അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.

കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

‘അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

‘അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു. തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. ദി ഹിന്ദുവിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും തങ്ങള്‍ക്കിടയില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ദിലീപ് പറയുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അവര്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല. അന്വേഷണ സംഘത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് അവര്‍ എന്നെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ദിലീപ് റയുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ എസ്‌ഐടി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ ഞാനാണെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു.

അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിപരവും പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കുമായി തന്നെ ഇരയാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. അവര്‍ തന്നെയും കുടുംബാംഗങ്ങളേയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. എനിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ഒരു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിയമപരമായി പോരാടുന്നതില്‍ തടയിടുന്നതിനായി എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരേയും അവര്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ദിലീപ് പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്തുന്നതിനായി കഥകള്‍ മെനഞ്ഞു. എന്റെ സിനിമകള്‍ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാന്‍ ശ്രമിച്ചു. എന്നെയും എന്റെ കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐടി തലവന്‍ ഒരു ദിവസം തന്നെ ഒന്നര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂ. എന്നിട്ടും തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന കഥകള്‍ അവര്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെ അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുറ്റവിമുക്തനാക്കിയത് കണക്കിലെടുത്ത് സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ

വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: വോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം എന്ന സര്‍വ്വേ ഫലമാണ് പങ്കുവെച്ചത്. കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ.

ഇന്ന് രാവിലെയാണ് ഫെയ്‌സ്ബുക്കിലൂടെ ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം. ബിജെപിക്കു തി രുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 11925 ആയി.ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് പ്രകടമാവുന്നത്. ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. 95,000നും 96,000നും ഇടയിലാണ് ഏതാനും ദിവസങ്ങളായി വ്യാപാരം. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം ഉണ്ടായത്.

ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇത്തവണ ടീം യുഡിഎഫായാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ വിരുദ്ധത വോട്ടായി മാറുമെന്നും ശബരിമല സ്വര്‍ണക്കൊളള നടത്തിയവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരില്ല; നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ല; നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ആറിന് മോക്പോളിങിന് ശേഷം ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും ആണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.