മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചു സ്ഥിരീകരണം നടത്തിയത്.

രണ്ട് തവണയായി പാക് ക്രിക്കറ്റിന്റെ തലപ്പത്തിരുന്ന ആളാണ് ഷഹരിയാര്‍ ഖാന്‍. 2003 മുതല്‍ 06 വരെയും 2014 മുതല്‍ 17 വരെയുമായിരുന്നു അദ്ദേഹം അധ്യക്ഷനായി ഇരുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ കസിനാണ് ഷഹരിയാര്‍ ഖാന്‍. ക്രിക്കറ്റ് ചെയര്‍മാന്‍ സ്ഥാനത്തു വരും മുന്‍പ് അദ്ദേഹം നയതന്ത്ര സെക്രട്ടറിയായിരുന്നു.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

റിയാദ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല.

മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യയുടെ ഭാഗത്ത് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെ ഇന്ത്യ ഇറങ്ങിയത്. താരത്തിനു പരിക്കാണ് തിരിച്ചടിയായത്.

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ് നേടിയിട്ടുണ്ട്. ഓഫ് സ്പിൻ ബൗളർ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി.

വലിയ വിവാദങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെൽബൺ ടെസ്റ്റിൽ ഓസീസ് പേസർ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാൻ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ ഡബിള്‍സിലെ കരുത്തരായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍ണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍- ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം ഞെട്ടിച്ചത്.

കരുത്തരായ എതിരാളികള്‍ക്കെതിരെ അനായാസ മുന്നേറ്റമാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ സഖ്യം കളിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് യുടിലിറ്റ അരേനയിലും കണ്ടത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യന്‍ സഖ്യം നേടിയത്. സ്‌കോര്‍: 21-18, 21-14.

പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ തന്നെ മുഹമ്മദ് ഷൊഹിബുള്‍- ബഗാസ് മൗലാന സഖ്യമാണ് സാത്വിക്- ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍.

ഋഷഭ് പന്ത് ഐപിഎല്‍ കളിക്കുമെന്ന് ബിസിസിഐ

ഋഷഭ് പന്ത് ഐപിഎല്‍ കളിക്കുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീന്റെ (ഐപിഎല്‍) ഈ സീസണില്‍ സൂപ്പര്‍ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ പൂര്‍ണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു.

ഇതോടെ ഈ ഐപിഎല്‍ സീസണില്‍ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി. 2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു പന്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

ധരംശാല: ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീന്‍ ബോള്‍ഡായിട്ടും റിവ്യൂ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിന്റെ യുവതാരം ഷോയ്ബ് ബഷീര്‍. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46 ാം ഓവറിലാണു സംഭവം. രവീന്ദ്ര ജഡേജയുടെ പന്തിലാണു ഷോയ്ബ് ബഷീര്‍ ബോള്‍ഡാകുന്നത്. തൊട്ടുപിന്നാലെ അംപെയറോട് ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കറായിരുന്ന ജോ റൂട്ട് ചിരിയടക്കാന്‍ കഴിയാതെ തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ഇത് എല്ലാവരിലും ചിരിപടര്‍ത്തി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ക്യാച്ചിലാണ് പുറത്തായതെന്ന് കരുതിയാണ് ഷോയ്ബ് ബഷീര്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ജോ റൂട്ട് ബോള്‍ഡായ വിവരം പറയുമ്പോഴാണ് മനസിലാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 84 റണ്‍സെടുത്ത ജോ റൂട്ട് ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ഷോയ്ബ് ബഷീര്‍ 13 റണ്‍സാണു നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയമാണ് സ്വന്തമാക്കിയത്.