by Midhun HP News | Nov 10, 2023 | Latest News, കായികം
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെയും മത്സരം ആരാധകര്‍ക്ക് തല്‍സമയം കാണാം. അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപിച്ചതോടെ സെമി ചിത്രം തെളിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന പോരിനിറങ്ങുമ്പോൾ അഫ്‌ഗാനിസ്ഥാന്‍റെ സെമി സാധ്യതകൾ ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുന്നതിനെക്കാൾ ദുഷ്കരം.
ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിക്കുകയും ഓസ്ട്രേലിയയെ വിറപ്പിക്കുകയും ചെയ്ത അഫ്ഗാന് തെംബ ബാവുമയെയും സംഘത്തേയും വീഴ്ത്തുക അസാധ്യമൊന്നുമല്ല. പക്ഷേ സെമിയിലെത്തണമെങ്കിൽ വേണ്ടത് 438 റൺസിന്‍റെ ഹിമാലയന്‍ വിജയമാണെന്നത് സ്വപ്നത്തിനും അപ്പുറമാണ്. റൺമഴ ചൊരിയുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർമാർമാരുടെയും അഫ്‌ഗാൻ സ്പിന്നർമാരുടെയും മാറ്റുരയ്ക്കലാവും അഹമ്മദാബാദിൽ ഇന്ന് നടക്കുക.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണെങ്കിലും അഹമ്മദാബാദിൽ റണ്ണെടുക്കുക ദുഷ്‌കരമാണ്.കടുത്ത ചൂടും ഇരു ടീമിനും വെല്ലുവിളിയാവും.
by Midhun HP News | Nov 8, 2023 | Latest News, കായികം
ദുബായ്: ഐസിസി റാങ്കിങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാമതെത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ താരം ബബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി. 830 പോയിന്റാണ് ഗില്‍ നേടിയത്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജാണ് ഒന്നാമത്.
സച്ചിന്‍, ധോനി, വിരാട് കോഹ് ലി എന്നിവരാണ് നേരത്തെ ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ മൂന്നാമത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്ക് ആണ്. വിരാട് കോഹ് ലിയാണ് നാലാമത്.ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 24കാരനായ ഇന്ത്യന്‍ ഓപ്പണര്‍ ഗില്ലിന്റെ ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനമാണ് നമ്പര്‍ വണ്ണില്‍ എത്തിച്ചത്. ഈവര്‍ഷം 26 ഏകദിനങ്ങളില്‍ നിന്നായി 1149 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ വര്‍ഷം ഏകദിനക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളില്‍ ഒരാളും ഗില്‍ തന്നെ.
ശ്രേയസ് അയ്യര്‍ പതിനെട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തും എത്തി.ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. പതിനാറ് റണ്‍സ് വഴങ്ങി മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ സിറാജ് നേടിയിരുന്നു
by Midhun HP News | Nov 7, 2023 | Latest News, കായികം
ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.ഏറ്റവുമധികം ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയ കടലാസിൽ അഫ്ഗാനിസ്താന് എതിരാളികളേയല്ല. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ നിന്ന് പൂർവാധികം ശക്തിയോടെ തിരികെവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചുകഴിഞ്ഞു. ബിസിനസ് എൻഡിൽ പതിവുപോലെ തകർത്ത് കളിക്കുന്ന ഓസ്ട്രേലിയ അതേ പാതയിലാണ് മുന്നോട്ടുപോകുന്നത്. ടോപ്പ് ഓർഡറിൽ ഡേവിഡ് വാർണർ കാഴ്ചവെക്കുന്ന സ്ഥിരത ഓസീസ് പടയോട്ടത്തെ സഹായിക്കുന്നുണ്ട്. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതുവരെ ഒരു വലിയ ഇന്നിംഗ്സ് കളിക്കാത്തത്. ബൗളർമാരിൽ ആദം സാമ്പ അസാമാന്യ പ്രകടനങ്ങൾ തുടരുമ്പോൾ പേസർമാർ സാമ്പയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.മറുവശത്ത് ഒരു സ്വപ്ന യാത്രയിലാണ് അഫ്ഗാനിസ്താൻ. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂർണമായും പ്രൊഫഷണൽ സമീപനമാണ് കാഴ്ചവെക്കുന്നത്. എല്ലാ താരങ്ങളും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചില നല്ല പ്രകടനങ്ങൾ നടത്തി. റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. ഇരുവർക്കും മൂന്ന് വീതം ഫിഫ്റ്റികളുണ്ട്. ബൗളിംഗിൽ എടുത്തുപറയത്തക്ക പേരില്ലെങ്കിലും റാഷിദ് ഖാൻ, ഫസലുൽ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിര ശക്തമാണ്. ഇവരിലേക്ക് നൂർ അഹ്മദ് കൂടി എത്തുമ്പോൾ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്.
