പത്ത് വിക്കറ്റ് ജയം, ലങ്കയെ എറിഞ്ഞു വീഴ്ത്തി ഏഷ്യാ കപ്പ് സ്വന്തമാക്കി ടീം ഇന്ത്യ

പത്ത് വിക്കറ്റ് ജയം, ലങ്കയെ എറിഞ്ഞു വീഴ്ത്തി ഏഷ്യാ കപ്പ് സ്വന്തമാക്കി ടീം ഇന്ത്യ

കൊളംബോ: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഒരു മേജര്‍ കിരീട നേട്ടം. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമാണിത്. ശ്രീലങ്കയെ അനായാസം വീഴ്ത്തി, പത്ത് വിക്കറ്റ് ജയം ആഘോഷിച്ചാണ് ഇന്ത്യയുടെ ഉജ്ജ്വല കിരീട നേട്ടം.

ഫൈനലില്‍ 100 പോലും കടക്കാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള്‍ ഔട്ട്! ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ഇന്ത്യ വെറും 6.1 ഓവറില്‍ കുറഞ്ഞ ലക്ഷ്യം അതിവേഗം മറികടന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 51 റണ്‍സ് സ്വന്തമാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒപ്പണറായി എത്തിയില്ല. പകരം ഇഷാന്‍ കിഷനെയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ആദ്യം ഇറക്കിയത്. ഇരുവരും അനായാസം ലങ്കന്‍ ബൗളര്‍മരെ നേരിട്ടു വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയും ചെയ്തു. ഇഷാന്‍ കിഷന്‍ 17 പന്തില്‍ 23 റണ്‍സുമായും ശുഭ്മാന്‍ ഗില്‍ 19 പന്തില്‍ 27 റണ്‍സുമായും പുറത്താകാതെ നിന്നു. ഇഷാന്‍ മൂന്ന് ഫോറും ഗില്‍ ആറ് ഫോറും അടിച്ചു.

നേരത്തെ ഇന്ത്യ ഏഷ്യ കപ്പ് (ടി20, ഏകദിനം) കിരീടം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1984, 88, 9091, 95, 2010, 16, 18 വര്‍ഷങ്ങളിലാണ് കിരീടം സ്വന്തമാക്കിയത്. ടോസ് ചെയ്തതിനു പിന്നാലെ മഴ എത്തി. മത്സരം വൈകിയാണ് തുടങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക ഇതുപോലൊരു കൂട്ടത്തകര്‍ച്ച സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഏകദിനത്തില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കുറഞ്ഞ സ്‌കോറാണിത്. 43 റണ്‍സിനു ഓള്‍ഔട്ടായതാണ് ഒന്നാമത്. 55 റണ്‍സിലും അവര്‍ ഒരു മത്സരത്തില്‍ പുറത്തായി.

മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റ് വേഗ പേസില്‍ ലങ്കന്‍ മുന്‍നിര കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ കടപുഴകി വീണു. താരം ഏഴോവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിന്റെ ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റിനു മുകളിലുള്ള നേട്ടം. ഏകദിനത്തിലെ സിറാജിന്റെ മികച്ച ബൗളിങ് പ്രകടനവും ഇതു തന്നെ. നാലാം ഓവറില്‍ സിറാജ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ മാരക പ്രഹരത്തില്‍ ലങ്കയുടെ വിധി ഏതാണ്ട് കുറിക്കപ്പെട്ടു. അതിത്ര ദയനീയമാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.

അവസാന വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യ ശ്രീലങ്കന്‍ ഇന്നിങ്‌സിനു തിരശ്ശീലയുമിട്ടു. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജസ്പ്രിത് ബുമ്ര നേടി.
കുശാല്‍ മെന്‍ഡിസും ഒന്‍പതാമനായി ക്രീസിലെത്തിയ ദഷുന്‍ ഹേമന്ദയുമാണ് ലങ്കന്‍ സ്‌കോര്‍ 50 എങ്കിലും കടത്തിയത്. മൂന്ന് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. കുശാല്‍ മെന്‍ഡിസ് 17 റണ്‍സും ഹേമന്ദ 13 റണ്‍സും കണ്ടെത്തി. ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന രണ്ട് ബാറ്റര്‍മാര്‍ ഇവരായിരുന്നു. ഹേമന്ദ പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏകനായി ക്രീസില്‍ അവശേഷിച്ചു.

ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട്, മൂന്ന്, നാല് വിക്കറ്റുകള്‍ എട്ട് റണ്‍സില്‍ വീണു. അഞ്ച്, ആറ് വിക്കറ്റുകള്‍ 12 റണ്‍സിനിടെയും കടപുഴകി. 33ല്‍ ഏഴാം വിക്കറ്റും 40ല്‍ എട്ടാം വിക്കറ്റും 50റണ്‍സില്‍ ഒന്‍പത്, പത്ത് വിക്കറ്റുകളും വീണു.

