എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

പ്രോസിക്യൂഷന്‍ വാദത്തിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുന്‍ എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ശബരിമലയില്‍ പല ആവശ്യങ്ങള്‍ക്കായി താന്‍ 1.40 കോടി രൂപയോളം ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എസ്‌ഐടി കോടതിയില്‍ എതിര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കടത്തു കേസില്‍ ഏറ്റവും ഒടുവിലായി തന്ത്രി കണ്ഠരര് രാജീവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിവിധ സ്കോളർഷിപ്പുകളിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിവിധ സ്കോളർഷിപ്പുകളിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

2025–26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീർഘിപ്പിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ ടി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സി എ / സി എം എ / സി എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നിവയാണ് അപേക്ഷിക്കാനാവുക.

സ്ഥാപനമേധാവികൾ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് ഓൺലൈനായി അംഗീകാരം നൽകേണ്ട അവസാന തീയതി ജനുവരി 22 ആയി നീട്ടിയിട്ടുണ്ട്. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ‘റോമിയോ -ജൂലിയറ്റ് വകുപ്പ്’ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് സുപ്രീംകോടതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. പോക്‌സോ നിയമപ്രകാരമുള്ള ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ചില നിര്‍ദേശങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് നടപടി.

എന്താണ് റോമിയോ-ജൂലിയറ്റ് വകുപ്പ്?

കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ സംരക്ഷിക്കുന്നതിനാണ് റോമിയോ-ജൂലിയറ്റ് വകുപ്പ്. ഷേക്‌സിപിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് എന്ന പ്രശസ്ത നാടകത്തെ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമായി കണക്കാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അമേരിക്കയില്‍ ഈ നിയമം അവതരിപ്പിച്ചത്. രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ബന്ധത്തില്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രായവ്യത്യാസമുള്ള ആളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അത് കുറ്റകരമല്ലെന്നാണ് ഈ നിയമം പറയുന്നത്.

ലൈംഗിക പീഡനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കുന്നതിന് പകരം കൗമാരക്കാര്‍ യഥാര്‍ഥ സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന കേസുകളിലും ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. കുടുംബങ്ങള്‍ പലപ്പോഴും ഈ ബന്ധങ്ങളെ എതിര്‍ക്കുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും കൗമാരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെന്നുവെന്നും കോടതി നിരീക്ഷിച്ചു.

16 വയസുള്ള പെണ്‍കുട്ടിയുടെ സമ്മതം നിയമപരമെന്നു കണക്കാക്കുന്നതായിരുന്നു, എഴുപതു വര്‍ഷത്തിലേറെയായി ഇന്ത്യയിലെ നിയമം. 2012ല്‍ പോക്സോ നിയമം വന്നതോടെ ഇത് 18 ആയി ഉയര്‍ത്തി. 18 വസയിന് താഴെയുള്ള ഒരാളുമായുള്ള ഏതൊരു ലൈംഗിക പ്രവൃത്തിയും സമ്മതത്തോടെയാണെങ്കിലും നിയമപരമായ ബലാത്സംഗം ആയി കണക്കാക്കപ്പെടുന്നു.

കേരള ബിജെപിയെ അമിത് ഷാ നയിക്കും, നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഏറ്റെടുത്തു

കേരള ബിജെപിയെ അമിത് ഷാ നയിക്കും, നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രഭാരിയെ പ്രഖ്യാപിച്ചിരുന്നില്ല.

കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീര്‍പ്പ് രാഷ്ട്രീയമാണെന്നും ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകു എന്നുമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രതികരണം. സംസ്ഥാനത്തെ ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി എന്ന സ്വപ്‌നം അധിക ദൂരത്തല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ ജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മുഖ്യ മാനദണ്ഡം എന്നും അമിത് ഷാ നിര്‍ദേശിച്ചിരുന്നു. 20 സീറ്റെങ്കിലും വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണം. 40 മണ്ഡലങ്ങളില്‍ കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് ആകണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.

ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനിലെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഈ മാസം 23 പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിയേക്കും. റിപ്പബ്ലിക് ദിനത്തിന് പിന്നാലെ 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കുന്നത്.

‘സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം’

‘സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം’

തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്‌തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി പൊലീസിനോട് പറഞ്ഞു.

2019 മുതല്‍ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പപ്പയ്ക്ക് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി 2023 സെപ്റ്റംബറില്‍ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്‌സാപ്പുവഴി കൊറിയര്‍ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാല്‍, സന്ദേശം മാറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു. എന്നാല്‍ പിറ്റേദിവസം മുതല്‍ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരില്‍ നിന്ന് വന്നുതുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വര്‍ഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.

വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു. അതില്‍പ്പിന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിര്‍ബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും പക്ഷേ, തിരക്കുകാരണം അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ സമയം കിട്ടില്ലെന്നും അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും രാഹുല്‍ പറഞ്ഞതായി യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

താന്‍ നല്ലൊരു പാര്‍ട്ണര്‍ ആയില്ലെങ്കിലും നല്ലൊരു ഫാദര്‍ ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം, സബ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. പ്രിയക്ക് യുവതി നല്‍കിയ മൊഴിയിലാണ് അതിജീവിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെമ്പഴന്തി സ്വദേശി രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് വിവാഹം കഴിക്കാനിരുന്നതാണ് രാഗേഷ്.

ശ്രീകാര്യത്തു വെച്ച് രാഗേഷ് സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.

വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നില്ല. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയായിരുന്നു അപകടം. കണിയാപുരത്തു നിന്നും വികാസ് ഭവനിലേക്ക് പോകുകയായിരുന്നു ബസ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.