പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ മെഡല്‍ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവര്‍ണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വര്‍ണവും പിടിച്ചെടുത്തത്.

ദക്ഷിണ കൊറിയയുടെ കിം ജിഹ്വോന്‍- പാര്‍ക് ഹജുന്‍ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയന്‍ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തില്‍ കസാഖിസ്ഥാനാണ് വെങ്കലം.

അലക്സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡല്‍ പോരില്‍ കസാഖിസ്ഥാനായി നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാന്‍ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്നത്. 1996 അറ്റ്ലാന്റ ഒളിംപിക്സിലാണ് അവസാനമായി അവര്‍ ഷൂട്ടിങ് മെഡല്‍ നേടിയത്.

ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

പാരിസ്: ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ പോരിനിറങ്ങിയ ഇന്ത്യക്ക് നിരാശ. ഷൂട്ടിങ് മെഡല്‍ പോരിലെ ആദ്യ ദിനത്തില്‍ മിക്‌സഡ് ടീമിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായത്. രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനുള്ള പോരിനുള്ള സാധ്യത രമിത- അര്‍ജുന്‍ സഖ്യത്തിനു നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. 628.7 പോയിന്റുകളാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ പോരിന്റെ ഫൈനല്‍ യോഗ്യത ലഭിക്കുക. ഇളവനില്‍- സന്ദീപ് സഖ്യം 12ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 626.3 പോയിന്റുകളാണ് സഖ്യം വെടിവച്ചിട്ടത്.

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്.

ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ്‌ സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും.ബോക്‌സിങ്ങിൽ ആറ് ബോക്‌സർമാരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായി പ്രാഥമിക മത്സരത്തിന് ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും.

ഹോക്കിയിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലംനേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആദ്യകളിയിൽ ന്യൂസീലൻഡാണ് എതിരാളി. രാത്രി ഒൻപതു മണിക്കാണ് മത്സരം. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുണ്ട്.

വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. അമിത് പംഗൽ, നീഷാന്ത് ദേവ്, നിഖാത് സരിൻ, ജാസ്മിൻ ലാംബോറിയ, ലൗലീന ബോർഹെയ്ൻ എന്നിവർ അടുത്ത ദിവസങ്ങളിൽ മത്സരിക്കും

ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടമാകാതെ 83 റണ്‍സെത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്.

ഇന്ത്യക്കായി സ്മൃതി മന്ധാന അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഷെഫാലി വര്‍മ 26 റണ്‍സുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി രേണുക സിങും രാധാ യാദവും ബംഗ്ലാ വനിതകളെ തകര്‍ത്തു. പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രേണുക 4 ഓവറില്‍ 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രാധ 14 റണ്‍സും. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പിടിച്ചു നിന്നത്. താരം 32 റണ്‍സെടുത്തു. 19 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഷോര്‍ന അക്തറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളുണ്ട്. ഹാര്‍ദിക് പണ്ഡ്യ ഏകദിനങ്ങളില്‍ കളിച്ചേക്കില്ലന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഹാര്‍ദിക് വിട്ടുനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുലാകും ഏകദിനങ്ങളില്‍ ടീമിന്റെ നായകന്‍.

മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ടീമിന്റെ ആദ്യ പര്യടനമാണിത്. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്.

ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല.അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍.

ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണുള്ളത്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറില്‍അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും.