by Midhun HP News | Nov 21, 2023 | Latest News, കായികം
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലുള്ളത്. അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.
by Midhun HP News | Nov 20, 2023 | Latest News, കായികം
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. 2019 ലോകകപ്പില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ സ്വന്തമാക്കിയ റെക്കോഡാണ് ഈ ലോകകപ്പില്‍ രോഹിത് മറികടന്നത്. കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സ് വില്ല്യംസണ്‍ നേടിയിരുന്നു.
ഈ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 597 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഓസീസിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 29 ല്‍ എത്തിയപ്പോഴാണ് 2019 പതിപ്പില്‍ വില്യംസണ്‍ നേടിയ 578 റണ്‍സ് മറികടന്നത്. നേരത്തെ, ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെയും മറികടന്നിരുന്നു. കൂടുതല്‍ റണ്‍സ് നേടിയ നായകന്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരവും രോഹിത് മാത്രമാണ്. 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടക്കമാണ് രോഹിത്തിന്റെ നേട്ടം.
ശ്രീലങ്കയുടെ മഹേല ജയവര്‍ധന ( 548 റണ്‍സ്), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (539 റണ്‍സ്), ഓസ്ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് (507 റണ്‍സ്), സൗരവ് ഗാംഗുലി (2003ല്‍ 456 റണ്‍സ്), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (2011ല്‍ 465 റണ്‍സ്) എന്നിവരാണ് യഥാക്രമം പിന്നിലുള്ള നായകന്മാര്‍.
by Midhun HP News | Nov 19, 2023 | Latest News, കായികം
അഹമ്മദാബാദ്: 2003 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയോട് ഇന്ത്യ ഇന്ന് പകരം ചോദിക്കുമോ?, ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നിമിഷങ്ങള്‍ക്കാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കും. ഞായര്‍ പകല്‍ രണ്ടിനാണ് മത്സരം തുടങ്ങുക.
നാലുവര്‍ഷത്തിലൊരിക്കല്‍ എത്തുന്ന മാമാങ്കത്തിന്റെ 13-ാംപതിപ്പാണിത്. 1983ല്‍ കപില്‍ ദേവും സംഘവും വെസ്റ്റിന്‍ഡീസിന്റെ അജയ്യസംഘത്തെ കീഴടക്കി കിരീടം ഉയര്‍ത്തി. 2011ലെ ലോക കിരീടംകൊണ്ട് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. മൂന്നാം ലോകകിരീടമാണ് ഇന്ന് ഇന്ത്യയ്ക്ക് മുന്നില്‍. ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു ഈ ലോകകപ്പില്‍. വിരാട് കോഹ്ലി ബാറ്റിലും മുഹമ്മദ് ഷമി പന്തിലും അത്ഭുതങ്ങള്‍ കാട്ടുന്നു. മുറിച്ചാലും മുറികൂടുന്നവരാണ് ഓസീസ്. അഞ്ചുതവണ കപ്പ് ഉയര്‍ത്തിയവര്‍. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനിലേക്കുള്ള കടന്നുവരവ്.
by Midhun HP News | Nov 16, 2023 | Latest News, കായികം
മുംബൈ: പത്തില്‍ പത്ത് വിജയങ്ങളുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുമ്പോള്‍ ആ മുന്നേറ്റത്തിന്റെ ചാലക ശക്തിയും ഊര്‍ജ്ജവും എന്താണെന്ന ചോദ്യത്തിന്… വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍… ഉത്തരങ്ങള്‍ പലതും പറയാം. എന്നാല്‍ അതിലെല്ലാം ഉപരിയായി ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. നിര്‍ഭയത്വം മുഖമുദ്രയാക്കിയ ക്യാപ്റ്റന്‍ രോഹിതിനെയാണ് ലോകകപ്പില്‍ ഉടനീളം കണ്ടത്. ഹിറ്റ്മാന്‍ നല്‍കുന്ന മിന്നല്‍ തുടക്കമാണ് പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്ക് അതേ താളം നിലനിര്‍ത്തി ബാറ്റ് ചെയ്യാനുള്ള ആവേശവും അടിത്തറയും ഒരുക്കുന്നതെന്നു നിസംശയം പറയാം. പേടിയില്ലായ്മയും പ്രചോദിപ്പിക്കുന്നതുമായി ക്യാപ്റ്റന്‍സിയും രോഹിതിനെ മറ്റ് നായകന്‍മാരില്‍ നിന്നു വേറിട്ടതാക്കുന്നു.
ഇന്നലെ കോഹ്‌ലി ക്രീസിലെത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞതും അതു തന്നെയാണ്. ക്ഷണത്തില്‍ മടങ്ങുന്നുണ്ടെങ്കിലും രോഹിത് അതിവേഗം ഇടുന്ന അടിത്തറ പിന്നീടെത്തുന്ന കോഹ്‌ലി മുതല്‍ക്കുള്ള ബാറ്റര്‍മാര്‍ക്ക് റിലാക്‌സ് ചെയ്ത് സമയമെടുത്തു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവസരം ഒരുക്കുന്നതാണ് അവര്‍ ചൂണ്ടിക്കാട്ടി.
എതിര്‍ ടീമിലെ ലീഡിങ് ബൗളര്‍മാര്‍ക്ക് മേല്‍ തുടക്കത്തില്‍ നായകന്‍ സ്ഥാപിച്ചെടുക്കുന്ന സര്‍വാധിപത്യമാണ് മറ്റ് ടീമുകളില്‍ നിന്നു ഇന്ത്യയെ പത്ത് മത്സരങ്ങളിലും വേറിട്ടു നിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ കടന്നാക്രമണം മക്കല്ലത്തിന്റെ ബാസ് ബോളായപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റം യഥാര്‍ഥത്തില്‍ റോ- ബോളിന്റെ കരുത്തിലാണ്.
by Midhun HP News | Nov 16, 2023 | Latest News, കായികം
മുംബൈ: വാംഖഡെയില്‍ ഇന്നലെ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയ പോരാട്ടത്തില്‍ ഗാലറിയിലെ ശ്രദ്ധേയ സാന്നിധ്യം മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമായിരുന്നു. യുനിസെഫിന്റെ അംബാസഡറായ താരം അതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ ഇതിഹാസ സച്ചിനടക്കമുള്ളവരുമായി താരം സമയം പങ്കിട്ടിരുന്നു. ബെക്കാം ഇന്‍സ്റ്റയില്‍ പങ്കിട്ട ഒരു വീഡിയോയും അതിനു താരം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മത്സരത്തിനു മുന്‍പ് ഗ്രൗണ്ടില്‍ സച്ചിനൊപ്പം നടക്കുന്ന ബെക്കാമിനു നേര്‍ക്കു വിരാട് കോഹ്‌ലി ഫുട്‌ബോള്‍ തട്ടിക്കൊടുക്കുന്നു. ബെക്കാം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ മറ്റൊരു ഭാഗത്തു ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നുണ്ടായിരുന്നു.
അതിനിടെയാണ് കോഹ്‌ലി ബെക്കാമിനു നേര്‍ക്ക് പന്ത് തട്ടിയത്. താരം തിരിച്ച് തട്ടിക്കൊടുക്കുന്നു. വീണ്ടും കോഹ്‌ലി തട്ടിയ പന്ത് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം തിരികെ തട്ടിക്കൊടുക്കുന്നു. ഇതിനു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ- ‘അസിസ്റ്റ് വിരാട് കോഹ്‌ലി’. ഇതിഹാസങ്ങളുടെ ഗ്രൗണ്ടിലെ സംഗമം ആരാധകര്‍ക്കും ആവേശമായി. മത്സരത്തില്‍ കോഹ്‌ലി ഏകദിനത്തില്‍ 50 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് നേട്ടം സച്ചിനെ സാക്ഷിയാക്കി നേടിയിരുന്നു. സച്ചിന്റെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്.
by Midhun HP News | Nov 16, 2023 | Latest News, കായികം
കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക.
ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു.
ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ഓപ്പണിങ് ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച ഫോമിലാണ്. റണ്‍ പിന്തുടരുന്നതിലെ പോരായ്മയാണ് ആഫ്രിക്കക്കാരെ അലട്ടുന്നത്. ലോകകപ്പിന്റെ തുടക്കത്തില്‍ കണ്ട ഓസീസല്ല ഇപ്പോള്‍. രണ്ട് കളി തോറ്റുതുടങ്ങിയ അവര്‍ തുടര്‍ച്ചയായി ഏഴ് മത്സരം ജയിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
Recent Comments