by Midhun HP News | Dec 27, 2025 | Latest News, കേരളം
പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയിൽ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.
മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.



by Midhun HP News | Dec 27, 2025 | Latest News, കേരളം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്.
കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍. സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.
ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമാണ് നടക്കുന്നത്. നിയമ നടപടികളെ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത
അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറി 47കാരൻ മരണപ്പെട്ടു. വക്കത്ത് 13-ാം വാർഡിൽ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട് പ്ലാവിൽ നിന്നിറങ്ങവെ കാൽ വഴുതി വീണായിരുന്നു അപകടം. ഭാര്യ:ഡിനു, മക്കൾ: വിജി, ഗീതു
by Midhun HP News | Dec 26, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.
മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 124 റണ്‍സുമായി മടങ്ങി.
കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.
കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു.
നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.
മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.



by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബെവ്‌കോയില്‍ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനമാണ് വര്‍ധന. ഡിസംബര്‍ 24 ന് 114.45 കോടി രൂപയുടെ മദ്യമാണ് വില്‍പന നടത്തിയത്. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബെവ്‌കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും ഈയടുത്തായി പ്രീമിയം കൗണ്ടറുകള്‍ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.



by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആംബുലന്‍സ് ഉദ്ഘാടനച്ചടങ്ങിനായിരുന്നു പോറ്റി എത്തിയത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സെക്രട്ടേറിയറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവി പിടിക്കുന്നതരത്തില്‍ പുറത്തുവന്ന ഫോട്ടോ അടൂര്‍ പ്രകാശ് പ്രചരിപ്പിക്കുന്നത് എഐ ആണെന്നും പോറ്റിയുടെ അടുത്ത് കൂടി നടന്നു പോകുന്ന മറ്റൊരു ഫോട്ടോയുടെ വിവരങ്ങള്‍ താമസിക്കാതെ പുറത്തുവരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പോറ്റിയും ഉള്ള ചിത്രം ചൂണ്ടിക്കാട്ടി ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണം എന്തായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ചോദിച്ചിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ ശബരിമലയുടെ കാര്യം നിങ്ങളെ ഏല്‍പ്പിച്ചുവെന്നും ഇതുപോലെയുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറയുന്നതായിട്ടാണ് തനിക്കു തോന്നിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെതിരെ കേസ് എടുത്തിരുന്നു. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കോണ്‍ഗ്രസ് നേതാവ് പങ്കിട്ടത്. എന്നാല്‍ പിന്നീട് ഇതില്‍ ഒരു ഫോട്ടോ പിന്‍വലിച്ചു. ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കേസെന്നും സുബ്രമണ്യന്‍ പ്രതികരിച്ചു. ഒരു ഫോട്ടോ പിന്‍വലിച്ചത് കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ ഇടാനാണെന്നും സുബ്രമണ്യന്‍ വിശദീകരിച്ചു.



Recent Comments