എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയായി പെയ്തിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്‌നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചത് നിര്‍ണായകമായി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ 5 ദിവസവും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ ആദ്യ വിജയം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് വിജയം വിദേശ മണ്ണിലായതും നേട്ടം.

ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് 6 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ താരം 4 വിക്കറ്റെടുത്തിരുന്നു. മൊത്തം 10 വിക്കറ്റുകള്‍ ആകാശ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിറാജ് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരം മൊത്തം 7 വിക്കറ്റെടുത്തു.

മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപാണ് വിക്കറ്റു വേട്ട പുനരാരംഭിച്ചത്. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് സഖ്യം പിടിമുറുക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഗില്‍ വരുത്തിയ ബൗളിങ് മാറ്റം ഫലം കണ്ടു. വാഷിങ്ടന്‍ സുന്ദര്‍ തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്‌സിനെ വാഷിങ്ടന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെ വീണ്ടും വിജയത്തിന്റെ ട്രാക്കിലാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ 73 പന്തില്‍ 33 റണ്‍സെടുത്തു മികവിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് വാഷിങ്ടന്‍ ബ്രേക്ക് ത്രൂ നല്‍കിയത്.

ഏഴാം വിക്കറ്റായി മടങ്ങിയത് ക്രിസ് വോക്‌സായിരുന്നു. താരം 32 പന്തില്‍ 7 റണ്‍സെടുത്തു. പ്രിസദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്. പിന്നാലെ ആകാശ് ദീപിന്റെ പ്രഹരം. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജാമി സ്മിത്ത് ഒരറ്റത്ത് തകര്‍പ്പന്‍ അടികളുമായി കളം വാഴുകയായിരുന്നു. താരത്തെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ആകാശ് അവസാനിപ്പിച്ചു. 99 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 88 റണ്‍സെടുത്തു. ചെറുത്തു നിന്ന ജോഷ് ടോംഗിനെ ജഡേജ പുറത്താക്കി. താരം 29 പന്തുകള്‍ ചെറുത്തു 2 റണ്‍സെടുത്തു മടങ്ങി.

ഒന്‍പതാമനായി എത്തിയ ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. അവസാന ഘട്ടത്തില്‍ താരം കൂറ്റനടികളുമായി പ്രതിരോധിച്ചെങ്കിലും അതൊന്നും ജയത്തിലെത്താന്‍ ഉപകരിച്ചില്ല. താരം പുറത്താകാതെ 38 റണ്‍സെടുത്തു. താരത്തേയും പുറത്താക്കി ആകാശ് ദീപ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഷൊയ്ബ് ബഷീര്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.

നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു.

അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.

ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗില്‍ ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. ഒന്നാം ഇന്നിങ്‌സിലും ജഡേജ അര്‍ധ ശതകം സ്വന്തമാക്കിയിരുന്നു. താരം 89 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (55), ഋഷഭ് പന്ത് (65) എന്നിവരും അര്‍ധ സെഞ്ച്വറി നേടി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം?

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2025-27 സര്‍ക്കിള്‍ ആരംഭിച്ചതിനു പിന്നാലെ പോയിന്റ് പട്ടികയില്‍ ഇം​ഗ്ലണ്ടും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം. നിലവിൽ ഓസ്ട്രേലിയ ഒന്നാമതും ഇം​ഗ്ലണ്ട് രണ്ടാമതുമാണ്. ഇരു ടീമുകൾക്കും 12 പോയിന്റ് വീതം. വിജയ ശതമാനവും 100. ഇന്ത്യയെ ഒന്നാം ടെസ്റ്റില്‍ വീഴ്ത്തി ഇംഗ്ലണ്ട് തലപ്പത്തെത്തിയിരുന്നു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ചാണ് ഓസീസ് തലപ്പത്തെത്തിയത്.

ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്, ബംഗ്ലാദേശ് നാലാം സ്ഥാനത്തും. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ശ്രീലങ്ക ഒരു പോരാട്ടം ജയിച്ചപ്പോള്‍ ബംഗ്ലാദേശിന് ഒരു തോല്‍വിയും ഒരു സമനിലയും.

ഇംഗ്ലണ്ടിനോട് ആദ്യ കളി തോറ്റ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്തും. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക ടീമുകള്‍ ഈ സര്‍ക്കിളിലെ പോരാട്ടങ്ങള്‍ തുടങ്ങിയിട്ടില്ല.

ലീഡ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു; ഒലി പോപ്പിന് സെഞ്ച്വറി, മൂന്ന് വിക്കറ്റുകള്‍ പിഴുത് ബുംറ

ലീഡ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു; ഒലി പോപ്പിന് സെഞ്ച്വറി, മൂന്ന് വിക്കറ്റുകള്‍ പിഴുത് ബുംറ

ലണ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി തികച്ച ഒലി പോപ്പിന്റെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിനെ കരകയറ്റുന്നത്. 131 പന്തില്‍ 100 റണ്‍സെടുത്തു പോപ്പും ഹാരി ബ്രൂക്കു(0)മാണ് ക്രീസില്‍.

നാല് റണ്‍സെടുത്ത സാക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പേസര്‍ ജസ്പ്രിത് ബുംറയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. സ്‌കോര്‍ 4 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

ഓപ്പണര്‍ സാക് ക്രൗളിയെ ജസ്പ്രിത് ബുംറ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും വണ്‍ ഡൗണായി എത്തിയ ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 126 ന് രണ്ട് എന്ന നിലയിലായി ഇംഗ്ലണ്ട്.

