by Midhun HP News | Nov 22, 2025 | Latest News, കേരളം
തിരുവനന്തപുരം: പൂജാ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ല. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്.
അടിച്ചാല്‍ എത്ര കിട്ടും
ലോട്ടറി വകുപ്പില്‍ നിന്ന് പല നികുതി കിഴിച്ചാണ് സമ്മാനര്‍ഹന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുക. തുക അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി നല്‍കേണ്ടത് സമ്മാനം അടിച്ചയാളുടെ ഉത്തരവാദിതമാണ്. 12 കോടി രൂപ പൂജ ബംപറടിച്ചാല്‍, സമ്മാനാര്‍ഹന് ഏജന്‍സി കമ്മീഷന്‍ കുറച്ച ശേഷമെ പണം ലഭിക്കുകയുള്ളൂ. 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതായത് 1.2 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും.
ബാക്കി 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 3.24 കോടി രൂപയാണിത്. ഇതിന് ശേഷം 7.56 കോടി രൂപ സമ്മാനാര്‍ഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാര്‍ഹന്‍ നേരിട്ട് അടയ്‌ക്കേണ്ടതാണ് ബാക്കി നികുതി.
50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവര്‍ നികുതിക്ക് മുകളില്‍ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടര്‍ന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഈ തുക ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് നല്‍കേണ്ടത്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി സ്്‌റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ ശരീരത്തിന്റെ പകുതി ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയില്‍ ജോര്‍ജിനെയും കണ്ടെത്തുകയായിരുന്നു.
ജോര്‍ജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോള്‍ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോള്‍ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോര്‍ജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയില്‍ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം പുറത്തറിയാതിരിക്കാന്‍ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡില്‍ കൊണ്ടിടാനായിരുന്നു ജോര്‍ജ് പ്ലാന്‍ ചെയ്തത്. കയര്‍ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോര്‍ജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകര്‍മ സേനക്കാര്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം മതിലില്‍ ചാരി ഉറങ്ങുന്ന നിലയില്‍ ജോര്‍ജിനെ കണ്ടെത്തുകയുമായിരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ ജോർജ് ചാക്ക് തിരക്കി നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആര്‍) യില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗംവിളിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ . എസ്‌ഐആര്‍ നടപടി ആരംഭിച്ചശേഷമുള്ള അഞ്ചാമത്തെ യോഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കണ്ണൂരിലെ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ജോലികള്‍ ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ യോഗത്തിനുശേഷമാണ് പ്രതി ഷേധം നടന്നത്. ഫോം വിതരണത്തിലെ പാളിച്ച, കണ്ടത്താന്‍ കഴിയാത്തവരുടെ എണ്ണം, പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം, പരിശീലനത്തിന്റെ അഭാവം, ഡിജിറ്റൈസ് ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ശനി പകല്‍ 11നാണ് യോഗം.


by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍.
തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ പല വ്യവസ്ഥകളെയും എതിര്‍ത്തതിനാല്‍ തുടര്‍നടപടികള്‍ നീട്ടിവച്ചിരിക്കുകയായിരുന്നു. പുതിയ കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കം പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
‘രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കള്‍ക്ക് നിയമനം, സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും, ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം നിശ്ചിതകാല ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഓവര്‍ടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സാമൂഹിക നീതി എന്നിവ ഉറപ്പാക്കുമെന്ന്,’ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രധാന മാറ്റങ്ങള്‍ വേതന കോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അടിസ്ഥാനവേതനം നിയമപരം. ഇത് സര്‍ക്കാര്‍ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതനത്തില്‍ വ്യത്യാസം തൊഴില്‍ സുരക്ഷാ കോഡ്’ ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍. ചില വ്യവസ്ഥകള്‍ കമ്പനികള്‍ മുതലെടുക്കുമെന്നും ജോലി സമയം കൂടാന്‍ കാരണമാകുമെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു. രാവിലെ ആറിന് മുന്‍പും വൈകീട്ട് 7നുശേഷവും സ്ത്രീകള്‍ക്ക് എവിടെയും ജോലി എടുക്കാം വ്യവസായ ബന്ധ കോഡ്: ആകെ ജീവനക്കാരുടെ പത്ത് ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രം ട്രേഡ് യൂണിയന്‍ അനുവദനീയം. തൊഴിലാളികളല്ലാത്തവര്‍ക്ക് ഭാരവാഹികളാകാനാകില്ല സാമൂഹിക സുരക്ഷാ കോഡ്: വേതനത്തില്‍ അടിസ്ഥാന ശമ്പളം ഡിഎ, റിട്ടെയ്‌നിങ് അലവന്‍സ് എന്നിവ ഉള്‍പ്പെടും. പത്തില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഇഎസ്‌ഐ നിര്‍ബന്ധമല്ല.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനിലെ വ്‌ലോഗ് ചിത്രീകരണത്തിനെതിരെ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്.
നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകള്‍ കോടതി പരിശോധിച്ചു. ഡ്രൈവര്‍ കാബിനില്‍ വിഡിയോ ചിത്രീകരിച്ച് അലക്ഷ്യമായി പോകുന്ന ചരക്കു ലോറിയ്ക്കു പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യമുള്‍പ്പെടെയുള്ളവ കോടതി കണ്ടു. വലിയ ശബ്ദത്തില്‍ പാട്ടുവച്ച് ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു വിനോദ യാത്ര പോകുന്നതും കോടതി കണ്ട ദൃശ്യങ്ങളിലുണ്ട്.


രൂപമാറ്റം വരുത്തിയ റിക്കവറി വാനില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതും എല്‍ഇഡി പാനലുകളുടെ നിര്‍മാണ സംവിധാനവുമെല്ലാം കണ്ടു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. അനധികൃത ലൈറ്റുകള്‍ ഓരോന്നിനും 500 രൂപ വീതം പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിഡിയോയില്‍ കണ്ട വിനോദ യാത്ര ഏത് സ്‌കൂളിന്റേതാണെന്ന വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിക്കണം. കോടതി പരിശോധിച്ച വിഡിയോകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
Recent Comments