by Midhun HP News | Sep 27, 2023 | Latest News, കായികം
രാജ്‌കോട്ട്: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഓസിസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. 26.5 ഓവറില്‍ ഓസ്‌ട്രേലിയ 200 റണ്‍സ് കടന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കം കുറിച്ചത്. 34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് തവണ സിക്‌സര്‍ പറത്തിയ വാര്‍ണര്‍ നാലുതവണ ബൗണ്ടറി പായിക്കുകയും ചെയ്തു. തകര്‍ത്തടിച്ച വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. വാര്‍ണറുടെ കൂട്ടായി എത്തിയ മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ അടിതുടങ്ങിയതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നത്. 84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടിയ മാര്‍ഷ് സെഞ്ച്വറിക്കടുത്തെത്തി നില്‍ക്കെയാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഇതിനിടെ മൂന്ന് തവണ സിക്‌സര്‍ പറത്തിയ മാര്‍ഷ് പതിമൂന്ന് ഫോറുകളും അടിച്ചു.
വാര്‍ണര്‍ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ഉജ്ജ്വല ഫോമിലായിരുന്നു. മത്സരത്തില്‍ സ്മിത്തും അര്‍ധ സെഞ്ച്വറി നേടി. 68 റണ്‍സുമായി സ്മിത്തും ആറ് റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍.
അഞ്ച് മാറ്റങ്ങളുമായാണ് ഓസിസ് ടീം ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, അലക്‌സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, തന്‍വീര്‍ സങ്ക, ജോഷ് ഹെയ്‌സല്‍വുഡ്.
by Midhun HP News | Sep 25, 2023 | Latest News, കായികം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഏഷ്യൻ ഗെയിംസ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ സുവർണ നേട്ടം കൂടിയാണിത്.
ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഈ ഇനത്തിൽ ചൈന സ്ഥാപിച്ച ലോക റെക്കോർഡാണ് ഇന്ത്യ മറികടന്നത്.
രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്. നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാഗിൽ മെഡലുകൾ ഏഴായി.
by Midhun HP News | Sep 23, 2023 | Latest News, കായികം
ഹാങ്ചോ: 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയുടെ ഹാങ്ചോയിൽ ഇന്ന് ഔദ്യോഗിക തുടക്കം. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വെർച്വലായി ഒരുമിച്ചു തെളിയിക്കുന്ന ദീപനാളത്തിലൂടെയാകും 19–ാം ഗെയിംസിന് തുടക്കമാകുക. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.
45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യൻ പതാകയേന്തും. നാല് വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ വർഷത്തെ ഗെയിംസിന്റെ പ്രത്യേകതയാണ്.
655 കായിക താരങ്ങളെയാണ് ഇക്കുറി ഗെയിംസിൽ ഇന്ത്യ അണിനിരത്തുന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണമടക്കം 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അത്‌ലറ്റിക്സിലാണ് ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നത്. ഒപ്പം ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് തുടങ്ങിയവയിലും മെഡൽ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.
by Midhun HP News | Sep 17, 2023 | Latest News, കായികം
കൊളംബോ: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഒരു മേജര്‍ കിരീട നേട്ടം. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമാണിത്. ശ്രീലങ്കയെ അനായാസം വീഴ്ത്തി, പത്ത് വിക്കറ്റ് ജയം ആഘോഷിച്ചാണ് ഇന്ത്യയുടെ ഉജ്ജ്വല കിരീട നേട്ടം.
