ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ് അപകടം

ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ് അപകടം

ആറ്റിങ്ങൽ: കണിയാപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് സഞ്ചരിച്ച കെഎസ്ആർടിസി ഓർഡിനറി ബസ് മാമം പാലത്തിനു സമീപം അപകടത്തിൽപ്പെട്ടു. റോഡ് ക്രോസ് ചെയ്യാൻ നിന്ന സ്കൂട്ടറിനെയും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിനെയും ബസ് ഇടിച്ചു. ബസ് അമിതവേഗതയിൽ ഓവർടേക് ചെയ്തതതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരൻ മണിലാൽ (50), സ്കൂട്ടർ യാത്രക്കാരൻ റംസി (30) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. റംസിയോടൊപ്പം അഞ്ചു വയസുള്ള കുട്ടിയുമുണ്ടായിരുന്നു. മണിലാലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റംസിയെ നിസാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിക്ക് പരിക്കുകളില്ല.

ആശാരിപ്പണിയുടെ മറവിൽ തോക്ക് നിർമ്മാണം; രണ്ട്‌ പേർ അറസ്റ്റിൽ

ആശാരിപ്പണിയുടെ മറവിൽ തോക്ക് നിർമ്മാണം; രണ്ട്‌ പേർ അറസ്റ്റിൽ

വെഞ്ഞാറമൂട്: കാർപെൻ്റർ പണിയുടെ മറവിൽ തോക്ക് നിർമ്മാണം നടത്തി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ് മൻസിലിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63 ) എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അരശു മുട്ടിലെ അസിമിൻ്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്കു നിർമ്മാണം കണ്ടെത്തിയത്. ഗൺ പൗഡർ, 9 എം.എം പിസ്റ്റൾ, പഴയ റിവോൾവർ,
7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങൾ പിടികൂടി. വ്യാവസായിക അടിസ്ഥാനത്തിലാണോ നിർമ്മാണം എന്ന് കൂടുതൽ അന്വേഷണത്തിലേ അറിയുവാൻ കഴിയു എന്ന് പോലീസ് പറഞ്ഞു.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതം; കുട്ടികളടക്കം 11 മരണം

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതം; കുട്ടികളടക്കം 11 മരണം

തഞ്ചാവൂർ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികളടക്കം 11 പേർ മരിച്ചു. തഞ്ചാവൂരിന് സമീപം കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

എഴുന്നള്ളിപ്പിനിടെ രഥം വൈദ്യുതി കമ്പിയിൽ കുടുങ്ങുകയായിരുന്നു. രഥത്തിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്റെ വ്യാപ്തികൂട്ടി. ലൈൽ ഓഫുചെയ്തതിനുശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത് എന്നാണ് റിപ്പോർട്ട്.

94-ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ സമീപ ഗ്രാമങ്ങളിൽ നിന്നുൾപ്പടെ നൂറുകണക്കിനുപേരാണ് എത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.

കാർ തടഞ്ഞ് നിർത്തി ഒരു കോടി രൂപ തട്ടിയെടുത്തു ;10 മലയാളികൾ അറസ്റ്റിൽ

കാർ തടഞ്ഞ് നിർത്തി ഒരു കോടി രൂപ തട്ടിയെടുത്തു ;10 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 10 മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി പി.കെ.രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി.സി.സനൽ, എറണാകുളം മരട് സ്വദേശി അഖിൽ, നിലമ്പൂർ സ്വദേശികളായ ജസിൻ ഫാരിസ്, സനഫ്, സമീർ, സൈനുലാബ്ദീൻ, എ.പി.ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് പത്തു ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പിടിച്ചെടുത്തു. മാർച്ച് 11നു നൈസ് റോഡിൽ മാദനായകനഹള്ളിയിൽ വച്ചാണ് സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളിൽ നിന്നുള്ള പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് കെ.വംശി കൃഷ്ണ പറഞ്ഞു. കൊള്ളമുതലിന്റെ ബാക്കിയുള്ള 90 ലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടെന്നാണ് സംശയം. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

നാവായിക്കുളത്ത് രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

നാവായിക്കുളത്ത് രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കല്ലമ്പലം: കഞ്ചാവിന്റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്റെയും വിതരണത്തിന് എതിരായി പോലീസ് നടത്തുന്ന ഡ്രൈവിന്റെ ഭാഗം ആയി നാവായികുളത്തു വാഹന പരിശോധനക്കിടെ രണ്ടു പേരെ പിടികൂടി. രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് അറസ്റ്റിൽ ആയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമും കല്ലമ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചു കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ.വി. ഗോപിനാഥ് ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്.വി.ടി യുടെയും വർക്കല ഡിവൈഎസ്പി നിയാസിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവർ അറസ്റ്റിൽ ആയത്.

കല്ലമ്പലം ഐഎസ്എച്ഒ ഐ.ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ വിജയകുമാർ, ജിഎസ്ഐമാരായ ജയൻ, അനിൽകുമാർ , എഎസ്ഐമാരായ സുനിൽ, സുനിൽകുമാർ, എസ്.സി.പി.ഒ ഹരിമോൻ തിരുവനന്തപുരം, റൂറൽ ഡാൻസാഫ് ടീമിലെ എസ് ഐ മാരായ ഫിറോസ്ഖാൻ ബിജു, എഎസ്ഐ ബിജുകുമാർ, സിപിഒ മാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസ്സായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.