2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്‌സി. ആവേശം അവസാന സെക്കന്‍ഡ് വരെ നിന്ന ഉദ്ഘാടന പോരില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശ്രീനിധി ഡെക്കാനെ തകര്‍ത്തു.

ആദ്യ പകുതിയില്‍ ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.

ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വലയില്‍ പന്തെത്തിച്ചത്.

കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള്‍ 60ാം മിനിറ്റില്‍ ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 84ാം മിനിറ്റില്‍ അബെലെഡോ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് റമഡിന്‍താരയുടെ ഗോള്‍ ടീമിന്‍റെ ജയം ഉറപ്പിച്ചു.

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്‍ക്കിടയില്‍ ലീഡ് വര്‍ധിപ്പിച്ചു.

ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് അഞ്ചില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്‍ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില്‍ അഞ്ചു റണ്‍സുമായി ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.

രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല്‍ രാഹുല്‍ ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്‍ക്കുന്നത് പ്രതീക്ഷ നല്‍കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില്‍ 26 റണ്‍സുമായി ഫോമിലേക്ക് ഉയര്‍ന്ന രാഹുലിനെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 125 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.

45 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് -ഹര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.

ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍.

രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം.

കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്‍ഡ്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് തമ്മില്‍ കൊമ്പുകോര്‍ത്ത മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി.

ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എംഎഎ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്‌സ് മാറിയത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറാകും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറാകും

ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസൺ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.