ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

ഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം. രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.

തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കൡക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും ഷമ പറഞ്ഞു. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ – ഷമ ചോദിച്ചു.

ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്’ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.

2023ലാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി, ഹര്‍ദികിന്റെ കാമിയോ; കിവികള്‍ക്ക് ജയിക്കാൻ 250 റണ്‍സ്

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് കണ്ടെത്തിയത്.

30 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പിന്നീടെത്തിയവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ഒരു ഭാഗം കാത്തതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 4 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സെടുത്തു.

അക്ഷര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിനു ഉറച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. താരം 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് 30 റണ്‍സിനിടെ നഷ്ടമായത്. കരിയറിലെ 300 ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്ലിയുടെ മോഹം പൂവണിഞ്ഞില്ല.

സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിതും കോഹ്ലിയും മടങ്ങി.

കിവികള്‍ക്കായി മാറ്റ് ഹെൻ‍റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക.

‘കോഹ്‌ലിയേക്കാള്‍ മികച്ച ഏകദിന കളിക്കാരനെ കണ്ടിട്ടില്ല, ആ 4000 റണ്‍സും അദ്ദേഹം നേടും’

‘കോഹ്‌ലിയേക്കാള്‍ മികച്ച ഏകദിന കളിക്കാരനെ കണ്ടിട്ടില്ല, ആ 4000 റണ്‍സും അദ്ദേഹം നേടും’

ദുബായ്: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഏകദിനത്തില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ കെല്‍പ്പുള്ള താരം കോഹ്‌ലി തന്നെയാണെന്നു പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അതിവേഗം 14,000 റണ്‍സ് ഏകദിനത്തില്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മാത്രമല്ല 14,000ത്തിനു മുകളില്‍ റണ്‍സ് അടിച്ച മൂന്നാമത്തെ മാത്രം താരമായും കോഹ്‌ലി മാറി. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബായില്‍ പിറന്നത്.

’50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. റണ്‍ വേട്ടയില്‍ അദ്ദേഹം എന്നെ മറികടന്നു. ഇനി രണ്ട് പേര്‍ മാത്രമേ മുന്നിലുള്ളു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്നെ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’

‘നിലവില്‍ കോഹ്‌ലി (14085 റണ്‍സ്) ഇപ്പോഴും സച്ചിനെക്കാള്‍ (18426) 4,341 റണ്‍സ് പിന്നിലാണ്. 36 വയസുമുണ്ട്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന ചരിത്രമെഴുതാന്‍ പരിമിതമായ സമയം മാത്രമേ താരത്തിനു മുന്നിലുള്ളു. എന്നാല്‍ പോണ്ടിങ് അതു കണക്കാക്കുന്നില്ല. കോഹ്‌ലി വിചാരിച്ചാല്‍ അതു സാധിക്കുമെന്നു തന്നെയാണ് ഇതിഹാസ ഓസീസ് ബാറ്റര്‍ വിശ്വസിക്കുന്നത്.’

‘അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇപ്പോഴും അസാധാരണമാം വിധമാണ് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നത്. കണക്ക് നോക്കുമ്പോള്‍ ഞാന്‍ പറയുന്നത് കുറച്ച് അതിശയകരമായി തോന്നാം. ഇത്ര കാലം ഇത്രയും മികവോടെ കളിച്ചിട്ടും വിരാട് സച്ചിനേക്കാള്‍ 4000 റണ്‍സ് പിന്നാലാണ്.’

‘സച്ചിന്‍ എത്ര മികവുള്ള താരമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍ റണ്‍സ് നേടാനുള്ള ആഗ്രഹം ഉള്ളിടത്തോളം വിരാടിനെപ്പോലുള്ള ഒരാളെ എളുപ്പം ഒഴിവാക്കാന്‍ സാധിക്കില്ല.(സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നതില്‍).’

