by Midhun HP News | May 15, 2024 | Latest News, കായികം
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തോ അതോ സഞ്ജു സാംസണോ? ഈ ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഇരുവരും മികച്ച ഫോമിലാണ് എന്നത് കൊണ്ട് ആരാണ് കൂടുതല്‍ കഴിവുള്ള താരം എന്നും ആരാണ് ടീമില്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയെന്നും പറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ താന്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
സഞ്ജു സാംസണിനേക്കാള്‍ ഋഷഭ് പന്തിനാണ് ആദ്യ ഇലവനില്‍ ഗംഭീര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ആയത് കൊണ്ട് ഋഷഭ് പന്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്ന് ഗംഭീര്‍ പറയുന്നു. ‘ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോള്‍, സഞ്ജു ടോപ്പ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരായിരിക്കും ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ വരിക. ഇത് കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ പന്തിന്റെ സാന്നിധ്യം കരുത്തുപകരും’-സ്‌പോര്‍ട്‌സ്‌കീഡയോട് ഗംഭീര്‍ പറഞ്ഞു.
by liji HP News | Apr 15, 2024 | Latest News, കായികം
ബംഗളൂരു: ഈ സീസണില്‍ ഒരു മത്സരം മാത്രം ജയിച്ച ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആറില്‍ അഞ്ച് കളികളും തോറ്റ അവര്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഐപിഎല്ലില്‍ വന്‍ താരനിരയുണ്ടായിട്ടും ഇത്ര കാലമായിട്ടും ഒരു കിരീടവുമില്ലാത്ത ടീമാണ് ആര്‍സിബി. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നു കരുതിയെങ്കിലും ടീമിന്റെ പ്രകടനം അങ്ങേയറ്റം നിരാശപ്പെടുത്തുകയാണ്. പോയിന്റ് പട്ടികയില്‍ എസ്ആര്‍എച് നാലാമതും ബംഗളൂരു അവസാന സ്ഥാനത്തും.
ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആര്‍സിബിയെ തുണയ്ക്കില്ല. ഇന്നും തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാകുന്ന അവസ്ഥ. ബാറ്റിങില്‍ കോഹ്‌ലി ഒഴികെ ആരും സ്ഥിരത പുലര്‍ത്താതാണ് അവരുടെ പ്രധാന പ്രശ്‌നം. എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും അതു പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരുടെ അഭാവവും ടീമിനെ പിന്നോട്ടടിക്കുന്നു.
സണ്‍റൈസേഴ്‌സ് തുടരെ രണ്ട് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. അഞ്ചില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സഹിതം അവര്‍ക്ക് ആറ് പോയിന്റുകള്‍. സീസണിലെ ആദ്യ മത്സരം ജയിച്ച് പോസിറ്റീവായി തുടങ്ങിയ ഹൈദരാബാദിനു പിന്നീട് തുടരെ രണ്ട് തോല്‍വികള്‍ വഴങ്ങേണ്ടി വന്നു. പിന്നീടാണ് തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോം വീണ്ടെടുത്ത് ശക്തമായി ടീം തിരിച്ചെത്തിയത്.
കോഹ്‌ലി സ്ഥിരത പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വന്‍ പരാജയമായതാണ് അവര്‍ക്ക് തലവേദനയാകുന്നത്. ഫിനിഷിങ് റോളില്‍ ദിനേഷ് കാര്‍ത്തിക് ഫോമില്‍ നില്‍ക്കുന്നത് അവര്‍ക്ക് ബോണസാണ്.
ബൗളിങാണ് ആര്‍സിബിയെ കാര്യമായി വെട്ടിലാക്കുന്നത്. കളി തിരിക്കാന്‍ കെല്‍പ്പുള്ള ഒരു മികച്ച സ്പിന്നറടക്കം ടീമിനില്ല. പ്രധാന പേസറായ മുഹമ്മദ് സിറാജാകട്ടെ വിശ്രമമില്ലാതെ കളിക്കുന്നത് ടീമിനെ ബാധിക്കുന്നു.
എസ്ആര്‍എച് സന്തുലിതാവസ്ഥയിലുള്ള ടീമാണ്. വേണ്ട സമയത്ത് മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുടെ മികവാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. ബാറ്റിങില്‍ അഭിഷേക് ശര്‍മയടക്കമുള്ള താരങ്ങള്‍ ഫോമിലാണ്. ക്ലാസന്റെ ക്ലാസ് ഫോമും ടീമിനു പ്രതീക്ഷ നല്‍കുന്നു.
by liji HP News | Apr 11, 2024 | Latest News, കായികം
ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചാം മത്സരത്തിലെ അവസാനപന്തില്‍ ഗുജറാത്ത് ടെറ്റന്‍സ് പരാജയപ്പെടുത്തി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് അസാധ്യമെന്ന് തോന്നിച്ച വിജയം എത്തിപ്പിടിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ടിം ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴശിക്ഷ ലഭിക്കുന്നത്.
