by Midhun HP News | Nov 15, 2024 | Latest News
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ആണ് വര്‍ധിപ്പിച്ചത്. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് ഇത് ബാധകമാകുക.
മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് വര്‍ധിക്കുക. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് ഉയര്‍ത്തിയത്.
ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരും.പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ബാങ്ക് നല്കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്.
by Midhun HP News | Nov 15, 2024 | Latest News
കണ്ണൂര്‍ കേളകം മലയാംപടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ പുലര്‍കാലെ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനിബസ് താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറഞ്ഞത്. അപകടത്തില്‍ രണ്ട് പേര് മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാലോടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്
by Midhun HP News | Nov 15, 2024 | Latest News
കീഴാതിൽ വീട്ടിൽ വസുമതി (80) നിര്യാതയായി.
ഭർത്താവ്: സദാശിവൻ(പരേതൻ)
മക്കൾ: ബാബു, വിനി, സിനി, മിനി
സഞ്ചയനം: 17/ 11/ 2024(ഞായർ)
by Midhun HP News | Nov 15, 2024 | Latest News
തൃശൂര്‍: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററെന്നും ആനയും മനുഷ്യരും തമ്മിലുള്ള അകലം എട്ടുമീറ്ററെന്നും നിജപ്പെടുത്തിയാല്‍ പൂരം മാറ്റേണ്ടി വരും. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്ററാണ്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുതെന്നും ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമര്‍ശിച്ചു.
ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.
ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
by Midhun HP News | Nov 15, 2024 | Latest News
കൊച്ചി: മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
by admin | Nov 14, 2024 | Latest News
തിരുവനന്തപുരം: നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കേ, വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്ട്രോള് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്
മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്
സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
04735 203232 എന്ന നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
മലമൂത്രവിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക
പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്
Recent Comments