ഇന്ത്യയെ വീഴ്ത്തി ത്രില്ലർ ജയവുമായി ബം​ഗ്ലാദേശിന്റെ മടക്കം; അക്ഷറിന്റെ പ്രത്യാക്രമണം എല്ലാം പാഴായി

ഇന്ത്യയെ വീഴ്ത്തി ത്രില്ലർ ജയവുമായി ബം​ഗ്ലാദേശിന്റെ മടക്കം; അക്ഷറിന്റെ പ്രത്യാക്രമണം എല്ലാം പാഴായി

കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ത്യയെ വീഴ്ത്തി ആശ്വാസ ജയവുമായി ബം​ഗ്ലാദേശിന്റെ മടക്കം. ബം​ഗ്ലാദേശ് മുന്നിൽ വച്ച 266 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് എല്ലാവരും പുറത്തായി. ആറ് റൺസിന്റെ ത്രില്ലർ വിജയമാണ് ബം​ഗ്ലാദേശ് പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് കണ്ടെത്തിയത്.

തുടക്കം മുതൽ ഇന്ത്യയെ വരിഞ്ഞു മുറുക്കിയാണ് ബം​ഗ്ലാദേശ് പന്തെറിഞ്ഞത്. ഓപ്പണർ ശുഭ്മാൻ ​ഗിൽ പൊരുതിയ നേടിയ സെഞ്ച്വറിയും വാലറ്റത്ത് അക്ഷർ പട്ടേൽ നടത്തിയ പ്രത്യാക്രമണവും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അതൊന്നും പക്ഷേ ഫലം കണ്ടില്ല. ഫൈനൽ നേരത്തെ ഉറപ്പിച്ചതിനാൽ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിക്കാനാണ് തുനിഞ്ഞത്. ടീമിൽ അഞ്ച് മാറ്റങ്ങളും ഇതിന്റെ ഭാ​ഗമായി വരുത്തി.

133 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതം ഗില്‍ 121 റണ്‍സ് കണ്ടെത്തി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. 34 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം അക്ഷര്‍ 42 റണ്‍സ് വാരി പ്രതീക്ഷ നല്‍കിയെങ്കിലും അതും വിഫലമായി. സൂര്യ കുമാര്‍ യാദവ് പതിവു പോലെ അല്‍പ്പം നേരം നിന്നു 26 റണ്‍സുമായും മടങ്ങി.

കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ പുറത്തായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. തന്‍സിം ഹസന്‍ സാക്കിബ് ആണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്.

പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ച തിലക് വര്‍മ്മയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. അഞ്ചു റണ്‍സ് മാത്രമാണ് തിലക് വര്‍മയുടെ സമ്പാദ്യം. തന്‍സിം ഹസന് തന്നെയാണ് തിലക് വര്‍മ്മയുടെ വിക്കറ്റ്. തുടര്‍ന്ന് കെ എല്‍ രാഹുലും ഗില്ലും ക്രീസില്‍ ഒരുമിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിക്കുമെന്ന് കരുതിയെങ്കിലും, ആ ആത്മവിശ്വാസവും അധികം നേരം നിലനിന്നില്ല. 39 പന്തില്‍ 19 റണ്‍സില്‍ നില്‍ക്കേ, കെ എല്‍ രാഹുലും കൂടാരം കയറി.

പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും അവസരം മുതലാക്കാനായില്ല. 34 പന്തില്‍ 26 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. എപ്പോഴും രക്ഷകനായി വരാറുള്ള ജഡേയ്ക്കും ഇത്തവണ കാലിടറി. ഏഴ് റണ്‍സ് മാത്രമാണ് ജഡേജയ്്ക്ക് നേടാന്‍ കഴിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 265 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗ്ലാദേശ് ഇന്നിങ്‌സിനു കരുത്തായത്. നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മെഹ്ദി ഹസന്‍ (23 പന്തില്‍ 29), തന്‍സിം ഹസന്‍ സാകിബ് (8 പന്തില്‍ 14) എന്നിവര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു.തകര്‍ച്ചയോടെ ആരംഭിച്ച ബംഗ്ലദേശിനെ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ ഠാക്കുര്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് ഷമി 8 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, രവിന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഐസിസി റാങ്കിംഗിൽ ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം

ഐസിസി റാങ്കിംഗിൽ ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം

ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി.

745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡർ ഡസ്സൻ മൂന്നാമതുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിലുണ്ട്. 715 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 707 റേറ്റിംഗുള്ള രോഹിത് ശർമ 9ആമതുമാണ്.ബൗളർമാരിൽ, ഏറെക്കാലത്തിനു ശേഷം ഏകദിന മത്സരം കളിച്ച ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തി. ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഒന്നാമത് തുടരുന്നു. കുൽദീപ് യാദവ് (7), മുഹമ്മദ് സിറാജ് (9) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെയാവും ഇന്ത്യ കലാശപ്പോരിൽ നേരിടുക. ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി.