ആദ്യ തവണയാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎല്‍ പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.
by liji HP News | Apr 9, 2024 | Latest News, കായികം
ചെന്നൈ: തുടർതോൽവിക്ക് ശേഷം കൊൽക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയപ്പോൾ ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.
സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഐപിഎൽ മത്സരത്തിൽ അഞ്ച് കളികളിൽ മൂന്നാം ജയമാണ് ചെന്നൈയുടെത്. അപരാജിതരായി തുടർന്ന കൊൽക്കത്തയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ടീം ക്യാപ്‌റ്റനായ ഋതുരാജ് ഗെയ്ക്‌വാദിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
by liji HP News | Apr 4, 2024 | Latest News, കായികം
വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി വമ്പൻ പരാജയമേറ്റു വാങ്ങിയപ്പോൾ അതിൽ നിർണായകമായി ഡിആർഎസ് റിവ്യു. പന്ത് എടുക്കാൻ മടിച്ച രണ്ട് ഡിആർഎസുകൾ നിർണായകമായി. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങാണ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐപിഎൽ ടീം ടോട്ടലിലേക്ക് കൊൽക്കത്തയെ നയിച്ചത്. അതിലേക്ക് എത്തും മുൻപ് നരെയ്നെ പുറത്തക്കാൻ ഡൽഹിക്ക് അവസരം കിട്ടിയിരുന്നു. എന്നാൽ ഡിആർഎസ് എടുക്കാത്തത് വിനയായി മാറി.
നരെയ്ൻ 22ൽ നിൽക്കെ ഇഷാന്തിന്റെ പന്ത് നരെയ്ന്റെ ബാറ്റിൽ തട്ടി ഋഷഭിന്റെ കൈയിലെത്തിയിരുന്നു. എന്നാൽ പന്തോ, ഇഷാന്തോ അപ്പീലിനു മുതിർന്നില്ല. ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്ത് മിച്ചൽ മാർഷ് ഋഷഭിനോടു റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു.
പക്ഷേ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. റീപ്ലേയിൽ പന്ത് നരെയ്ന്റെ ബാറ്റിൽ നേരിയ രീതിയിൽ ടച്ച് ചെയ്യുന്നുണ്ട് എന്നു വ്യക്തം. അതിനു വലിയ വിലയാണ് ടീം പിന്നീട് നൽകിയതെന്നു നരെയ്ന്റെ പ്രകടനം കണ്ടാൽ മനസിലാകും. 39 പന്തിൽ ഏഴ് വീതം സിക്സും ഫോറും പറത്തി 85 റൺസ് അടിച്ചുകൂട്ടിയാണ് താരം ക്രീസ് വിട്ടത്.
അവിടെയും തീർന്നില്ല. റാസിഖ് സലാം എറിഞ്ഞ 15ാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് വീണ്ടും ഋഷഭിന്റെ ഗ്ലൗവിലൊതുങ്ങി. ഡൽഹി താരങ്ങളെല്ലാം അപ്പീൽ ചെയ്തു. അവിടെയും പന്ത് താൻ ശബ്ദമൊന്നും കേട്ടില്ലെന്ന നിലപാടിലായിരുന്നു. റിപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയെന്നു വ്യക്തമായിരുന്നു.
മത്സരത്തിൽ പന്തിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ജാഗ്രത കുറവ് വ്യക്തമായിരുന്നുവെന്നും പോരാട്ടം ഇത്ര ദയനീയമായതിൽ താരത്തിന്റെ ബൗളിങ് മാറ്റങ്ങളിലെയടക്കമുള്ള തീരുമാനം ഘടകമായെന്നും വിലയിരുത്തലുണ്ട്. പവർ പ്ലേയിൽ റണ്ണൊഴുക്ക് തടയാനുള്ള ഒരു ശ്രമവും പന്ത് എടുത്തില്ല എന്ന വിമർശനവും ഉയർന്നു.
by liji HP News | Mar 28, 2024 | Latest News, കായികം
ഐപിഎല്ലിന്റെ പതിനേഴാം സീസണിലെ ആദ്യ ദിനം കാണികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതായി ഡിസ്‌നി സ്റ്റാര്‍. സീസണിലെ ആദ്യ മത്സരം 16.8 കോടി കാണികള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടന ദിവസം 1276 കോടി മിനിറ്റ് സമയം കാണികളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലായിരുന്നു ആദ്യ മത്സരം. ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കില്‍ 6.1 കോടി കാണികളാണ് ഒരേസമയം മത്സരം കണ്ടത്.
ക്രിക്കറ്റിന്റെയും ടാറ്റ ഐപിഎല്ലിന്റെയും വളര്‍ച്ചയില്‍ ബിസിസിഐയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായി സ്റ്റാര്‍ സ്പോര്‍ട്സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ഐപിഎല്ലിന് ഒരാഴ്ച മുമ്പ് വരെ 24.5 കോടിയിലധികം കാഴ്ചക്കാരെ ആകര്‍ഷിച്ച പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ദിനത്തിലെ റെക്കോര്‍ഡ് ടിവി കാഴ്ചക്കാരുടെ എണ്ണം.

Recent Comments