by Midhun HP News | Jan 4, 2025 | Latest News, കായികം
സിഡ്‌നി: അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 145 റണ്‍സ് രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 141 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (8), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സില്‍ എറിഞ്ഞിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 78 ന് നാല് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ ഋഷഭ് അതിവേഗ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരടയറ്റി. 33 പന്തില്‍ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ പന്ത്, വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി പിന്നിട്ടത്.
യശ്വസി ജയ്‌സ്വാള്‍(22), കെഎല്‍ രാഹുല്‍(13), ശുഭ്മാന്‍ ഗില്‍(13), വിരാട് കോഹ് ലി(6),നിതീഷ് കുമാര്‍ റെഡ്ഡി(4) എന്നിവരാണ് പുറത്തായവര്‍. നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.
അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.
by Midhun HP News | Jan 3, 2025 | Latest News, കായികം
സിഡ്‌നി: അഭിമാനപ്പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങിയ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായി.
അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 98 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.
വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബുംറ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.17 പന്തില്‍ ഒരു സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 22 റണ്‍സ് നേടിയ ബുംറയാണ് അവസാനം വീണത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടിച്ചാണ് ബുംറ ഔട്ടായത്. ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യ 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.
യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 10), കെ.എല്‍. രാഹുല്‍ (14 പന്തില്‍ 4), ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മുന്‍നിര താരങ്ങള്‍. സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോട്ട് ബോളന്‍ഡാണ് ജയ്‌സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നര്‍ ലയണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റണ്‍സെടുത്ത കോഹ്‌ലിയെ ബോളന്‍ഡ് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
by Midhun HP News | Jan 3, 2025 | Latest News, കായികം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 57 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലു റണ്‍സെടുത്ത കെ എല്‍ രാഹുലിനെ സ്റ്റാര്‍ക്കും, 10 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെ ബോളണ്ടുമാണ് പുറത്താക്കിയത്.
സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്. സ്മിത്ത് ക്യാച്ചെടുത്തു.
രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിതിന് പകരം ശുഭ്മാന്‍ ഗില്ലും, പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കു വേണ്ടി ഓള്‍റൗണ്ടര്‍ ബ്യൂ വെബ്‌സറ്റര്‍ അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മ്മ പുറത്തിരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു എന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടണമെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
by Midhun HP News | Jan 2, 2025 | Latest News, കായികം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രോഹിത് അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. അന്തിമ ഇലവനെ മത്സരത്തിന്റെ അന്ന് പ്രഖ്യാപിക്കമെന്നായിരുന്നു മറുപടി.
അഞ്ചാം ടെസ്റ്റില്‍ രോഹിത് പിന്‍മാറുന്നതിലൂടെ നാലാം ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പേസര്‍ ആകാശ് ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ഇടം കാണും. ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യവും തിരിച്ചെത്തും.
രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഏതാണ്ട് അവസാനമായെന്നു ഈ തീരുമാനത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.
by Midhun HP News | Dec 30, 2024 | Latest News, കായികം
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും.
ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായി. നാലാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതും നീണ്ടില്ല. പന്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അതിവേഗം മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത നീതിഷ് റെഡ്ഡി പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരു റണ്‍സ് എടുത്ത റെഡ്ഡിയെ ലിയാണ്‍ മടക്കി. വാഷിങ് ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശ്വസിയെ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലിയോണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലിയോണ്‍ – ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലിയോണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി. വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുംറ കരസ്ഥമാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.
by Midhun HP News | Dec 26, 2024 | Latest News, കായികം
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 6 വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് 68 റണ്‍സുമായി ക്രീസില്‍ തുടരുന്നു. സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും.
ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലാബുഷെയ്ന്‍ (72) എന്നിവര്‍ നേരത്തെ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണില്‍ പിറന്നത്. പിന്നാലെ ഈ പരമ്പരയില്‍ ആദ്യമായി ഖവാജ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയും നല്‍കി.
അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ പ്രകടന മികവിലൂടെ താരം ന്യായീകരിച്ചു.
മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി. താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.
പിന്നാലെ ലാബുഷെയ്‌നിനെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. ഇന്ത്യക്ക് തലേദനയാകാറുള്ള ട്രാവിസ് ഹെഡ്ഡിനു ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. താരത്തെ ബുംറ മടക്കി. മിച്ചല്‍ മാര്‍ഷും തിളങ്ങിയില്ല. താരം 4 റണ്‍സില്‍ പുറത്ത്. വിക്കറ്റ് ബുംറയ്ക്ക് തന്നെ. അലക്‌സ് കാരി പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലെത്തിയത്. 31ല്‍ നില്‍ക്കെ കാരിയെ ആകാശ് ദീപ് പുറത്താക്കി.
ഇന്ത്യക്കായി ബുംറ വീണ്ടും തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Recent Comments