29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ മിന്നും ബാറ്റിങ്. ഗുജറാത്തിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹിക്കായി കളത്തിലെത്തിയ കോഹ്‌ലി അതിവേഗ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു.

29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും സഹിതം 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. തുടരെ രണ്ടാം പോരിലും സെഞ്ച്വറിയടിക്കുമെന്നു പ്രതീതി ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ ബാറ്റിങ് മുന്നോട്ടു പോയത്. അതിനിടെയാണ് മടക്കം. ആദ്യ മത്സരത്തില്‍ മുംബൈ ജേഴ്‌സിയിലെത്തിയ മുന്‍ നായകനും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ ഹിറ്റ്മാന് തിളങ്ങാനായില്ല. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം. റീനാ സാമുവല്‍ ആദ്യ മൂന്നുവര്‍ഷം അടൂര്‍ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനല്‍കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത്.

മേയര്‍ സ്ഥാനം ഒരുവര്‍ഷം കഴിഞ്ഞാല്‍ വിട്ടുനല്‍കണമെന്ന് പാര്‍ട്ടി അറിയിച്ചതോടെ റീന സാമുവേല്‍ രാജി ഭീഷണി മുഴക്കിയിരുന്നു. പദവി വീതം വെക്കാനുള്ള തീരുമാനമാണ് റീനയെ ചൊടിപ്പിച്ചത്. താന്‍ സീനിയറാണെന്നും മേയര്‍ സ്ഥാനം വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കിയിരുന്നു. അതേസമയം പത്തനംതിട്ട നഗരസഭയില്‍ ആദ്യത്തെ രണ്ടുവര്‍ഷം സിന്ധു അനില്‍ നഗരസഭ അധ്യക്ഷയാകും.മൂന്നാമത്തെ വര്‍ഷം ഗീത സുരേഷ് അധ്യക്ഷപദത്തില്‍ എത്തും. അവസാന രണ്ട് വര്‍ഷം അംബികാ വേണു അധ്യക്ഷയാകും.

തിരുവല്ല നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വര്‍ഷം നഗരസഭ അധ്യക്ഷയാകും. അവസാന ഒരു വര്‍ഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയന്‍ അധ്യക്ഷസ്ഥാനത്തേക്ക് വരും. പന്തളം നഗരസഭയില്‍ സിപിഎമ്മിലെ എം ആര്‍ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും. സിപിഐയുടെ കെ മണിക്കുട്ടന്‍ വൈസ് ചെയര്‍മാന്‍ ആകും.

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആയി കെ. സതിയെ തിരഞ്ഞെടുത്തു

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആയി കെ. സതിയെ തിരഞ്ഞെടുത്തു

കെ സതിയെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആയി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡർ ആയി ബൈജു.കെയും, സെക്രട്ടറിയായി പി എസ് കിരൺനെയും തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥലത്തേക്ക് കിരണും, വൈസ് ചെയർപേഴ്സൺ ആയി മല്ലികയും മത്സരിക്കും.

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർബോർഡ് നടത്തുന്ന രണ്ട് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർബോർഡി​ന്റെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ നടത്തുക.

കയർ ടെക്നോളജിയിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 3, അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 4 എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെ​ന്റർ ആലപ്പുഴ, കയർ ബോർഡ് റീജിയണൽ എക്സ്റ്റെൻഷൻ സെ​ന്റർ, തഞ്ചാവൂർ , തമിഴ്നാട്, കയർബോർഡ് റീജിിയണൽ ഓഫീസ്, ഭുവനേശ്വർ, ഒഡീഷ,കയർ ബോർഡ് റീജിയണൽ ഓഫീസ്, രാജമുന്ദ്രി, ആന്ധ്രപ്രദേശ് എന്നീ കേന്ദ്രങ്ങളിലായിരിക്കും കോഴ്സുകൾ നടത്തുക.

കയർ ടെക്നോളജിയിൽ ആർട്ടിസാൻ- ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 3

ആറ് മാസം കോഴ്സും ഒരു മാസം ഇ​ന്റേൺഷിപ്പുമായിരിക്കും.

