by Midhun HP News | Dec 14, 2024 | Latest News, കായികം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കൊണ്ടു പോയി. 13.2 ഓവര്‍ മാത്രമാണ് ഇന്ന് കളി നടന്നത്. മഴ നില്‍ക്കാത്ത സാഹചര്യത്തില്‍ ആദ്യ ദിനത്തെ കളി ഉപേക്ഷിച്ചു.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 13.2 ഓവറില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് കളി തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 4 റണ്‍സുമായി നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍.
കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപും ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി.
ഓസീസ് നിരയില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തി. ഹെയ്‌സല്‍വുഡിന്റെ പകരക്കാരനായി രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ടിനെ അന്തിമ ഇലവനില്‍ നിന്നു ഒഴിവാക്കി.
by Midhun HP News | Dec 14, 2024 | Latest News, കായികം
ചെന്നൈ: ചരിത്രമെഴുതി ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിനു പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഗുകേഷിനു സർക്കാർ 5 കോടി രൂപ നൽകും. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ഗുകേഷ് മാറി.
ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.
14ാം ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.
by Midhun HP News | Dec 13, 2024 | Latest News, കായികം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നാളെ ഗാബയില്‍ തുടങ്ങാനിരിക്കെ മത്സരത്തില്‍ മഴ ഭീഷണി. ആദ്യ ദിനമായ നാളെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.
88 ശതമാനം ഇടി, മിന്നല്‍, മഴ സാധ്യതയാണ് പ്രവചിക്കുന്നത്. അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതും മൂടിക്കെട്ടിയതായിരിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രണ്ട്, മൂന്ന് ദിവസങ്ങളിലും നേരിയ മഴ സാധ്യതയുണ്ട്.
ടെസ്റ്റിന്റെ അഞ്ച് ദിനത്തില്‍ അവസാന ദിവസം മാത്രമാണ് മഴ പെയ്യാന്‍ ഒരു ശതമാനം മാത്രം സാധ്യത നിലനില്‍ക്കുന്നത്. ആദ്യ നാല് ദിവസവും മഴ വില്ലനായേക്കാമെന്നാണ് പ്രവചിക്കുന്നത്.
ഇരു ടീമുകളെ സംബന്ധിച്ചു ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
by Midhun HP News | Dec 12, 2024 | Latest News, കായികം
മുംബൈ: വിദര്‍ഭയെ തകര്‍ത്തെറിഞ്ഞ് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയപ്പോള്‍ അതില്‍ റെക്കോര്‍ഡിന്റെ തിളക്കവും. വിദര്‍ഭ ഉയര്‍ത്തിയ 6 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ 19.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 224 റണ്‍സ് അടിച്ച് മറികടന്നു.
ടി20 ക്രിക്കറ്റില്‍ 14 വര്‍ഷമായി തകരാതെ നിന്ന ഒരു റെക്കോര്‍ഡാണ് മുംബൈ തകര്‍ത്തത്. ടി20 പോരാട്ടത്തിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്. 2010ല്‍ ഫയ്‌സാല്‍ ബാങ്ക് ടി20 പോരാട്ടത്തിന്റെ സെമിയില്‍ റാവല്‍പിണ്ടി റാംസിനെതിരെ കറാച്ചി ഡോള്‍ഫിന്‍സ് സ്ഥാപിച്ച 210 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 220നു മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്തു വിജയിക്കുന്ന ആദ്യ ടീമായും മുംബൈ മാറി.
മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെ കിടിലന്‍ ബാറ്റിങാണ് മുംബൈ ജയം അനായാസമാക്കിയത്. 45 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം രഹാനെ 84 റണ്‍സ് അടിച്ചെടുത്തു. 36കാരനായ താരം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രഹാനെയെ വിളിച്ചെടുത്തതിന്റെ പൊരുളും ഇപ്പോള്‍ ആരാധകര്‍ക്ക് മനസിലായിട്ടുണ്ടാകും.
രഹാനെയ്ക്ക് പുറമെ പൃഥ്വി ഷാ 4 സിക്‌സും 5 ഫോറും സഹിതം 26 പന്തില്‍ 49 റണ്‍സെടുത്തു. ശിവം ദുബെ 22 പന്തില്‍ 2 സിക്‌സും 1 ഫോറുമടക്കം 37 റണ്‍സും സൂര്യാംശ് ഷെഡ്‌ജെ 12 പന്തില്‍ 4 സിക്‌സും 1 ഫോറും സഹിതം 36 റണ്‍സും വാരി പുറത്താകാതെ നിന്നു മുംബൈയെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ പരാജയപ്പെട്ടത്.
നേരത്തെ അഥര്‍വ ടയ്‌ഡെ (66), അപൂര്‍വ് വാംഖഡെ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും തൂക്കി 43 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ശുഭം ദുബെയുടെ മികവുമാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
by Midhun HP News | Dec 6, 2024 | Latest News, കായികം
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി ഞെട്ടല്‍ തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. യശസ്വി ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍. നിലവില്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്‌നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.
പിന്നാലെ വന്ന വിരാട് കോഹ്‌ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
by Midhun HP News | Dec 5, 2024 | Latest News, കായികം
മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.
ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ഗോളുകളുമായി അരയ്ജിത് സിങ് ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.
കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.
നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.
കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
Recent Comments