ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.

ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.

ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ ഷവാമേഖ് പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് അറിയിപ്പ്. ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്ന് വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച 25 ഡ്രോണുകളും 4 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

മുന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാന്റെ വൈദ്യുതി ശൃംഖലയെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജ്ജ, ജല സംവിധാനങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹോര്‍മുസ് അടച്ചുപൂട്ടി ലോകത്തേക്കുള്ള വാതക, ഇന്ധന വിതരണം തടസപ്പെടുത്തന്ന ഇറാന്റെ നടപടിയെ ഉള്‍പ്പെടെ ജിസിസി സെക്രട്ടറി അപലപിച്ചു. 22 രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാനെതിരെ ജിസിസി രാഷ്ട്രങ്ങൾ പുറത്തിറക്കിയത്.

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ‌ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.

ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവും ശ്യാമളയുടെ പേരിലുണ്ട്. ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവുമുണ്ട്.

പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവുമുണ്ട്. കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം വി ഗോവിന്ദന് ഉള്ളത്.

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ കുടുംബാം​​ഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നി​ഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിൽ ഓർഡർ‌ ചെയ്ത് വരുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാ ഴ്ച രാവിലെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും വെള്ളവും മറ്റും ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം തോന്നിയത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോ​ഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചു നാൾ മുമ്പ് പോയിരുന്നതായും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട് പൊലീസ്.

മരണ വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി കെ മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ‌ പച്ചാളം ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് സംസ്കാരം നടന്നത്.

രണ്ട് മാസം മുമ്പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണ വിവരം പുറത്തു വരുന്നത്. കരൾരോ​ഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴ് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തെ തുടർന്ന് കുടുംബത്തിൽ തർ‌ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബ പ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.

ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടി എന്ന് അലാഡിന്‍ ബോറോജെര്‍ഡി പ്രതികരിച്ചു. ഇറാന്റെ നടപടി കപ്പല്‍ ഗതാഗതത്തെ മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിങ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിന് പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണ്ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധിയാണ് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍, വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം എന്നാണ് ഇറാന്‍ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!’ എന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.

ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു

ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന് ആനുപാതികമായി 545 രൂപയാണ് കുറഞ്ഞത്. 12,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തല്‍ അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.