by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാല്‍ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ നിന്ന് കുറച്ചു നല്‍കണമെന്നും നിര്‍ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരിക. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.



by Midhun HP News | Dec 31, 2025 | Latest News, കേരളം
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. “നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ”.- എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് രാവിലെ മുതൽ എത്തുന്നത്.
മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം നടക്കുക. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.



by Midhun HP News | Dec 31, 2025 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക.
ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.



by Midhun HP News | Dec 31, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 99,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 12,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ പവന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 1,02,120 രൂപയില്‍ നിന്നാണ് താഴ്ന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 4800 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.



by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 ഡിസംബര്‍ 29-ന് ആയിരുന്നു പരിപാടി.
മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വാടയ്ക്ക് എടുത്തത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തില്‍ പരിപാടി അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. 10.5 മീറ്റര്‍ ഉയരത്തിലായിരുന്ന വേദിയില്‍ നിന്നാണ് വീണത്. കൈവരി ഉണ്ടായിരുന്നില്ല. 50 സെന്റീമീറ്റര്‍ സ്ഥലമാണ് മുന്‍നിര സീറ്റിനുമുമ്പില്‍ ഉണ്ടായിരുന്നത് . ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചര്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം 10 മിനിറ്റോളം എടുത്താണ് സ്‌റ്റേഡിയത്തിന് പുറത്ത് എത്തിച്ചത് തന്നെ. 9 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാന്‍ മാസങ്ങള്‍ എടുത്തു. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണ്.
സ്റ്റേഡിയം വാടകയ്ക്ക് നല്‍കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.
ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം.



by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ പ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി.
പല ഘട്ടങ്ങളിലും അമ്മയെക്കുറിച്ച് വളരെ വൈകാരികമായി മോഹൻലാൽ പറയുമായിരുന്നു. അമ്മയുടെ കണ്ണിൽ നോക്കിയാണ് ആ സ്നേഹവും വാത്സല്യവും താൻ മനസിലാക്കിയിരുന്നതെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. നടന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന് എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവവും നടൻ പങ്കുെവച്ചിട്ടുണ്ട്.
പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹം നിറഞ്ഞ ഓർമ്മയാണ്. 12 വർഷം മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലേക്ക് മാറിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം.



Recent Comments