ഇന്ത്യക്ക് ‘റെസ്റ്റ്’ ഇല്ല; സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ന് ശ്രീലങ്കയോട് നേരിടും

ഇന്ത്യക്ക് ‘റെസ്റ്റ്’ ഇല്ല; സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ന് ശ്രീലങ്കയോട് നേരിടും

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ത്യക്ക് വിശ്രമിക്കാന്‍ സമയം ഇല്ല. ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഫലത്തില്‍ ഇന്ത്യ റെസ്റ്റ് ഇല്ലാതെ കളിക്കുന്നത്. വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം.

പാകിസ്ഥാനെതിരായ ഞായറാഴ്ചത്തെ മത്സരം കനത്ത മഴയെ തുടര്‍ന്നു മാറ്റി വച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്നലെ കളി പുനരാരംഭിച്ചു. ഇന്നലെ ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും പിന്നീട് കളി നടന്നു. ഇന്ത്യ മികവോടെ മത്സരം ജയിച്ചു കയറുകയും ചെയ്തു.

ഇന്ന് ശ്രീലങ്കക്കെതിരായ പോരാട്ടം മഴയെ തുടര്‍ന്നു കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോയിന്റ് പങ്കിടുകയോ റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയോ ആയിരിക്കും ചെയ്യുക. കാരണം ഈ മത്സരത്തില്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല.

കെഎല്‍ രാഹുലിന്റെ തിരിച്ചു വരവും ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചെത്തല്‍ സെഞ്ച്വറിയോടെ ആഘോഷിച്ചതും ഇന്ത്യക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. വിരാട് കോഹ്‌ലി തന്റെ മികവ് ആവര്‍ത്തിച്ചതും ഇന്ത്യക്ക് കരുത്താണ്. കുല്‍ദീപ് യാദവിന്റെ മാരക ഫോമും ഇന്ത്യക്ക് സന്തുലിതത്വം നല്‍കുന്നു.

ഇന്ത്യ ടീമില്‍ രണ്ട് മാറ്റങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഇഷാന്‍ കിഷനെ മാറ്റി സൂര്യ കുമാര്‍ യാദവിനേയും രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനേയും കളിപ്പിച്ചേക്കും. മറുഭാഗത്ത് ശ്രീലങ്കയ്ക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് പ്രശ്‌നമാണ്. എങ്കിലും വിജയ തൃഷ്ണ വിടാതെയുള്ള അവരുടെ പോരാട്ടമാണ് ടീമിനെ നിലനിര്‍ത്തുന്നത്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അവര്‍ എത്തുന്നത്. ഇന്ത്യയെ പോലെ ശ്രീലങ്കയ്ക്കും സ്പിന്‍ വൈവിധ്യമുണ്ട്.

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 357 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 357 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 357 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം. വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മികവിലാണ് ഇന്ത്യ 356 റണ്‍സിലെത്തിയത്. റിസര്‍വ്വ് ഡേയായ തിങ്കളാഴ്ച്ച പാകിസ്ഥാന ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും നേടാനായില്ല.

ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം വിരാട് കോഹ്ലി പുറത്താകാതെ 122 റണ്‍സ്് നേടി. കോഹ്ലിയും 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.

സൂപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും

സൂപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും

കൊളംബോ: പാകിസ്താൻ നായകൻ ബാബർ അസം ലോകോത്തര താരമെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിന് മുമ്പായിരുന്നു ​ഗില്ലിന്റെ പ്രതികരണം. ബാബറിനെ ഇന്ത്യൻ ടീം ആദരവോടെയാണ് കാണുന്നത്. ഇന്ത്യൻ താരങ്ങൾ ബാബറിന്റെ മാതൃകയെ പിന്തുടരാറുണ്ട്. നന്നായി കളിക്കുന്ന താരങ്ങളെ ശ്രദ്ധിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യണമെന്നും ​ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയുടെ പദ്ധതി എന്തെന്ന ചോദ്യത്തിനും ​ഗിൽ മറുപടി പറഞ്ഞു. ആദ്യ മത്സരത്തിലെ പ്ലാൻ തന്നെയാണ് വീണ്ടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ മത്സരത്തിൽ മുൻനിര തകർന്നുപോയി. എന്നിട്ടും 260 റൺസിൽ എത്താൻ സാധിച്ചു. 300ന് മുകളിൽ സ്കോർ ചെയ്യുകയായിരുന്നു ലക്ഷ്യം. അതുതന്നെ രണ്ടാം മത്സരത്തിലും നടപ്പാക്കാൻ ശ്രമിക്കുവെന്നും ​ഗിൽ വ്യക്തമാക്കി.

സുപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും. ആദ്യ ദിനം മഴമൂലം മത്സരം തടസപ്പെടുമ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റിന് 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിരാട് കോഹ്‌ലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. ശുഭ്മാൻ ​ഗില്ലിന്റെയും നായകൻ രോഹിത് ശർമ്മയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.