കോഴ്സ് കാലയളവ് ഫെബ്രുവരി 26 മുതൽ ജൂലൈ 26 വരെ

യോ​ഗ്യത എഴുതാനുംവായിക്കാനും അറിയുന്ന ആർക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)

അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 4

ഒരു വർഷം കോഴ്സും മൂന്ന് മാസം ഇ​ന്റേൺഷിപ്പും

കോഴ്സ് കാലയളവ് ഫ്രെബ്രുവരി 26 മുതൽ ജനുവരി 27 വരെ

യോ​ഗ്യത അപേക്ഷകർ പ്ലസ് ടു, പ്രീഡി​ഗ്രി അഥവാ തത്തുല്യ യോ​ഗ്യത ജയിച്ചിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)

രണ്ട് കോഴ്സുകൾക്കും പൊതുവായിട്ടുള്ള മാനദണ്ഡങ്ങൾ
പ്രായപരിധി 18 വയസ്സിനും 50 വയസ്സിനും ഇടയിൽ

20% സീറ്റുകൾ എസ് സി, എസ് ടി വിഭാ​ഗത്തിലെ അപേക്ഷകർക്ക് സംവരണം ചെയ്തിരിക്കുന്നു

2008 ലെ കയയർ ഇൻഡസ്ട്രി (ആർ) ചട്ടങ്ങൾ പ്രകാരം കയയർ ഫാക്ടറി, കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻ​ഗണന ഉണ്ടായിരിക്കും

തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപൻഡിന് അർഹരായിരിക്കും

ഭുവനേശ്വർ, തഞ്ചാവൂർ, ആലപ്പുഴ (സ്ത്രീകൾക്ക് മാത്രം) ഹോസ്റ്റൽ സൗകര്യം ലഭിക്കും.

പുറത്ത് താമസിക്കുന്ന അർഹരായ അപേക്ഷകർക്ക് പ്രതിമാസം 500 രൂപ നൽകും. ( ആലപ്പുഴയിൽ പുരുഷന്മാർക്കും, രാജമുന്ദ്രിയിൽ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും)

ആലപ്പുഴയിലെ കയർ ബോർഡ് സെ​ന്ററി​ന്റെ വിലാസം : നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെ​ന്റർ, കയർബോർഡ് കോംപ്ലക്സ്,കലവൂർ, ആലപ്പുഴ, 688522

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2258067

കയർബോർഡ് വെബ്സൈറ്റിൽ ന്യൂസ് അപ്ഡേറ്റ് ലിങ്കിൽ പരിശോധിക്കുക

വയനാട് വണ്ടിക്കടവിലെ ഭീതിയൊഴിഞ്ഞു, മാരനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടില്‍

വയനാട് വണ്ടിക്കടവിലെ ഭീതിയൊഴിഞ്ഞു, മാരനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടില്‍

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന മാരനെ (60) കൊലപ്പെടുത്തിയ കടുവയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് വണ്ടിക്കടവ് മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് ഇന്ന് പുലര്‍ച്ചെ കെണിയില്‍ അകപ്പെട്ടത്.

കഴിഞ്ഞ 20 ന് ആണ് മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കൂടിന് സമീപത്തായി നിരീക്ഷണത്തിന് ലൈവ് കാമറകളും സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കടുവ കൂട്ടിലകപ്പെട്ട വിവരം വനം വകുപ്പ് അധികൃതകര്‍ അറിഞ്ഞത്.

മാരനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വച്ചായിരുന്നു മാരനെ കടുവ ആക്രമിച്ചത്. പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കെണിയില്‍ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായാധിക്യവും പരിക്കുകളുമേറ്റ നിലയിലാണ് കടുവയുള്ളത്. ഇത് തന്നെയാണ് കടുവയെ ഇരതേടാന്‍ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

തിരുവനന്തപുരം: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.

ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.

രാജേഷിനെ തഴയുന്നതില്‍ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാളെയാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. 101 അംഗ നഗരസഭയില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.