ഇങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും, മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടക്കില്ല; തിരുവമ്പാടി ദേവസ്വം

ഇങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും, മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടക്കില്ല; തിരുവമ്പാടി ദേവസ്വം

തൃശൂര്‍: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററെന്നും ആനയും മനുഷ്യരും തമ്മിലുള്ള അകലം എട്ടുമീറ്ററെന്നും നിജപ്പെടുത്തിയാല്‍ പൂരം മാറ്റേണ്ടി വരും. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്ററാണ്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുതെന്നും ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമര്‍ശിച്ചു.

ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.

ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

‘ഇനി അല്‍പ്പം മുന്നേറ്റമാകാം’; സ്വര്‍ണവില ഉയര്‍ന്നു, 55,500ന് മുകളില്‍

‘ഇനി അല്‍പ്പം മുന്നേറ്റമാകാം’; സ്വര്‍ണവില ഉയര്‍ന്നു, 55,500ന് മുകളില്‍

കൊച്ചി: മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കൈയില്‍ കരുതുക, വ്യായാമം ചെയ്യുക; ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കൈയില്‍ കരുതുക, വ്യായാമം ചെയ്യുക; ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കേ, വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്

സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

04735 203232 എന്ന നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

മലമൂത്രവിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 547 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PY 872247 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PO 305248 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ൽ ഫലം ലഭ്യമാകും. ടിക്കറ്റ് വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടര്‍മാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)

തിരുവനന്തപുരം – ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് – 19.കരിക്കാമന്‍കോഡ്

കൊല്ലം – ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് – 08.നടുവിലക്കര, ജി.11 കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത് – 05.തെറ്റിമുറി, ജി.27 ഏരൂര്‍ ഗ്രാമപഞ്ചായത്ത് – 17.ആലഞ്ചേരി, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 12.കോയിവിള തെക്ക്, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 22.പാലക്കല്‍ വടക്ക്, ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് – 05.പൂങ്കോട്.

പത്തനംതിട്ട -ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് – 13.ഇളകൊള്ളൂര്‍, ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12.വല്ലന, – ജി.10 നിരണംഗ്രാമപഞ്ചായത്ത് – 07.കിഴക്കുംമുറി, ജി.17 എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് – 05.ഇരുമ്പുകുഴി, ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12.പുളിഞ്ചാണി.

ആലപ്പുഴ – ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് – 01.വളവനാട്, ജി.66 പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് – 12.എരുവ.

കോട്ടയം – എം.64 ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ – 16.കുഴിവേലി, ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 03.ഐ.റ്റി.ഐ

ഇടുക്കി – ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് – 02.കഞ്ഞിക്കുഴി, ജി.27 കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 09.പന്നൂര്‍

തൃശ്ശൂര്‍ – എം.34 കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ – 41.ചേരമാന്‍ മസ്ജിദ്, ജി.07 ചൊവ്വന്നൂര്‍ഗ്രാമപഞ്ചായത്ത് – 03.പൂശപ്പിള്ളി, ജി.44 നാട്ടികഗ്രാമപഞ്ചായത്ത് – 09.ഗോഖലെ

പാലക്കാട് – ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09. ചാലിശ്ശേരി മെയിന്‍ റോഡ്, ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് – 04.കോഴിയോട്, ജി.65 കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് – 13.കോളോട്

മലപ്പുറം – ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് – 31.തൃക്കലങ്ങോട്, എം.46 മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ – 49.കരുവമ്പ്രം, ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22.മരത്താണി, ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് – 18.പെരുമുക്ക്

കോഴിക്കോട് – ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 18.ആനയാംകുന്ന് വെസ്റ്റ്.

കണ്ണൂര്‍- ജി.02 മാടായി ഗ്രാമപഞ്ചായത്ത് – 06.മാടായി, ജി.75 കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് – 06.ചെങ്ങോം