ഫൈനലില്‍ 100 പോലും കടക്കാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള്‍ ഔട്ട്! ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ഇന്ത്യ വെറും 6.1 ഓവറില്‍ കുറഞ്ഞ ലക്ഷ്യം അതിവേഗം മറികടന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 51 റണ്‍സ് സ്വന്തമാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒപ്പണറായി എത്തിയില്ല. പകരം ഇഷാന്‍ കിഷനെയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ആദ്യം ഇറക്കിയത്. ഇരുവരും അനായാസം ലങ്കന്‍ ബൗളര്‍മരെ നേരിട്ടു വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയും ചെയ്തു. ഇഷാന്‍ കിഷന്‍ 17 പന്തില്‍ 23 റണ്‍സുമായും ശുഭ്മാന്‍ ഗില്‍ 19 പന്തില്‍ 27 റണ്‍സുമായും പുറത്താകാതെ നിന്നു. ഇഷാന്‍ മൂന്ന് ഫോറും ഗില്‍ ആറ് ഫോറും അടിച്ചു.
നേരത്തെ ഇന്ത്യ ഏഷ്യ കപ്പ് (ടി20, ഏകദിനം) കിരീടം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1984, 88, 9091, 95, 2010, 16, 18 വര്‍ഷങ്ങളിലാണ് കിരീടം സ്വന്തമാക്കിയത്. ടോസ് ചെയ്തതിനു പിന്നാലെ മഴ എത്തി. മത്സരം വൈകിയാണ് തുടങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക ഇതുപോലൊരു കൂട്ടത്തകര്‍ച്ച സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഏകദിനത്തില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കുറഞ്ഞ സ്‌കോറാണിത്. 43 റണ്‍സിനു ഓള്‍ഔട്ടായതാണ് ഒന്നാമത്. 55 റണ്‍സിലും അവര്‍ ഒരു മത്സരത്തില്‍ പുറത്തായി.
മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റ് വേഗ പേസില്‍ ലങ്കന്‍ മുന്‍നിര കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ കടപുഴകി വീണു. താരം ഏഴോവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിന്റെ ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റിനു മുകളിലുള്ള നേട്ടം. ഏകദിനത്തിലെ സിറാജിന്റെ മികച്ച ബൗളിങ് പ്രകടനവും ഇതു തന്നെ. നാലാം ഓവറില്‍ സിറാജ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ മാരക പ്രഹരത്തില്‍ ലങ്കയുടെ വിധി ഏതാണ്ട് കുറിക്കപ്പെട്ടു. അതിത്ര ദയനീയമാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.
അവസാന വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യ ശ്രീലങ്കന്‍ ഇന്നിങ്‌സിനു തിരശ്ശീലയുമിട്ടു. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജസ്പ്രിത് ബുമ്ര നേടി.
കുശാല്‍ മെന്‍ഡിസും ഒന്‍പതാമനായി ക്രീസിലെത്തിയ ദഷുന്‍ ഹേമന്ദയുമാണ് ലങ്കന്‍ സ്‌കോര്‍ 50 എങ്കിലും കടത്തിയത്. മൂന്ന് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. കുശാല്‍ മെന്‍ഡിസ് 17 റണ്‍സും ഹേമന്ദ 13 റണ്‍സും കണ്ടെത്തി. ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന രണ്ട് ബാറ്റര്‍മാര്‍ ഇവരായിരുന്നു. ഹേമന്ദ പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏകനായി ക്രീസില്‍ അവശേഷിച്ചു.
ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട്, മൂന്ന്, നാല് വിക്കറ്റുകള്‍ എട്ട് റണ്‍സില്‍ വീണു. അഞ്ച്, ആറ് വിക്കറ്റുകള്‍ 12 റണ്‍സിനിടെയും കടപുഴകി. 33ല്‍ ഏഴാം വിക്കറ്റും 40ല്‍ എട്ടാം വിക്കറ്റും 50റണ്‍സില്‍ ഒന്‍പത്, പത്ത് വിക്കറ്റുകളും വീണു.
by Midhun HP News | Sep 16, 2023 | Latest News, കായികം
കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ത്യയെ വീഴ്ത്തി ആശ്വാസ ജയവുമായി ബംഗ്ലാദേശിന്റെ മടക്കം. ബംഗ്ലാദേശ് മുന്നിൽ വച്ച 266 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് എല്ലാവരും പുറത്തായി. ആറ് റൺസിന്റെ ത്രില്ലർ വിജയമാണ് ബംഗ്ലാദേശ് പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് കണ്ടെത്തിയത്.
