ദിയയുടെ സ്ഥാപനത്തില്‍ നിന്നു തട്ടിയ പണം കൊണ്ട് ആഡംബര ജീവിതം; ക്രൈം ബ്രാഞ്ച് കുറ്റപത്രം

ദിയയുടെ സ്ഥാപനത്തില്‍ നിന്നു തട്ടിയ പണം കൊണ്ട് ആഡംബര ജീവിതം; ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്‍, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.

വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനേയും പ്രതിചേര്‍ത്തു. രണ്ട് വര്‍ഷം കൊണ്ടാണ് പ്രതികള്‍ ഇത്രയും പണം തട്ടിയെടുത്തത്. ഈ പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണവും വാഹനങ്ങളും ഈ പണം ഉപയോഗിച്ച് ഇവര്‍ വാങ്ങിയിട്ടുമുണ്ട്.

ദിയയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡ് നല്‍കി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വില്‍പ്പനയുടെ പണം ഇവരുടെ ക്യുആര്‍ കോഡിലേക്കു വാങ്ങിയെടുക്കുകയായിരുന്നു.

മൂന്നു ജീവനക്കാരികള്‍ പണം തട്ടിയെന്നു കാണിച്ച് കൃഷ്ണകുമാര്‍ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇവര്‍ക്കെതിരായ പരാതി. ഇതില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസില്‍ അന്വേഷണം തുടരുകയാണ്.

സെന്‍സെക്‌സ് 85,000ന് മുകളില്‍, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ ‘ഗ്രീനില്‍’

സെന്‍സെക്‌സ് 85,000ന് മുകളില്‍, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ ‘ഗ്രീനില്‍’

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും റിസര്‍വ് ബാങ്കിന്റെ ഇടപെടലുമാണ് രൂപയ്ക്ക് കരുത്തായത്.

ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 89ലേക്കാണ് രൂപയൂടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 50 പൈസയുടെ നേട്ടത്തോടെ 89.16 ലാണ് രൂപ ക്ലോസ് ചെയ്തത്. തൊട്ടുമുൻപത്തെ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട ശേഷമാണ് രൂപയുടെ തിരിച്ചുവരവ്. വെള്ളിയാഴ്ച രൂപ 98 പൈസയാണ് ഇടിഞ്ഞത്. 89.66 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് രൂപ അന്ന് താഴ്ന്നത്. തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങള്‍ രൂപയ്ക്ക് കരുത്താകുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 0.33 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 63.16 ഡോളറായാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

സ്വർണാഭരണം തട്ടാൻ മകളും കാമുകനും ചേർന്ന് അമ്മയെ കൊന്നു; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ

സ്വർണാഭരണം തട്ടാൻ മകളും കാമുകനും ചേർന്ന് അമ്മയെ കൊന്നു; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു. 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.

മഴ ശമിച്ചിട്ടില്ല; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

മഴ ശമിച്ചിട്ടില്ല; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. നേരിയ, ഇടത്തരം, ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.

ഇടിമിന്നൽ മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഇന്ന് മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.

ഫൈനലില്‍ ചൈനീസ് തായ്‌പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.

11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.

തായ്‌ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.