വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു

വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു

വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു. ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ എമിലിയയാണ് മരണപ്പെട്ടത്. രണ്ടുദിവസങ്ങൾക്കു മുമ്പ് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെജിറ്റേറിയൻ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചതിനുശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ക്രിസ്റ്റിൻ എമിലിയയെ അമിത വേഗതയിൽ വന്ന മോട്ടോർ ബൈക്ക് ഇടിച്ചത്. നിർത്താതെ പോയ മോട്ടോർ ബൈക്കിനായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രക്കാരനെ പോലീസ് കണ്ടെത്തിയത്. വർക്കല നടക്കാവ് മുക്ക് സ്വദേശി ആയുഷ് ആണ് ബൈക്കോടിച്ചിരുന്നത്.

പരിക്കേറ്റ വിദേശ വനിതയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാത്രി വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഉയര്‍ന്ന 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെയും കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും.

ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണം.

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 40 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുക. 19 സിറ്റിങ്ങ് എംഎല്‍എമാരടക്കം 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ധാരണയായിരുന്നു. യുഡിഎഫ് സിറ്റിങ്ങ് സീറ്റുകളായ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികള്‍ വരും.

കോണ്‍ഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരും. വൈകീട്ടാണ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം. ധാരണയായ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അംഗീകാരം നല്‍കും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെപ്പറ്റി അനിശ്ചിതത്വം തുടരുകയാണ്. ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്‍ ഇതുവരെ മയപ്പെട്ടിട്ടില്ല. സുധാകരനുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ ചര്‍ച്ച നടത്തും.

പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറ എംഎല്‍എ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പല തലത്തില്‍ ചര്‍ച്ച നടത്തിവരികയാണ്. എല്‍ദോസിനെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിമാനത്താവളത്തിന് സമീപത്ത് തീപിടിത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജിസിസി രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, പ്രത്യാഘാതങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.

ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു എന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചര്‍ച്ചയില്‍ ധാരണയായി.