പാകിസ്ഥാനെതിരെ കണ്ടത് കോഹ്‌ലിയുടെ ഏറ്റവും മികച്ച ബാറ്റിങുകളില്‍ ഒന്നാണെന്നു പോണ്ടിങ് പറയുന്നു.

‘ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹം പാകിസ്ഥാനെതിരെ ഉരുക്കു പോലെ ഉറപ്പോടെയാണ് നിന്നത്. ദുബായിലെ ആ രാത്രിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം കോഹ്‌ലിയായിരുന്നു. അത്തരമൊരു മത്സരം ജയിപ്പിക്കാന്‍ ഉതകുന്ന ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ബാറ്റിങ് ഓര്‍ഡറില്‍ തുടക്കത്തില്‍ ആവശ്യമാണ്. ദീര്‍ഘനാളായി ഒരു ചാംപ്യന്‍ കളിക്കാരനായി നില്‍ക്കുന്ന കോഹ്‌ലിയെ പോലെ ഒരാള്‍ ആ ജോലി പൂര്‍ത്തിയാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടിയാണ്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവിശ്വസനീയമായ താരമാണ് അദ്ദേഹം’- പോണ്ടിങ് വാചാലനായി.

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.

അവസാന വിക്കറ്റില്‍ ഗുജറാത്തിന്റെ അര്‍സന്‍ നാഗ്‍വസ്വല്ലയും പ്രിയജിത് സിങ് ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പ് കേരളത്തിന്റെ ചരിത്ര ഫൈനലെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗ്‍വസ്വല്ലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ കേരളത്തിന് ചരിത്ര നേട്ടം നേടിക്കൊടുത്തത്.

കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 457 റൺസിനെതിരെ, ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിന് രണ്ടു റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാനായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവരുടെ മികവാണ് കേരളത്തിന്റെ സ്വപ്‌നതുല്യ കുതിപ്പില്‍ നിര്‍ണായകമായത്. നിധീഷ്, ബേസില്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ ഇടം നേടുമായിരുന്നു. അതു കൊണ്ടു തന്നെ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി.

177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്. ഗുജറാത്ത് ടീം സ്‌കോര്‍ 436 ല്‍ നില്‍ക്കെയാണ് ജയ്മീത് പട്ടേല്‍ പുറത്താകുന്നത്.

പിന്നാലെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായിയെ സര്‍വതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പട്ടേല്‍-ദേശായി സഖ്യം നേടിയ 79 റണ്‍സാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. കേരളം ഒന്നാമിന്നിങ്‌സില്‍ 457 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69 റണ്‍സ്), സല്‍മാന്‍ നിസാര്‍ (52 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്കെതിരെ ടോസ് ബംഗ്ലാദേശിന്, ബാറ്റിങ്

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്കെതിരെ ടോസ് ബംഗ്ലാദേശിന്, ബാറ്റിങ്

ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ അണിനിരത്തിയാണ് ഇറങ്ങുന്നത്. കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്ക് വന്നു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഹര്‍ഷിദ് റാണ എന്നിവരാണ് പേസര്‍മാര്‍.

ഇന്ത്യ ഇലവന്‍; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ്.നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ഏകദിനത്തില്‍ 2011ലെ ലോക കിരീടത്തിനും 2013ലെ ചാംപ്യന്‍സ് ട്രോഫിക്കും ശേഷം മറ്റൊരു ഐസിസി കിരീടം നേടിയിട്ടില്ല. മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ആ കുറവ് നികത്തുകയാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എയില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായിലാണ് അരങ്ങേറുന്നത്. 2017ല്‍ അവസാന നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ചിരവൈരികളാണ് പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.

രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകും ചാംപ്യന്‍സ് ട്രോഫി എന്നാണ് വിലയിരുത്തപ്പെടുന്നത്. കിരീടം നേടി ക്യാപ്റ്റനു വീരോചിത യാത്രയയപ്പ് നല്‍കാന്‍ സഹ താരങ്ങള്‍ ഉത്സാഹിക്കുമെന്നു ഉറപ്പ്.