by Midhun HP News | Jan 23, 2025 | Latest News, കായികം
മുംബൈ: രഞ്ജി കളിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോഹത്തിനു തിരിച്ചടി. ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ 19 പന്തുകള്‍ നേരിട്ട് രോഹിത് വെറും 3 റണ്‍സുമായി മടങ്ങി.
9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും രഞ്ജി കളിക്കാനിറങ്ങിയത്. എന്നാല്‍ അതിവേഗം തന്നെ ആ ഇന്നിങ്‌സ് അവസാനിച്ചു. ജമ്മുവിനെതിരെ മുംബൈ പതറുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങുന്നു. 11 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറുമാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്ന അവസാന കൂട്ടുകെട്ട്.
മറ്റൊരു ഇന്ത്യന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളിനും തിളങ്ങാനായില്ല. താരം 4 റണ്‍സുമായി പുറത്തായി. അജിന്‍ക്യ രഹാനെയ്ക്കും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. താരം 12 റണ്‍സുമായി പുറത്ത്.
by Midhun HP News | Jan 22, 2025 | Latest News, കായികം
കൊല്‍ക്കത്ത: ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.
മത്സരം കാണാന്‍
മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം കാണാം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം കാണാം.
പിച്ച് റിപ്പോര്‍ട്ട്
പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. എന്നാല്‍ മഞ്ഞുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമാണ് കൊല്‍ക്കത്തയില്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാം.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
by Midhun HP News | Jan 18, 2025 | Latest News, കായികം
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.
പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.
ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.
by Midhun HP News | Jan 17, 2025 | Latest News, കായികം
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത അച്ചടക്കം കൊണ്ടു വരാന്‍ ബിസിസിഐ തീരുമാനിച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വിദേശ പര്യടനത്തില്‍ കുടുംബങ്ങളെ കൊണ്ടു പോകുന്ന പതിവിനടക്കം നിയന്ത്രണം വന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും വന്നിരുന്നു. അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോര്‍ഡ് നടപ്പാക്കാനൊരുങ്ങുന്ന പുതിയ നയം എല്ലാ താരങ്ങളും കര്‍ശനമായി പിന്തുടരണമെന്ന നിര്‍ദ്ദേശവുമുണ്ട്.
പര്യടനത്തിനു പോയാല്‍ ഇനി വ്യക്തിഗത ഷൂട്ടിങുകള്‍ മറ്റ് സ്വകാര്യ പരിപാടികള്‍ പങ്കെടുക്കരുത്. അതേസമയം ബിസിസിഐയുടെ ഷൂട്ടിങുകളില്‍ താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം. ഇനി പരിശീലനത്തിനെത്തിയാല്‍ നേരത്തെ അവസാനിപ്പിച്ച് മടങ്ങുന്ന പരിപാടികളും ഇനി അനുവദിക്കില്ല.
അച്ചടക്ക ലംഘനങ്ങള്‍ കണ്ടാല്‍ സസ്‌പെന്‍ഷന്‍, മാച്ച് ഫീ തടയല്‍ അടക്കമുള്ള നടപടികള്‍ താരങ്ങള്‍ നേരിടേണ്ടി വരും. ആഭ്യന്തര മത്സരങ്ങള്‍ താരങ്ങളെല്ലാം കളിച്ചിരിക്കണം. ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ബിസിസിഐ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം നിര്‍ബന്ധമാണ്.
പര്യടനത്തിലും പരമ്പരയിലും ഷെഡ്യൂള്‍ ചെയ്ത ദിവസം തീരും വരെ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരിക്കണം. പുതിയ നയങ്ങളില്‍ ഇളവുകള്‍ ഒരു താരത്തിനു വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുവാദം വാങ്ങണമെന്ന നിബന്ധനയും പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.
സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്. അവര്‍ക്ക് മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ഒരുക്കുന്നു. പ്രതിഭയുടെ വികാസവും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഭ്യാന്തര പോരാട്ടം ഉപകരിക്കുമെന്നു ബിസിസിഐയുടെ പുതിയ നയ രേഖയില്‍ പറയുന്നു.
by Midhun HP News | Jan 13, 2025 | Latest News, കായികം
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള പ്രഥാമിക സംഘത്തെ പ്രഖ്യാപിക്കാനുള്ള ഐസിസി നിശ്ചയിച്ച ദിവസം ഇന്നലെ അവസാനിച്ചിരുന്നു. പക്ഷേ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചു. പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും പ്രഖ്യാപനം നടത്തി. എന്നാല്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
12നു ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയോടു ബിസിസിഐ ഇളവു ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 18, 19 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നു ടീമിനെ തിരഞ്ഞെടുക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാംപ്യന്‍സ് ട്രോഫി ടീമുകളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍.
by Midhun HP News | Jan 10, 2025 | Latest News, കായികം
മുംബൈ: കരിയറിലെ മോശം ഫോമിലാണ് വിരാട് കോഹ്‍ലി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ തുടർച്ചയായി ഒരേ തരത്തിൽ പുറത്തായി കോഹ്‍ലി കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുന്ന പന്തിൽ നിരന്തരം ബാറ്റ് വച്ച് ഒരേ തരത്തിലാണ് കോഹ്‍ലി ഔട്ടായത്.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങൾ കോഹ്‍ലി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് കോഹ്‍ലി ആലോചിക്കുന്നത്.
എന്നാൽ അതു രഞ്ജി ട്രോഫിയല്ല. താരം കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇംഗ്ലീഷ് മണ്ണിൽ നടക്കുന്ന പോരാട്ടമായതിനാലാണ് താരം കൗണ്ടി കളിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വിവരം. പരമ്പര ആകുമ്പോഴേക്കും ഇംഗ്ലണ്ടിനെ സാഹചര്യവുമായി പൊരുത്തപ്പെടാമെന്ന കണക്കുകൂട്ടലും തീരുമാനത്തിനു പിന്നിലുണ്ട്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ബാറ്റിങ് പരാജയത്തിനു പിന്നാലെ കോഹ്‍ലി അടക്കമുള്ള സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിക്കുന്നത് വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കടുംപിടത്തത്തിലാണ് പരിശീലകൻ ഗംഭീറും.
2012ലാണ് കോഹ്‍ലി അവസാനമായി രഞ്ജി കളിച്ചത്. കരിയറിൽ 23 രഞ്ജി മത്സരങ്ങൾ മാത്രമേ കോഹ്‍ലി കളിച്ചിട്ടുള്ളു. ക്യാപ്റ്റൻ രോഹിത് ശർമ 42 കളികൾ കളിച്ചു. അവസാനമായി രോഹിത് രഞ്ജിയിൽ ഇറങ്ങിയതാകട്ടെ 2015ലും.
Recent Comments