വിജയ്‌യുടെ പാര്‍ട്ടിയെ വിമര്‍ശിക്കാത്ത നിലപാടായിരുന്നു എഐഎഡിഎംകെ സ്വീകരിച്ചിരുന്നത്. ഇതും സഖ്യസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. വിജയ്‌യെ വിമര്‍ശിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്ക് എഐഎഡിഎംകെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ

2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ

സീനിയർ താരങ്ങളില്ലാതെ കുട്ടി ക്രിക്കറ്റിന്റെ ലോകത്ത് നിറഞ്ഞാടുകയാണ് ടീം ഇന്ത്യ. സൂര്യകുമാർ യാദവിന് കീഴിൽ യുവതാരങ്ങളുടെ മിന്നും പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയോടെ ടീം ഇന്ത്യയുടെ ഈ വർഷത്തെ മത്സരങ്ങൾക്ക് അവസാനമായിരിക്കുന്നു. ഈ വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾക്ക് മാറ്റ് കൂട്ടി 11 വർഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം മണ്ണിലെത്തിച്ച ഐസിസി ടി20 കിരീടവുമുണ്ട്.

2024-ൽ ടി20യിൽ 26 മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് 24 മത്സരങ്ങളിലും ജയം. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയായിരുന്നു തോൽവി. 92.31വിജയശതമാനത്തോടെയാണ് ഈ കലണ്ടർ വർഷം ഇന്ത്യ പരമ്പരകൾ അവസാനിപ്പിച്ചിരിക്കുന്നത്. ടി20-യിലെ ഏതൊരു ടീമിൻ്റെയും എക്കാലത്തെയും ഉയർന്ന വിജയശതമാനമാണിത്. 2018-ൽ പാകിസ്താൻ 19 മത്സരങ്ങളിൽ നിന്ന് 17 ജയിച്ച് സ്വന്തമാക്കിയ 89.47 വിജയശതമാനവും ടീം ഇന്ത്യ മറികടന്നു. ടി20 യിൽ തമിഴ്നാടിന്റെ പേരിലുള്ള ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. 2021-ൽ 16-ൽ 15 മത്സരവും ജയിച്ചതോടെ ലഭിച്ച 93.75 ശതമാനം വിജയമാണ് ഇന്ത്യക്കിനി തകർക്കേണ്ടത്.

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ടി20 ലോകകപ്പ് ഉൾപ്പെടെ ഈ വർഷം കളിച്ച എല്ലാ രാജ്യാന്തര ടി20 പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയായിരുന്നു ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.

കരീബിയൻ മണ്ണിൽ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിന് പിന്നാലെയാണ് കുട്ടി ക്രിക്കറ്റിൽ നിന്ന് വിരാട് കോലിയും രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയുമെല്ലാം വിരമിക്കൽ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് ടീം ഇന്ത്യയുടെ നായകനായെത്തി. മികച്ച പ്രകടനവുമായി പരമ്പരകളിൽ യുവതാരങ്ങളും നിറഞ്ഞ് നിന്നു. കൂടുതൽ സെഞ്ചറികൾ, ബൗണ്ടറികൾ, ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോർഡും ഇനി ഇന്ത്യക്ക് സ്വന്തം. 7 സെഞ്ച്വറികളാണ് 2024-ൽ ഇന്ത്യൻ താരങ്ങൾ നേടിയത്. സഞ്ജു സാംസൺ (3), തിലക് വർമ്മ (2), രോഹിത് ശർമ്മ (1), അഭിഷേക് ശർമ്മ (1) എന്നിവരാണ് സെഞ്ച്വറി നേടിയത്.

ഈ വർഷം നേരിട്ട ഓരോ 4.68 പന്തിലും ബൗണ്ടറി കണ്ടെത്തിയ ഇന്ത്യ, ഓരോ 12.9 പന്തിലും സിക്സറും പറത്തിയാണ് റെക്കോർഡിട്ടത്. ഒരു ഓവറിൽ ഈ വർഷം ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത് ശരാശരി 9.55 റൺസ്. ഇനി മറികടക്കാനുള്ളത് ഓസ്ട്രേലിയയെ. ഈ വർഷം ഒരു ഓവറിൽ ഓസ്ട്രേലിയൻ താരങ്ങൾ നേടിയത് 9.72 റൺസ് വീതം.

ഇന്ത്യൻ ടി20 ടീമിന്റെ റൺവേട്ടയിൽ സമ​ഗ്ര സംഭവാനയുമായി തിളങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിട്ടും ഒരു മത്സരത്തിൽ പോലും രാജ്യത്തിനായി പാഡണിയാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും 12 ഇന്നിം​ഗ്സുകളിൽ നിന്ന് 436 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഓപ്പണറായി പ്രെമോഷൻ ലഭിച്ച 9 ഇന്നിം​ഗ്സുകളിൽ നിന്ന് നേടിയത് 461 റൺസും. രാജ്യന്തര ടി20യിൽ മൂന്ന് സെഞ്ച്വറികളെന്ന നേട്ടം സഞ്ജുവിന് ഉണ്ടെങ്കിലും ഈ കലണ്ടർ വർഷം 5 ഡക്കുകളെന്ന നാണക്കേടിന്റെ റെക്കോർഡും സഞ്ജുവിന്റെ പേരിലുണ്ട്. വിരാട് കോലി, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവരാണ് സഞ്ജുവിന് പിന്നിലുള്ളത്.

11 ഇന്ത്യൻ താരങ്ങളാണ് ഈ കലണ്ടർ വർഷം 200ന് മുകളിൽ റൺസ് നേടിയത്. ഇതിൽ എട്ടു പേരുടെയും സ്ട്രൈക്ക് റേറ്റ് 150-ന് മുകളിലാണെന്നത് ശ്രദ്ധേയം. തിലക് വർമ്മ (306 റൺസ്), സഞ്ജു സാംസൺ (436 റൺസ്), യശസ്വി ജയ്‌സ്വാൾ (293 റൺസ്) എന്നിവരെല്ലാം പട്ടികയിലുണ്ട്. ബൗളർമാരുടെ വർഷം കൂടിയായിരുന്നു 2024. 26 മത്സരങ്ങളിൽ 10-ലും ഇന്ത്യ എതിരാളികളെ ഓൾഔട്ടാക്കി. 18 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുമായി അർഷ്ദീപ് സിം​ഗാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ തലപ്പത്ത്. ഈ കലണ്ടർ വർഷം ഇന്നിം​ഗ്സിൽ ശരാശരി 8.33 വിക്കറ്റുകളെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 3 തവണ നൂറിലധികം റൺസിന് ഇന്ത്യ ജയിക്കുകയും ചെയ്തു. രാജ്യാന്തര ടി20യിൽ നേടിയ രണ്ട് പത്ത് വിക്കറ്റ് ജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയതും ഈ വർഷമാണ്.