ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്ഐആര്‍ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാംപിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.അസീസ് ജോലി സമ്മര്‍ദം നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎല്‍ഒയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്. അതേസമയം കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആര്‍ ജോലിയിലെ സമ്മര്‍ദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സമാനരീതിയില്‍ ജോലി സമ്മര്‍ദം നേരിടുന്നതായി നിരവധി ബിഎല്‍ഒമാര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയില്‍ ബിഎല്‍ഒ അനില്‍ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മര്‍ദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.

അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്.

ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു. കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 170 പേർക്കാണ് രോ​ഗം ബാധിച്ചത്. 40 പേർക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 91,280 രൂപ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,410 രൂപയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 91,440 രൂപയായിരുന്ന പവന്‍ വിലയില്‍ വൈകുന്നേരത്തോടെ ഇടിവുണ്ടായി 91,120 ലെത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

‘കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്’; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

‘കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്’; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇടപെടലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറാകാന്‍ സന്നദ്ധനായി വന്നിട്ടുണ്ടെന്നും, കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍, ബോര്‍ഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്നും 2019 ഫെബ്രുവരി ആദ്യം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാല്‍ അത്തരത്തില്‍ ബോര്‍ഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ പൊതുവായ തീരുമാനമുണ്ടായി.

ഇതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനായി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ വഴിയുള്ള കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള കത്തിലാണ് മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് എന്നു രേഖപ്പെടുത്തിയത്. ബോര്‍ഡ് യോഗം തന്റെ നിര്‍ദേശം അംഗീകരിക്കാതിരുന്നതിനാലാണ് പത്മകുമാര്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വഴി കത്തിടപാടുകളിലൂടെ വിഷയം വീണ്ടും ബോര്‍ഡിന് മുന്നിലേക്ക് കൊണ്ടു വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് പത്മകുമാറിന് കുരുക്കായത് എന്നാണ് റിപ്പോർട്ടുകൾ. ബോര്‍ഡ് അറിയാതെ പത്മകുമാര്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തൽ വരുത്തിയ നിര്‍ണായക ഫയല്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്. ഇക്കാര്യം എസ്‌ഐടി കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി നിലപാടു സ്വീകരിക്കാന്‍ പത്മകുമാര്‍ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ദേവസ്വം മുന്‍ കമ്മീഷണറായിരുന്ന വാസുവും മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെയും ചോദ്യം ചെയ്തപ്പോള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മറുപടി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിനെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്‌കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള്‍ എന്നിവയില്‍ ഡോക്ടര്‍മാര്‍ ഹാജരാകും. ശമ്പളകുടിശിക വിതരണം ചെയ്യുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളുമായി കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിലാണ് റിലേ സമരം നടക്കുന്നത്.പ്രതിഷേധ ദിനങ്ങളില്‍ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ആശുപത്രികളില്‍ വരുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം സമരപരിപാടികള്‍ ശക്തമാക്കുവാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും ഭാരവാഹികള്‍.