ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. തുടർന്ന് ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം കരയ്ക്കെത്തിക്കുകയും ചെയ്തു. സമീപത്തു കണ്ട ബാഗിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നും ആലംകോട് മണ്ണൂർഭാഗം ചരുവിള പുത്തൻ വീട്ടിൽ 58 കാരനായ ബിജു ഗോപാലന്റെ മൃതദേഹമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു.

ഏകദേശം 20 വർഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുന്നയാളാണ് ബിജുവെന്ന് മനസ്സിലാക്കി. തുടർന്ന് ഭാര്യ മൃതദേഹം തിരിച്ചറിയുകയും ബിജു ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കേശവൻ ഗോപാലന്റെയും ലളിതയുടെയും മകനാണ് ബിജു.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

കല്ലമ്പലം: ഡിസിസി നേതൃത്വം ഇടപെട്ട് രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. രാജി വെച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് അയോഗ്യത അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. 24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 12 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടായി. ഇത് പരിഹരിക്കാതെ വന്നതോടെ എൽഡിഎഫിന്റെ 6 മെമ്പർമാരുടെ സഹായത്തോടെ നാല് യുഡിഎഫ് വിമതർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെമ്പറായ ആസിഫ് കടയിലിനെ പിന്തുണച്ചു. എൽഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റ് ആയ റീന ഫസൽ നേരത്തെ രാജി വെച്ചിരുന്നു.

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.

നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.

ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു.

വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം?

വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം?

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 364 റണ്‍സിന് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്.

ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ചായയ്ക്ക് മുന്‍പാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയ റൂട്ടിന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.മൈക്കിള്‍ നെസറിന്റെ പന്തിലാണ് റൂട്ട് ഔട്ടായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നെസര്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് വില്‍ ജാക്സ്, റൂട്ട്, ജോഷ് ടോങ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നെസര്‍ വഹിച്ചത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളത്തില്‍ ഇറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് വാലറ്റത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും 169 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശക്തമായ നിലയിലേക്ക് നീങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് സ്‌കോട്ട് ബോളണ്ട് ആയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ത്തത് ബോളണ്ട് ആണ്. ഹാരി ബ്രൂക്കിനെയാണ് ബോളണ്ട് പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായി.

രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51) ജാക്വസ് കാലിസ് (45) എന്നിവരാണ് തൊട്ടുമുന്നില്‍.

വെള്ളാപ്പള്ളിയെ ചേര്‍ത്തു നിര്‍ത്താന്‍ ബിജെപി; കൂടിക്കാഴ്ച നടത്തി ജാവഡേക്കര്‍

വെള്ളാപ്പള്ളിയെ ചേര്‍ത്തു നിര്‍ത്താന്‍ ബിജെപി; കൂടിക്കാഴ്ച നടത്തി ജാവഡേക്കര്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവഡേക്കര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമർശങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. സന്ദീപ് വാചസ്പതി അടക്കമുള്ള ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ജാവഡേക്കര്‍ക്കൊപ്പമുണ്ടായിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ നീക്കം.

വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാർട്ടി എൻഡിഎ ഘടകകക്ഷിയാണ്.

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ എൽ പി എസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വൈദ്യുതി അപകടരഹിത കേരളം പദ്ധതിയും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും, എക്സെസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ കാമ്പയിനും മൈമും, ആരോഗ്യ വകുപ്പും ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് മായി സഹകരിച്ച് ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചും, എൽ എസ് ജി ഡിയുമായി സഹകരിച്ച് വിജ്ഞാന കേരളം സർവ്വേയും മഹാസഭയും നടത്തി. 26/12നു ആരംഭിച്ച ക്യാമ്പ് 1/1/നാണു സമാപിച്ചത്.