തെളിനീരൊഴുകും നവകേരളം: പഞ്ചായത്ത്‌തല ഉദ്ഘാടനം നടന്നു

തെളിനീരൊഴുകും നവകേരളം: പഞ്ചായത്ത്‌തല ഉദ്ഘാടനം നടന്നു

കിളിമാനൂർ: സംസ്ഥാനത്തെ വലിയ ജലാശയങ്ങൾ, കുളങ്ങൾ, തോടുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലെ മലിനീകരണതോതും ശുചിത്വാവസ്ഥയും പരിശോധിച്ച്‌ ശുദ്ധീകരിച്ച്‌ ഗുണമേന്മ നില നിർത്താനുള്ള പദ്ധതിക്ക് പഴയ കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിക്ഷേപം തടഞ്ഞ് വാർഡ്തല സമിതികളുടെ നേതൃത്വത്തിൽ സ്ഥാപന സന്ദർശനം നടത്തിയാണ് പഞ്ചായത്ത്‌ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം പാപ്പാല ഏലാ തോട്ടിൽ ജല നടത്തത്തോടെ എംഎൽഎ ഒ.എസ് അംബിക നിർവഹിച്ചു. പ്രസിഡന്റ്‌ കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്. ശ്യാം കുമാരൻ, ബ്ലോക്ക്‌ മെമ്പർ എ. ഷീല, വൈസ് പ്രസിഡന്റ്‌ എസ്. വി. ഷീബ, പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സിബി,
എൻ. സലിൽ, എൻ. എസ്. അജ്മൽ, എസ്. ശ്യാം നാഥ്, സുമ സുനിൽ, രതി പ്രസാദ്, ഗിരിജ കുമാരി, ഷീജ സുബൈർ, ശ്രീലത ടീച്ചർ, പി. ഹരീഷ് എന്നിവർ പങ്കെടുത്തു.

ബലാത്സംഗ പരാതി: വിജയ് ബാബു മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

ബലാത്സംഗ പരാതി: വിജയ് ബാബു മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. ഉച്ചയ്ക്ക് ശേഷമാവും വിജയ് ബാബുവിന്റെ ഹര്‍ജി കോടതി പരിഗണിക്കുക. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേക്കും.

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പോലീസ്. അറസ്റ്റ് വേഗത്തിലാക്കാനാണ് നീക്കം. വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അറസ്റ്റ് അനിവാര്യമാണെന്നും യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, കേസിലെ പ്രതിയായ വിജയ് ബാബുവിനെ സിനിമാസംഘടനകളില്‍ നിന്ന് വിലക്കണമെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ മത്സ്യ ശക്തമാക്കി, മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകള്‍ നടത്തി. പരിശോധനയുടെ ഭാഗമായി 22 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി 5 നോട്ടീസുകളും നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും കാര്യമായ മായം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 3015 പരിശോധനയില്‍ 1173 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 666 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ലേല കേന്ദ്രങ്ങള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തി. പരിശോധന തുടരുന്നതാണ്.

കഴക്കൂട്ടത്ത് നാടന്‍ ബോംബ് ശേഖരം കണ്ടെത്തി;  അഞ്ചുപേര്‍ പിടിയില്‍

കഴക്കൂട്ടത്ത് നാടന്‍ ബോംബ് ശേഖരം കണ്ടെത്തി; അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയില്‍പാളത്തിന് സമീപം നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. സ്റ്റേഷന്‍കടവ് സ്വദേശികളായ സന്തോഷ് (45), സുല്‍ഫി (43), ഷാജഹാന്‍ (45), അസ്സം സ്വദേശികളായ നാസിര്‍ റഹ്‌മാന്‍ (30), ഷാജഹാന്‍ (18) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേനയാണ് റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാലുപേരെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയില്‍വേ പോലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു.

ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തുമ്പ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് നാടന്‍ ബോബുകള്‍ നിര്‍വീര്യമാക്കി.

‘കിലുക്കാംപെട്ടി’യുമായി കിഴുവിലം ജി.വി.ആർ.എം യൂ.പി സ്കൂൾ

‘കിലുക്കാംപെട്ടി’യുമായി കിഴുവിലം ജി.വി.ആർ.എം യൂ.പി സ്കൂൾ

ചിറയിൻകീഴ്: കിഴുവിലം ജിവിആർഎം യൂ.പി സ്കൂളിലെ അവധിക്കാലക്യാമ്പ് ‘കിലുക്കാംപെട്ടി’യുടെ ഉത്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് അധ്യക്ഷ മനോന്മണി നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വിനീത, വാർഡ്മെമ്പർ പ്രസന്ന, സാമൂഹിക പ്രവർത്തകൻ ദീപു എന്നിവർ പങ്കെടുത്തു.

എസ്ആർജി കൺവീനർ രഞ്ജുഷ, ഐ റ്റി കോർഡിനേറ്റർ മനോജ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രാമചന്ദ്രൻ നയിച്ച പാടാം രസിക്കാം എന്ന നാടൻപാട്ടുകളുടെ അവതരണവും, രാജൻബാബുവിന്റെ വരവിസ്മയം എന്ന ചിത്രരചന ക്ലാസും, അദ്ധ്യാപിക ഗിരിജയുടെ രസക്കൂട്ട് എന്ന ശാസ്ത്രപരീക്ഷണ ക്ലാസും ഈ അവധിക്കാലക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു.

രണ്ടാംദിനവും മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച് അധ്യാപകര്‍; സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് വിദ്യഭ്യാസ മന്ത്രി

രണ്ടാംദിനവും മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച് അധ്യാപകര്‍; സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്. എന്നാല്‍ അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഉത്തരസൂചികയില്‍ അപാകതയില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യസമയത്ത് തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പാണ് അധ്യാപകര്‍ ഇന്നും ബഹിഷ്‌കരിച്ചത്. 14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളില്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ ബഹിഷ്‌കരണം.

ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഉത്തരസൂചിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടികള്‍ എടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.