പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം, വിദ്യ രാംരാജിന് ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം, വിദ്യ രാംരാജിന് ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

ഹാങ്ചൗ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്. അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. 4:19.447 സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ചൈന സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ കരസ്ഥമാക്കിയത്.

ഏഷ്യന്‍ ഗെയിംസ് ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യന്‍ ഗെയിംസ് ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസ് ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം. ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. സ്കോർ: 2-6, 6-3, 10-4

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മത്സരം കൈവിട്ടത്. ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. ബോക്സിങ് റിങ്ങിൽ നിന്ന് ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.

മുന്നിൽ ഇം​ഗ്ലീഷ് ബാറ്റിങ് പട, ഇന്ത്യൻ ബൗളർമാർക്ക് പരീക്ഷണം; ആദ്യ സന്നാഹം ഇന്ന്

മുന്നിൽ ഇം​ഗ്ലീഷ് ബാറ്റിങ് പട, ഇന്ത്യൻ ബൗളർമാർക്ക് പരീക്ഷണം; ആദ്യ സന്നാഹം ഇന്ന്

ഗുവാഹത്തി: ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യ സന്നാഹ മത്സരത്തിനു ഇന്ത്യ ഇന്നിറങ്ങും. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പോരാട്ടം. മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാഹചര്യമുണ്ട്. അതിനാല്‍ തന്നെ ടീം കരുത്തു പരീക്ഷിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് മത്സരം.

ഇന്ത്യയെ സംബന്ധിച്ചു ബാറ്റിങില്‍ വലിയ വേവലാതികള്‍ നിലവിലെ അവസ്ഥയില്‍ ഇല്ല. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങ് നിര മികവു പുലര്‍ത്തിയിരുന്നു. ബൗളിങ് മൂര്‍ച്ചയാണ് ഇന്ത്യക്ക് പരീക്ഷിക്കാനുള്ളത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരക്കെതിരെ ബൗള്‍ ചെയ്യാനുള്ള അവസരം സന്നാഹത്തില്‍ ലഭിക്കുന്നതു ഇന്ത്യയെ സംബന്ധിച്ചു നേട്ടമാണ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മാലന്‍, ലിയാം ലിവിങ്‌സ്റ്റന്‍ അടക്കമുള്ള താരങ്ങളെല്ലാം സമീപ കാലത്തു മിന്നും ഫോമില്‍ കളിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനു കരുത്തുറ്റ ബാറ്റിങ് നിരയെ എപ്രകാരം ലോകകപ്പ് പോരില്‍ ഇറക്കണമെന്നു തീരുമാനിക്കാനുള്ള അവസരമാണ്. ഒന്‍പതാം സ്ഥാനത്ത് ഇറങ്ങുന്ന താരം വരെ ഇംഗ്ലണ്ടിനെ സംബന്ധിച്ചു ബാറ്റ് വീശാന്‍ കെല്‍പ്പുള്ളവരാണ്.

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്. നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ഗെയിംസില്‍ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

അഞ്ചാം ദിനത്തിന് ആറാം സ്വര്‍ണത്തോടെ തുടക്കം; ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം

അഞ്ചാം ദിനത്തിന് ആറാം സ്വര്‍ണത്തോടെ തുടക്കം; ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. 1734 പോയിന്റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി.

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലില്‍ തോല്‍വി വഴങ്ങി.
ഗെയിംസില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വെള്ളി നേട്ടം എട്ടിലുമെത്തി. ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. പട്ടികയില്‍ ഇന്ത്യ ഏഴില്‍ നിന്നു അഞ്ചിലേക്കും കയറി.