ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.

മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് – സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ – ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തും കേശവ് മഹാരാജിന് തൊടാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. അടുത്ത പന്തില്‍ മില്ലര്‍ രണ്ട് റണ്‍ നേടി. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. ഇനി വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.

‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

ഗയാന: ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് എത്തുന്നത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടിത്തറ ഇളക്കിയത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും ക്ഷണം മടങ്ങി.

നാലോവറില്‍ 23 റണ്‍സ് വഴങ്ങി അക്ഷറും ഇത്രയും ഓവറില്‍ 19 റണ്‍സ് വഴങ്ങി കുല്‍ദീപും മൂന്ന് വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബുംറ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും പിഴുതു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഋഷഭ് പന്തിനും കാര്യമായി നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

പിന്നീട് സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് രോഹിത് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സൂര്യകുമാര്‍ 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ജഡേജയ്‌ക്കൊപ്പം 1 റണ്ണുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാന്‍ പോരാട്ടത്തിന് അവസാനം. സെമിയില്‍ റാഷിദ് ഖാനെയും സംഘത്തിനെയും ഒമ്പത് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 56 റണ്‍സ് മാത്രമാണ് നേടാനായത്. 10 റണ്‍സെടുത്ത അസമുത്തുള്ള ഒമര്‍സായി ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. എക്‌സ്ട്രാ ഇനത്തില്‍ 13 റണ്‍സ് വിട്ടുനല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരാണ് അഫ്ഗാനെ 50 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. അഞ്ച് റണ്‍സുമായി ക്വിന്റണ്‍ ഡി കോക്ക് പുറത്തായി. ഫസല്‍ഹഖ് ഫറൂഖിക്കാണ് വിക്കറ്റ്. പതിയെ റീസ ഹെന്‍ഡ്രിക്‌സും എയ്ഡാന്‍ മാക്രവും കളം പിടിച്ചു. പിന്നാലെ വേഗം കൂട്ടിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യത്തിലെത്തി.

ഹെൻഡ്രിക്സ് 29 റൺസോടെയും മാക്രം 23 റൺസോടെയും പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. മുമ്പ് 1998ൽ നേടിയ ചാമ്പ്യൻസ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ള ഏക ഐസിസി കിരീടം. ഇന്ത്യ-ഇം​ഗ്ലണ്ട് മത്സരത്തിലെ വിജയികളെ എയ്ഡൻ മാക്രവും സംഘവും കലാശപ്പോരിൽ നേരിടും.

ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാൻ സെമിയിൽ

ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാൻ സെമിയിൽ

ടി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമിയിൽ. സൂപ്പർ 8 അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തുകയാണ് അഫ്ഗാനിസ്ഥാൻ സെമിയിൽ കടന്നത്. ഇതോടെ ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്നും പുറത്തായി.

ഓസ്ട്രേലിയയേയും തകർത്ത് നീലപ്പട: ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ

ഓസ്ട്രേലിയയേയും തകർത്ത് നീലപ്പട: ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ

സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി. തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ. ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.ട്രാവിസ് ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് വിജയസാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ്, മാര്‍ഷിനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. ഡേവിഡ് വാര്‍ണര്‍ (6), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), മാര്‍കസ് സ്‌റ്റോയിനിസ് (2), ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.നേരത്തെ, മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സുള്ളപ്പോള്‍ കോലി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. പിന്നീട് രോഹിത് – റിഷഭ് പന്ത് (14 പന്ത് 15) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ സ്റ്റോയിനിസ് മടങ്ങി. പിന്നീട് സൂര്യകുമാര്‍ യാദവിനൊപ്പം (16 പന്തില്‍ 31) 34 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങിയത്. എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്്‌സ്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ നാല് സിക്‌സുകളാണ് രോഹിത് പറത്തിയത്. സൂര്യക്ക് പിന്നാലെ ശിവം ദുബെയും (22 പന്തില്‍ 28) പിന്നീട് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 27), രവീന്ദ്ര ജഡേജ (5 പന്തില്‍ 9) പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ഡേവിഡ് വാര്‍ണറെ മറികടന്നു; റണ്‍വേട്ടക്കാരില്‍ നാലാമനായി ജോഷ് ബ്ടലര്‍

ഡേവിഡ് വാര്‍ണറെ മറികടന്നു; റണ്‍വേട്ടക്കാരില്‍ നാലാമനായി ജോഷ് ബ്ടലര്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന നാലാമനെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോഷ് ബട്‌ലര്‍. ഓസിസ് താരം ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. അമേരിക്കയ്ക്ക് എതിരായ മത്സരത്തിലായിരുന്നു ബട്‌ലറുടെ നേട്ടം.

38 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും എഴ് കൂറ്റന്‍ സിക്‌സറും ഉള്‍പ്പടെ ബട്‌ലര്‍ പുറത്താകാതെ 83 റണ്‍സ് നേടി. ഈ ടി20 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ബട്‌ലര്‍. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ ഇതിനകം ബട്‌ലര്‍ 191 റണ്‍സ് നേടിയിട്ടുണ്ട്.

2012ലാണ് ബട്‌ലര്‍ ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്നത്. 34 മത്സരങ്ങളില്‍ നിന്നായി 990 റണ്‍സാണ് ജോഷ് അടിച്ചൂകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 101 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വാര്‍ണറാകട്ടെ 40 മത്സരങ്ങളില്‍ നിന്നായി 978 റണ്‍സാണ് നേടിയത്. കുട്ടിക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത് വിരാട് കോഹ് ലിയാണ്. 32 മത്സരങ്ങളില്‍ നിന്നായി 1207 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 44 മത്സരങ്ങളില്‍ നിന്നായി 1062 റണ്‍സാണ് രോഹിത് നേടിയത്. മൂന്നാമത് ശ്രീലങ്കന്‍ താരം ജയവര്‍ധനയാണ്.