by Midhun HP News | May 8, 2026 | Latest News, കേരളം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച നാല് പേര്‍ അറസ്റ്റില്‍. പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ പ്രദീഷ് (51), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി ശൂലം പറമ്പില്‍ വീട്ടില്‍ അനൂപ് (38), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ ലാലു മോഹന്‍ (40), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ അരുണ്‍ (56) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം, കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുക, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് 6-ന് രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്‍ക്കിടയില്‍ വെച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇത് ചോദ്യം ചെയ്ത പരാതിക്കാരിക്ക് നേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്ത് മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റവകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന്‍ പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ദിലീഷ് ടി, എസ്ഐ അബിലാഷ് ടി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | May 8, 2026 | Latest News, കേരളം
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി അഞ്ജലി നായര്‍. എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ വാങ്ങിയെന്നും അവരെയൊന്നും വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രതികരണ വിഡിയോയില്‍ അഞ്ജലിയ്‌ക്കൊപ്പം ഭര്‍ത്താവുമുണ്ട്. ആ വാക്കുകളിലേക്ക്:
ഈ പോസ്റ്റ് വായിച്ചപ്പോള്‍ കുറച്ച് കടന്നു പോയി എന്ന് ഞങ്ങള്‍ക്കും തോന്നി. എന്തെങ്കിലും ഇടുമ്പോള്‍ കുറച്ച് പഠിച്ചും മനസിലാക്കിയും ഇടുന്നത് നിങ്ങള്‍ക്കും നന്നായിരിക്കും. ‘ ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി. ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല. ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല-അഞ്ജലി മേനോന്‍’ എന്നാണ് പറയുന്നത്. പേര് പോലും പാളിച്ചയായി.
ഈ കണക്ക് ഇട്ട സഹോദരന് ഇത് എവിടെ നിന്നും കിട്ടിയെന്ന് അറിയില്ല. ഒരുത്തനേയും വെറുതെ വിടില്ലെന്നാണ് പറയുന്നത്. ഇത് ഇട്ടയാളെ മാത്രമേ വെറുതെ വിടില്ല എന്ന് ഞാന്‍ മനസു കൊണ്ട് വിചാരിക്കുന്നുള്ളൂ. ഞാന്‍ മനസിലാക്കുന്നത് എന്താണെന്ന് വച്ചാല്‍, വളരെ പണ്ടൊരു വിഡിയോ ഇട്ടിരുന്നു. രാഷ്ട്രീയത്തിലൊക്കെ വരുന്നതിന് മുമ്പ്. പലരേയും പലപ്പോഴുമായി 35 ലക്ഷം രൂപയ്ക്ക് സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്. അതൊന്നും തിരിച്ചു കിട്ടിയിട്ടുമില്ല. പല അഭിമുഖങ്ങളിലും അത് പറഞ്ഞിട്ടുണ്ട്.
അത് വച്ച് തെരഞ്ഞെടുപ്പില്‍ 35 ലക്ഷം ചെലവാക്കിയെന്നും അത് തിരിച്ചു കിട്ടിയില്ലെന്നൊക്കെ പറഞ്ഞ് എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിങ്ങള്‍ക്ക് എന്ത് സുഖമാണ് ഇങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ കിട്ടുന്നത്? എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പറയുന്നത്. തോറ്റ എംഎല്‍എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത് എന്ന് കമന്റുകള്‍ വരും. പക്ഷെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല. ഒരു പോസ്റ്റ് ഇടുമ്പോള്‍ അതേക്കുറിച്ച് പഠിച്ച് വ്യക്തത വരുത്തിയതിന് ശേഷം വേണം ഇടാന്‍. ഇതുപോലുള്ള മണ്ടത്തരങ്ങള്‍ ഇടാന്‍ നില്‍ക്കരുത്.
സിനിമ ഇല്ലാത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നതെന്ന് ഒരുപാട് പേര്‍ പറയുന്നത് കണ്ടു. തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ ചെയ്തു കൊണ്ടിരിക്കെ നല്ല വൃത്തിയില്‍ ആലോചിച്ച് എടുത്ത തീരുമാനമാണ് രാഷ്ട്രീയത്തിലേക്ക് വരികയെന്നത്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ വന്നത്. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വെക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സത്യം മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക.