അഫ്ഗാനിസ്താനെതിരെ വിജയിച്ച് ഓസ്ട്രേലിയ സെമിയുറപ്പിക്കാൻ തന്നെയാണ് സാധ്യത. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഒരുമിച്ച് നിയന്ത്രിക്കുക എന്നത് അഫ്ഗാനിസ്താന് എളുപ്പമാവില്ല.
by Midhun HP News | Nov 6, 2023 | Latest News, കായികം
കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി.
ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്നും ഏറെക്കുറെ പുറത്തായ സ്ഥിതിയിലാണ്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഭാരവാഹികളോട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വന്‍ തിരിച്ചടിയായി.
എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ടര്‍മാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ന്യായീകരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നതെന്നും മന്ത്രി റോഷന്‍ രണസിംഗെ കുറ്റപ്പെടുത്തി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിട്ട സര്‍ക്കാര്‍, മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെ നിയോഗിച്ചു.
by Midhun HP News | Nov 4, 2023 | Latest News, കായികം
ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമതെത്തി: ഇന്ന് നെതര്‍ലന്‍ഡ്‌സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179ന് ഓൾഔട്ടായി. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി.
നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കിവീസിന്റെ മികച്ച റണ്‍റേറ്റാണ് അഫ്ഗാനെ അഞ്ചാം സ്ഥാനത്താക്കിയത്. നാളെ ന്യൂസിലന്‍ഡിനെതിരെ വൻ മാര്‍ജനില്‍ ജയിച്ചാല്‍ മാത്രമെ പാകിസ്ഥാന് സെമി പ്രതീക്ഷക്ക് വകയുള്ളൂ.
by Midhun HP News | Nov 2, 2023 | Latest News, കായികം
മുംബൈ: വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ കൂടാരം കയറി. ഒരു ടി20 മത്സരത്തിന്റെ ബാറ്റിങ് സമയം പോലും പൂര്‍ത്തിയാക്കിയില്ല. 19.4 ഓവറില്‍ അവര്‍ കത്തിച്ചാമ്പലായി.
302 റണ്‍സിന്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ലങ്കയ്ക്ക് നല്‍കിയത്. ഉജ്ജ്വല വിജയവുമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍. ഏഴില്‍ ഏഴും ജയിച്ച് ഇന്ത്യ അപരാജിതരായി ഒന്നാം സ്ഥാനത്തോടെ അവസാന നാലില്‍.
ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. ഏഴോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 357 റണ്‍സ്. കളിയുടെ ഒരു ഘട്ടത്തിലും ലങ്ക വിജയിക്കാനുള്ള വീര്യം കാണിച്ചില്ല. ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് പതും നിസങ്കയെ നഷ്ടമായി. ബുമ്രയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട വിക്കറ്റുമായി വരാനിരിക്കുന്ന പരമ ദയനീയ സ്ഥിതിയുടെ സൂചന ആദ്യം കൊടുത്തത്.
പിന്നാലെ സിറാജിന്റെ മാസ്മരിക സ്‌പെല്‍. രണ്ടാം ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റ്. പിന്നാലെ പന്തെടുത്ത മുഹമ്മദ് ഷമിയുടെ തീ മഴ! പേസിന്റെ കൊടൂര വേര്‍ഷന്‍ വാംഖഡയെ വിറപ്പിച്ചപ്പോള്‍ ഒറ്റ റണ്‍ കൊടുക്കാതെ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. ലങ്ക മൂന്ന് റണ്‍സിനു നാല് വിക്കറ്റെന്ന നിലയില്‍ നിന്നു 14 റണ്‍സിനിടെ ആറ് വിക്കറ്റിലേക്ക് കൂപ്പുകുത്തി.
