by Midhun HP News | Dec 6, 2025 | Latest News, കേരളം
കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 11.40-ന് പുറപ്പെടും.
അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13-ന് രാത്രി 10-ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10-ന് കൊല്ലത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15-ന് രാവിലെ 2.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30-ന് ചാര്‍ലപ്പള്ളിയില്‍ എത്തും.



by Midhun HP News | Dec 6, 2025 | Latest News, കേരളം
ചെന്നൈ: ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ മലയാളിയായ പി ആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു.

മത്സരത്തില്‍ ആദ്യ പകുതിയില്‍ ബെല്‍ജിയം സ്‌കോര്‍ ചെയ്തു. 13-ാം മിനിറ്റില്‍ ഗാസ്പാര്‍ഡിലൂടെയയിരുന്നു ലീഡ്. ഒരു ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി. ഒരു പരിധി വരെ ഇന്ത്യയുടെ ആക്രമണങ്ങളെ ബെല്‍ജിയം പ്രതിരോധിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റില്‍ രോഹിത്താണ് ലക്ഷ്യം കണ്ടത്.

എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മത്സരം ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ബെല്‍ജിയം സമനിലയിലാക്കി. നേതന്‍ റൊഗെയാണ് ലക്ഷ്യം കണ്ടത്. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബെല്‍ജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.

by Midhun HP News | Dec 6, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന സാഹചര്യത്തില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എസി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു.

114 ട്രിപ്പുകളിലാണ് 116 കോച്ചുകള്‍ കൂട്ടിയത്. ഓരോ ട്രിപ്പിലും പരമാവധി 4,000 പേര്‍ക്കുവരെ യാത്രചെയ്യാനും മൊത്തം 4,89,288 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും. ഓരോ ട്രെയിനിലും 18 കോച്ചുകള്‍ വീതമുള്ള 30 പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12696) എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍കൊല്ലം അനന്തപുരി എക്സ്പ്രസ് (20635) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20636) ഒന്പതുമുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമുതലും ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് സ്ലീപ്പര്‍ കോച്ച് കൂട്ടിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076), കോഴിക്കോട് തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് (12075) എന്നിവയ്ക്ക് 7 മുതല്‍ 11 വരെ ഒരു ചെയര്‍ കാറും അധികമായി അനുവദിച്ചു.
by Midhun HP News | Dec 6, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
by Midhun HP News | Dec 6, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്താം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നതായാണ് വിവരം. അതിനിടെ രാഹൂലിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നത് അന്വേഷസംഘത്തെ കുഴപ്പിക്കുന്നു. ബംഗളൂരുവില്‍ തന്നെ ഉണ്ടാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ കീഴടങ്ങാനുള്ള സാധ്യത കുറവാണ്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗര്‍ഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ പറയുന്നു. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്.
കര്‍ണാടകയിലെ വന്‍ സ്വാധീനമാണ് രാഹുലിനെ പിടികൂടാന്‍ തടസമാകുന്നതെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് വരെ രാഹുല്‍ വിഷയം നിലനിര്‍ത്താനായി മനഃപ്പൂര്‍വം പിടിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയിലില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു രാഹുല്‍. വെള്ളിയാഴ്ച ഉച്ചയ്ക്കു മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു അഡ്മിറ്റ് ചെയ്യുകയായിരുന്നു.
by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആവേശം പകർന്ന ജില്ലാ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കലാകിരീടം സൗത്തിന്. അവസാന നിമിഷം നേരിയ പോയിൻ്റ് വ്യത്യാസത്തിൽ ലീഡ് നിലകൾ മാറി മറിഞ്ഞു.
അഞ്ചാം ദിനം മത്സരം പൂർത്തിയായപ്പോൾ തിരുവനന്തപുരം സൗത്ത് ഉപജില്ല 940 പോയിൻ്റ് നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 935 പോയിൻ്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല രണ്ടാം സ്ഥാനത്തും പാലോട് ഉപജില്ല 934 പോയിൻ്റുമായി മൂന്നാം സ്ഥാനവും നേടി. 878 പോയിന്റോടെ കിളിമാനൂർ നാലാം സ്ഥാനത്തും എത്തി. ആതിഥേയരായ ആറ്റിങ്ങൽ ഉപജില്ല 847 പോയിൻ്റോടെ അഞ്ചാം സ്ഥാനം നേടി.
സ്കൂളുകളുടെ വിഭാഗത്തിൽ നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസ് 335 പോയിന്റോടെ ഒന്നാമതെത്തി. വഴുതക്കാട് കാർമൽ എച്ച്.എസ്.എസ് 253 പോയിൻറ് രണ്ടാമതും പട്ടം സെൻ്റ് മേരിസ് എച്ച്.എസ്.എസ് 219 പോയിൻ്റോടെ മൂന്നാം സ്ഥാനവും കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ് 193 പോയിൻ്റ് നേടി നാലാം സ്ഥാനത്തും കടുവയിൽ കെ.റ്റി.സി.ടി. ഇ.എച്ച്.എസ്.എസ് 181 പോയിൻ്റ് നേടി അഞ്ചാം സ്ഥാനത്തും നേടി.
Recent Comments