by Midhun HP News | May 8, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ലോക്ഭവന് (രാജ്ഭവൻ) മുന്നിൽ ടിവികെ പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു.
“വിജയ്‌യെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടരും” പ്രതിഷേധത്തിനിടെ ടിവികെ പ്രവർത്തകനായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിജയ്‌യെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇതിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുമെന്നും ജനവിധി മാനിക്കാൻ ഗവർണർ തയ്യാറാകണമെന്നും ടിവികെ ആവശ്യപ്പെട്ടു.
രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഗവർണറെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങി. ചെന്നൈയിലും മധുരയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ അനിശ്ചിതത്വത്തിനിടയിലാണ് പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ ബന്ധം ഉപേക്ഷിച്ചുകൊണ്ട് കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനിടെ വിജയ്‌യെ സത്യജ്രതിജ്ഞക്ക് ക്ഷണിക്കാത്തതിനെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടന്നു. ഡിഎംകെയോ എഐഎഡിഎംകെയോ ഭരണം പിടിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ 107 എംഎൽഎമാരും കൂട്ടമായി രാജിവെക്കുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത രൂക്ഷമാക്കി പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് വിജയ്‌യുടെയും പാർട്ടിയുടെയും നീക്കമെന്നാണ് സൂചന.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ മറ്റ് പാർട്ടികൾക്ക് അവസരം നൽകാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് വിജയ്‌യുടെ പാർട്ടിയുടെ ഈ കടുത്ത നീക്കം. തങ്ങളെ പുറത്തിരുത്തി ഡിഎംകെയോ എഐഎഡിഎംകെയോ കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കാൻ ശ്രമിച്ചാൽ, 107 എംഎൽഎമാരും രാജിവെച്ച് സഭയിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
രണ്ട് വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികളുടെ നിലപാട് ഇപ്പോൾ ഏറെ നിർണ്ണായകമാണ്. ഈ ആറ് എംഎൽഎമാർ കൂടി പിന്തുണച്ചാൽ വിജയ്‌ക്ക് 118 എന്ന മാന്ത്രിക സംഖ്യ കടക്കാം. ഇവർ നിലവിൽ ചെന്നൈയിൽ എക്സിക്യൂട്ടീവ് യോഗങ്ങൾ ചേരുകയാണ്. ഇതിനിടെ, സഖ്യം വിട്ട കോൺഗ്രസിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നവർക്കൊപ്പമല്ല തങ്ങളെന്നും എംകെ സ്റ്റാലിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

by Midhun HP News | May 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതായി കാലാവസ്ഥ വകുപ്പ്. മധ്യ- തെക്കന്‍ ജില്ലകളില്‍ മഴശക്തമാകുമെന്നാണ് അറിയിപ്പ്. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നാളെ ( ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകലിലും, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദേശം
09/05/2026 & 10/05/2026: കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