തുടക്കം മുതൽ ഇന്ത്യയെ വരിഞ്ഞു മുറുക്കിയാണ് ബംഗ്ലാദേശ് പന്തെറിഞ്ഞത്. ഓപ്പണർ ശുഭ്മാൻ ഗിൽ പൊരുതിയ നേടിയ സെഞ്ച്വറിയും വാലറ്റത്ത് അക്ഷർ പട്ടേൽ നടത്തിയ പ്രത്യാക്രമണവും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അതൊന്നും പക്ഷേ ഫലം കണ്ടില്ല. ഫൈനൽ നേരത്തെ ഉറപ്പിച്ചതിനാൽ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിക്കാനാണ് തുനിഞ്ഞത്. ടീമിൽ അഞ്ച് മാറ്റങ്ങളും ഇതിന്റെ ഭാഗമായി വരുത്തി.
133 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതം ഗില്‍ 121 റണ്‍സ് കണ്ടെത്തി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. 34 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം അക്ഷര്‍ 42 റണ്‍സ് വാരി പ്രതീക്ഷ നല്‍കിയെങ്കിലും അതും വിഫലമായി. സൂര്യ കുമാര്‍ യാദവ് പതിവു പോലെ അല്‍പ്പം നേരം നിന്നു 26 റണ്‍സുമായും മടങ്ങി.
കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ പുറത്തായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. തന്‍സിം ഹസന്‍ സാക്കിബ് ആണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്.
പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ച തിലക് വര്‍മ്മയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. അഞ്ചു റണ്‍സ് മാത്രമാണ് തിലക് വര്‍മയുടെ സമ്പാദ്യം. തന്‍സിം ഹസന് തന്നെയാണ് തിലക് വര്‍മ്മയുടെ വിക്കറ്റ്. തുടര്‍ന്ന് കെ എല്‍ രാഹുലും ഗില്ലും ക്രീസില്‍ ഒരുമിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിക്കുമെന്ന് കരുതിയെങ്കിലും, ആ ആത്മവിശ്വാസവും അധികം നേരം നിലനിന്നില്ല. 39 പന്തില്‍ 19 റണ്‍സില്‍ നില്‍ക്കേ, കെ എല്‍ രാഹുലും കൂടാരം കയറി.
പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും അവസരം മുതലാക്കാനായില്ല. 34 പന്തില്‍ 26 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. എപ്പോഴും രക്ഷകനായി വരാറുള്ള ജഡേയ്ക്കും ഇത്തവണ കാലിടറി. ഏഴ് റണ്‍സ് മാത്രമാണ് ജഡേജയ്്ക്ക് നേടാന്‍ കഴിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 265 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗ്ലാദേശ് ഇന്നിങ്‌സിനു കരുത്തായത്. നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മെഹ്ദി ഹസന്‍ (23 പന്തില്‍ 29), തന്‍സിം ഹസന്‍ സാകിബ് (8 പന്തില്‍ 14) എന്നിവര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു.തകര്‍ച്ചയോടെ ആരംഭിച്ച ബംഗ്ലദേശിനെ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ ഠാക്കുര്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് ഷമി 8 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, രവിന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
by Midhun HP News | Sep 14, 2023 | Latest News, കായികം
ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി.
745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡർ ഡസ്സൻ മൂന്നാമതുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിലുണ്ട്. 715 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 707 റേറ്റിംഗുള്ള രോഹിത് ശർമ 9ആമതുമാണ്.ബൗളർമാരിൽ, ഏറെക്കാലത്തിനു ശേഷം ഏകദിന മത്സരം കളിച്ച ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തി. ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഒന്നാമത് തുടരുന്നു. കുൽദീപ് യാദവ് (7), മുഹമ്മദ് സിറാജ് (9) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെയാവും ഇന്ത്യ കലാശപ്പോരിൽ നേരിടുക. ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി.
Recent Comments