സിഡ്‌നി ടെസ്റ്റിലും തോല്‍വി; ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്

സിഡ്‌നി ടെസ്റ്റിലും തോല്‍വി; ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്

സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം.

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്‌സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

വാഷിങ്ടന്‍: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. പ്രസിഡന്റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മെസിയെ കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രസിഡന്റ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. നിലവില്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിയുടെ താരമാണ് മെസി.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിനും അവാര്‍ഡ് ലഭിക്കും. പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമര്‍, അറ്റോര്‍ണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി, പാചക വിദഗ്ധന്‍ ജോസ് ആന്‍ഡ്രസ്, എയ്ഡ്സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കല്‍ ജെ. ഫോക്‌സ് ഉള്‍പ്പെടെയുള്ളവരും പുരസ്‌കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

പന്തിന് അതിവേഗ അര്‍ധസെഞ്ച്വറി; സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 145 റണ്‍സ് ലീഡ്

പന്തിന് അതിവേഗ അര്‍ധസെഞ്ച്വറി; സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 145 റണ്‍സ് ലീഡ്

സിഡ്‌നി: അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 145 റണ്‍സ് രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 141 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (8), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സില്‍ എറിഞ്ഞിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 78 ന് നാല് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ ഋഷഭ് അതിവേഗ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരടയറ്റി. 33 പന്തില്‍ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ പന്ത്, വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി പിന്നിട്ടത്.

യശ്വസി ജയ്‌സ്വാള്‍(22), കെഎല്‍ രാഹുല്‍(13), ശുഭ്മാന്‍ ഗില്‍(13), വിരാട് കോഹ് ലി(6),നിതീഷ് കുമാര്‍ റെഡ്ഡി(4) എന്നിവരാണ് പുറത്തായവര്‍. നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

അഭിമാനപ്പോരാട്ടത്തിലും തകര്‍ന്ന് ഇന്ത്യ, 185 റണ്‍സിന് പുറത്ത്

അഭിമാനപ്പോരാട്ടത്തിലും തകര്‍ന്ന് ഇന്ത്യ, 185 റണ്‍സിന് പുറത്ത്

സിഡ്‌നി: അഭിമാനപ്പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങിയ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായി.

അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 98 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബുംറ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.17 പന്തില്‍ ഒരു സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 22 റണ്‍സ് നേടിയ ബുംറയാണ് അവസാനം വീണത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടിച്ചാണ് ബുംറ ഔട്ടായത്. ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യ 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 10), കെ.എല്‍. രാഹുല്‍ (14 പന്തില്‍ 4), ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മുന്‍നിര താരങ്ങള്‍. സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോട്ട് ബോളന്‍ഡാണ് ജയ്‌സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നര്‍ ലയണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റണ്‍സെടുത്ത കോഹ്‌ലിയെ ബോളന്‍ഡ് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 57 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലു റണ്‍സെടുത്ത കെ എല്‍ രാഹുലിനെ സ്റ്റാര്‍ക്കും, 10 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെ ബോളണ്ടുമാണ് പുറത്താക്കിയത്.

സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്. സ്മിത്ത് ക്യാച്ചെടുത്തു.

രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിതിന് പകരം ശുഭ്മാന്‍ ഗില്ലും, പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കു വേണ്ടി ഓള്‍റൗണ്ടര്‍ ബ്യൂ വെബ്‌സറ്റര്‍ അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മ്മ പുറത്തിരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു എന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടണമെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

രോഹിത് കളിക്കില്ല, അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍

രോഹിത് കളിക്കില്ല, അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. അന്തിമ ഇലവനെ മത്സരത്തിന്റെ അന്ന് പ്രഖ്യാപിക്കമെന്നായിരുന്നു മറുപടി.

അഞ്ചാം ടെസ്റ്റില്‍ രോഹിത് പിന്‍മാറുന്നതിലൂടെ നാലാം ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പേസര്‍ ആകാശ് ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ഇടം കാണും. ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യവും തിരിച്ചെത്തും.

രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഏതാണ്ട് അവസാനമായെന്നു ഈ തീരുമാനത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.