by Midhun HP News | May 8, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഹാന്റാ വൈറസ് ബാധ പടരുന്ന എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് ആണ് സ്ഥീരികരിച്ചത്. കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ ഇന്ത്യക്കാര്‍ക്ക് രോഗബാധയോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അറിയിപ്പുണ്ടായിട്ടില്ല. പരിശേധനകള്‍ നടത്തിയിട്ടുണ്ടോ, സുരക്ഷാ സംവിധാനങ്ങളുണ്ടോ തുടങ്ങി നിരവധി ആശങ്കകളും നിലനില്‍ക്കുകയാണ്. മെയ് 11 ന് കപ്പല്‍ സ്‌പെയ്‌നിലെ ടെനറൈഫില്‍ എത്തിയാല്‍ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില എന്തെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
കപ്പലില്‍ ഇതിനകം 3 യാത്രക്കാര്‍ മരണപ്പെടുകയും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സൂറിച്ചിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കപ്പലില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കപ്പലിന്റെ താഴ്ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇന്ത്യക്കാരായ രണ്ടുപേരും എന്നാണ് സൂചന. കപ്പലിലെ 149 യാത്രക്കാരില്‍ 61 പേര്‍ കപ്പല്‍ ജീവനക്കാരാണ്. 38 ഫിലിപ്പീന്‍ പൗരന്മാരും 5 യുക്രൈന്‍ പൗരന്മാരും 5 നെതര്‍ലാന്റ് പൗരന്മാരും കപ്പലില്‍ ജോലിചെയ്യുന്നുണ്ട്.അര്‍ജന്റീനയില്‍ ഏപ്രില്‍ ഒന്നിനു നടന്ന പക്ഷിനിരീക്ഷണ യാത്രക്കിടെയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അവിടത്തെ എലികളുടെ വിസര്‍ജ്യങ്ങളില്‍നിന്നുള്ള സൂക്ഷ്മകണങ്ങള്‍ ശ്വസിച്ചതാകാം രോഗകാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള ‘ആന്‍ഡീസ് സ്‌ട്രെയി’നാണ് കപ്പലില്‍ കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗത്തിന്റെ മരണസാധ്യത 50 ശതമാനമാണ്. വൈറസിന് പ്രതിരോധ മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.
വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം എട്ട് ആഴ്ചവരെ ആയതുകൊണ്ട് രോഗബാധ ഇനിയും റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.

by Midhun HP News | May 8, 2026 | Latest News, കേരളം
മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്‌നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജി ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവില്‍ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും കെ എം ഷാജി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരില്‍ ലീഗിന്റെ പ്രതിനിധിയായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് കെഎം ഷാജി.
വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നത്, ആ വകുപ്പില്‍ ‘വര്‍ഗീയ താല്പര്യങ്ങള്‍’ ശക്തിപ്പെടുത്തുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബിജെപി നേതാവും, കഴക്കൂട്ടത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയുമായ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മുരളീധരന്റെ ഇത്തരം പരാമര്‍ശങ്ങള്‍ യുഡിഎഫിനുള്ളില്‍ ലീഗിന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കെഎം ഷാജി പ്രതികരിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിച്ചിരുന്നെങ്കില്‍ പോലും, മുരളീധരന്റെ പ്രസ്താവനയോടെ അവര്‍ അത് മാറ്റിച്ചിന്തിക്കുമെന്ന് ഷാജി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് വെള്ളാപ്പള്ളി നടേശന്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ മുരളീധരന്‍ ചെയ്യുന്നത്. വെള്ളാപ്പള്ളി ഞങ്ങളെ രാഷ്ട്രീയമായി ആക്രമിച്ചപ്പോഴെല്ലാം അത് ഞങ്ങളെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. മുരളീധരനും അതേ പാതയിലാണ് സഞ്ചരിക്കുന്നത്.’ കെ എം ഷാജി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന് പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചതാണ്. വിദ്യാഭ്യാസ വകുപ്പ് പോലെ രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വകുപ്പ് കൈവശം വെക്കുന്നത് തിരിച്ചടിയാകുമോ എന്ന് ലീഗ് നേതൃത്വത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, മുന്‍ യുഡിഎഫ് സര്‍ക്കാരുകളില്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ പ്രധാന വകുപ്പുകളും നിലനിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. അഞ്ച് മന്ത്രിസ്ഥാനങ്ങളില്‍ കുറഞ്ഞതൊന്നും സ്വീകരിക്കുന്ന പ്രശ്‌നമില്ല. കെ എം ഷാജി പറഞ്ഞു.

Recent Comments