പീന്നീട് ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസിനും മഹീഷ തീക്ഷണയ്ക്കും കസുന്‍ രജിതയ്ക്കും നന്ദി. സ്‌കോര്‍ 50 എങ്കിലും കടത്തിയതിന്.
മാത്യൂസ് 25 പന്തുകള്‍ പ്രതിരോധിച്ച് 12 റണ്‍സെടുത്തു. തീക്ഷണ 23 പന്തുകള്‍ നേരിട്ട് രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രജിത 17 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു.
ഷമി തന്റെ രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഒരു റണ്‍ കൊടുത്തു. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. 22 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. പിന്നീടുള്ള മൂന്നോവറില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 14 വിക്കറ്റുകള്‍. അതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം.
358 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലായിരുന്നു. അതില്‍ നിന്നു കര കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമിയുടെ പന്തുകള്‍ മാരക ഭാവത്തില്‍ കളം വാണത്.
ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്‌നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രതിരോധവും തകര്‍ത്തു. ലങ്കയുടെ താരങ്ങള്‍ സംപൂജ്യരായി.
മൂന്ന് സെഞ്ച്വറി നഷ്ടങ്ങള്‍
മൂന്ന് സെഞ്ച്വറി നഷ്ടങ്ങളുടെ നിരാശ മാറ്റി നിര്‍ത്തിയാല്‍ വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ബാറ്റിങിന് 100ല്‍ 100 മാര്‍ക്ക്. രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ്. ലങ്കയ്ക്ക് ജയിക്കാന്‍, സെമി സാധ്യത നിലനിര്‍ത്താന്‍ വേണ്ടത് 358 റണ്‍സ്.
ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു.
പിന്നീട് ക്രീസില്‍ ഒന്നിച്ച കോഹ്ലി- ഗില്‍ സഖ്യം 189 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തി. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന്റെ നട്ടെല്ലും ഈ കൂട്ടുകെട്ടായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ ശുഭ്മാന്‍ ഗില്ലും ചരിത്ര സെഞ്ച്വറിക്ക് അരികെ ഒരിക്കല്‍ കൂടി വിരാട് കോഹ്ലിയും വീണു.
ഗില്‍ 92 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 92 റണ്‍സ് നേടി. കോഹ്ലി 11 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്തും മടങ്ങി. 49 സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡിനൊപ്പം കോഹ്ലി വാംഖഡെയില്‍ എത്തുമെന്ന ആരാധക പ്രതീക്ഷ ഒരിക്കല്‍ കൂടി നിരാശയ്ക്ക് വഴി മാറി.
കോഹ്ലിയും ഗില്ലും മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് ഒരറ്റത്തു നിന്നപ്പോള്‍ മറുഭാഗത്ത് എത്തിയ കെഎല്‍ രാഹുല്‍ (21), സൂര്യകുമാര്‍ യാദവ് (12)എന്നിവര്‍ വേഗം പുറത്തായി.
ഫോം ഔട്ടായതിന്റെ പേരില്‍ വിമര്‍ശനം ഉയരുന്നതിനിടയാണ് ശ്രേയസ് തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. താരം 56 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റണ്‍സ് വാരി. താരത്തിനും സെഞ്ച്വറി നഷ്ടം. 24 പന്തില്‍ 35 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും സ്‌കോറിലേക്ക് സംഭാവന നല്‍കി.
ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി ഇന്ത്യയെ ഞെട്ടിച്ച മദുഷങ്ക തന്നെ കോഹ്ലി, ഗില്‍ എന്നിവരേയും മടക്കി ലങ്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനേയും സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ശ്രേയസിനേയും മടക്കി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് വിക്കറ്റുകള്‍ ദുഷ്മന്ത ചമീര സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
Recent Comments