സ്റ്റംപെടുക്കാന്‍ ഇരിക്കെ സ്‌കോര്‍ 206 ല്‍ നില്‍ക്കെ ജോ റൂട്ടിനെയും ബുംറ മടക്കി. 58 പന്തില്‍ 28 റണ്‍സാണ് റൂട്ട് നേടിയത്. ഹാരി ബ്രൂക്കിന്റെയും വിക്കറ്റ് കൂടി ബുംറ നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 262 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്‌സ് അവസാനിച്ചത്. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

പാരീസ് ഡയമണ്ട് ലീഗ്; ജൂലിയൻ വെബ്ബറിനെ കടത്തിവെട്ടി ഒന്നാമനായി നീരജ് ചോപ്ര

പാരീസ് ഡയമണ്ട് ലീഗ്; ജൂലിയൻ വെബ്ബറിനെ കടത്തിവെട്ടി ഒന്നാമനായി നീരജ് ചോപ്ര

പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ ത്രോയിൽ ഒന്നാമതെത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിൽ 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ (86.62 മീറ്റർ)യാണ് മൂന്നാം സ്ഥാനത്ത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ആദ്യ ത്രോയിൽ പിന്നിട്ട 88.16 മീറ്റർ ദൂരമാണ് നീരജിന്റെ നേട്ടത്തിൽ നിർണായകമായത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്.

മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ പിന്നിട്ടെങ്കിലും നീരജ് രണ്ടാസ്ഥാനത്തായിരുന്നു. ജർമനിയുടെ ജൂലിയൻ വെബ്ബറിനായിരുന്നു ഒന്നാം സ്ഥാനം. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് പോരാട്ടം കൊളംബോയില്‍ അരങ്ങേറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയില്‍ വരില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.

സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയില്‍ നടത്താനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് അരങ്ങേറിയത്. സമാനമായാണ് കൊളംബോ വനിതാ പോരാട്ടത്തിനു വേദിയാകുന്നത്.

ഒക്ടോബര്‍ രണ്ടിന് ബംഗ്ലാദേശുമായും ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയുമായും പാകിസ്ഥാന്‍ കൊളംബോയില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ട് (ഒക്ടോബര്‍ 15), ന്യൂസിലന്‍ഡ് (ഒക്ടോബര്‍ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 21), ശ്രീലങ്ക (ഒക്ടോബര്‍ 24) എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് മത്സരങ്ങള്‍. എല്ലാ പോരാട്ടങ്ങളും കൊളംബോയില്‍ അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒക്ടോബര്‍ ഒന്നിന് അവരുടെ ആദ്യ പോരില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്‍ഡോറിലാണ് മത്സരം.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടമായിരിക്കും. ലീഗ് ഘട്ടത്തില്‍ 28 മത്സരങ്ങളും നോക്കൗട്ടില്‍ മൂന്ന് മത്സരങ്ങളുമായിരിക്കും. ബംഗളൂരു, ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് വേദികള്‍. ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29നാണ്. ഗുവാഹത്തിയാണ് വേദി. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് ബംഗളൂരുവിലോ കൊളംബോയിലോ അരങ്ങേറും.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സര ക്രമം

ഇന്ത്യ- ശ്രീലങ്ക: സെപ്റ്റംബര്‍ 30, ബംഗളൂരു

ഇന്ത്യ- പാകിസ്ഥാന്‍: ഒക്ടോബര്‍ 5, കൊളംബോ

ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 9, വിശാഖപട്ടണം

ഇന്ത്യ- ഓസ്‌ട്രേലിയ: ഒക്ടോബര്‍ 12, വിശാഖപട്ടണം

ഇന്ത്യ- ഇംഗ്ലണ്ട്: ഒക്ടോബര്‍ 19, ഇന്‍ഡോര്‍

ഇന്ത്യ- ന്യൂസിലന്‍ഡ്: ഒക്ടോബര്‍ 23, ഗുവാഹത്തി

ഇന്ത്യ- ബംഗ്ലാദേശ്: ഒക്ടോബര്‍ 26, ബംഗളൂരു

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

മുംബൈ: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് ടി20 മത്സരം കളിക്കും. പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്കായാണ് കിവി സംഘം വരുന്നത്.

അടുത്ത വര്‍ഷം ജനുവരി മാസത്തിലാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഇതില്‍ അവസാന ടി20 മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറുക.

ജനുവരി 11നു ഏകദിന പോരാട്ടത്തോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജനുവരി 21 മുതലാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇതില്‍ അവസാന പോരാട്ടമായ ജനുവരി 31ലെ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.

ഇന്ത്യ- ന്യൂസിലന്‍ഡ് വൈറ്റ് ബോള്‍ പരമ്പര വേദികള്‍

ജനുവരി 11- ഒന്നാം ഏകദിനം, ബറോഡ

ജനുവരി 14- രണ്ടാം ഏകദിനം, രാജ്‌കോട്ട്

ജനുവരി 18- മൂന്നാം ഏകദിനം, ഇന്‍ഡോര്‍

ജനുവരി 21- ഒന്നാം ടി20, നാഗ്പുര്‍

ജനുവരി 23- രണ്ടാം ടി20, രാജ്പുര്‍

ജനുവരി 25- മൂന്നാം ടി20, ഗുവാഹത്തി

ജനുവരി 28- നാലാം ടി20, വിശാഖപട്ടണം

ജനുവരി 31- അഞ്ചാം ടി20, തിരുവനന്തപുരം