by Midhun HP News | Mar 17, 2022 | Uncategorized
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടുപോയി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. പ്രാവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടിൽ ബാബു(54)വിന്റെ മൃതദേഹമാണ് ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയിൽ എം.ലാൽ മോഹന്റെ(34) താണെന്നു കരുതി ബന്ധുക്കൾ വീട്ടുവളപ്പിൽ സംസ്കരിച്ചത്. 4 ദിവസം കഴിഞ്ഞാണ് മൃതദേഹം മാറിയ വിവരം പുറത്തായത്. മോർച്ചറിയിലുള്ളത് ലാൽ മോഹന്റെ മൃതദേഹമാണെന്ന് ഇന്നലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഒരേ ദിവസം വ്യത്യസ്ത അപകടത്തിൽപ്പെട്ട് ഒരേ സമയത്താണ് എത്തിച്ച ഇരുവരെയും അജ്ഞാതൻ എന്ന് എഴുതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസ് ഷീറ്റിലും അജ്ഞാതൻ എന്നാണ് എഴുതിയിരുന്നത്. 11നു നേമത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ ബാബുവും മലയിൻകീഴിൽ വൈദ്യുത തൂണിൽ ബൈക്കിടിച്ച് പരുക്കേറ്റ ലാൽമോഹനെയും കാഷ്വാലിറ്റിയിൽ എത്തിച്ചത് ഒരേ സമയത്തായിരുന്നു. ബാബുവിനെ സൂപ്പർ സ്പെഷാലിറ്റിയിലേക്കും ലാൽമോഹനെ 25ാം വാർഡിനു സമീപത്തെ ഐസിയുവിലും പ്രവേശിപ്പിച്ചു.
വളരെ വൈകിയാണ് ലാൽമോഹന്റെ ബന്ധുക്കൾ വിവരം അറിഞ്ഞ് എത്തിയത്. ഐസിയുവിലായതിനാൽ ആർക്കും കാണാൻ കഴിഞ്ഞില്ല. 12ന് അപകടത്തിൽപ്പെട്ട് കഴിഞ്ഞ ദിവസം എത്തിച്ച ആൾ മരിച്ചെന്ന വിവരം അറിഞ്ഞാണ് ബന്ധുക്കൾ മൃതദേഹം കാണാനായി മോർച്ചറിയിൽ പോയത്. മൃതദേഹം കണ്ടയുടൻ ഇതു ലാൽമോഹനന്റേതാണെന്നു ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മുഖത്ത് നീരും മുറിവും ഉണ്ടായിരുന്നതിനാൽ കാര്യമായ പരിശോധന നടത്തിയില്ല.13ന് ഇൻക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം ഏറ്റവുവാങ്ങി കൊണ്ടുപോയി സംസ്കരിച്ചു.
ഈ സമയം ബാബുവിന്റെ വിവരം തിരക്കി അലയുകയായിരുന്നു ബാബുവിന്റെ ബന്ധുക്കൾ. ഇന്നലെ രാവിലെ മരിച്ച അജ്ഞാതന്റെ മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം മാറി പോയ വിവരം തിരിച്ചറിഞ്ഞത്. ഇന്നലെ മരിച്ചത് ലാൽ മോഹനാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മൃതദേഹങ്ങൾ മാറി കൊണ്ടുപോയി സംസ്കരിക്കുന്നത്. അതേ സമയം ഇപ്പോഴത്തെ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും ബന്ധുക്കൾ മാറി കൊണ്ടുപോയതാകാമെന്നും സുരക്ഷാവിഭാഗം ഓഫിസർ നാസറുദീൻ പറഞ്ഞു.

by Midhun HP News | Mar 16, 2022 | Uncategorized
പാലക്കാട്: സംസ്ഥാന മുൻപൊലീസ് മേധാവിയും നാഷനൽ അക്കാദമി ഒാഫ് ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ് മേധാവിയുമായിരുന്ന വി.എൻ.രാജൻ(98) അന്തരിച്ചു. ചെന്നൈയിൽ പുരുഷവാക്കത്ത് മകന്റെ വസതിയിലായിരുന്നു അന്ത്യം. കോങ്ങാട് തറവാട് ക്ഷേത്രത്തിലെ ചടങ്ങിന് എത്തിയിരുന്ന അദ്ദേഹം 14നു മടങ്ങുമ്പോൾ വിമാനത്തിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ചികിത്സ തേടിയിരുന്നു. അണ്ണാനഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി.
അടിയന്തരാവസ്ഥ കാലത്ത് പൊലീസിനെ നയിച്ച വി.എൻ.രാജൻ ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവായും അറിയപ്പെടുന്നു. അടിയന്തരാവസ്ഥ കാലത്തെ രാജൻ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും അദ്ദേഹം പിന്നീടു തുറന്നുപറഞ്ഞിരുന്നു.
കൊടുവായൂർ എത്തനൂർ പണ്ടലങ്ങാട്ട് കുടുംബാംഗമായ രാജൻ 1924ൽ മ്യാൻമറിലെ(ബർമ) റംഗൂണിൽ ജനിച്ചു. 1948ൽ രാജ്യത്തെ ആദ്യ ഐപിഎസ് ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ടു. 1956ൽ സംസ്ഥാന പുനഃസംഘടനയുടെ സമയത്തു ദക്ഷിണ കർണാടകയിലുണ്ടായ സംഘർഷവും 1971ലെ തലശ്ശേരി കലാപവും നേരിടുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അദ്ദേഹം ഡിഐജിയായിരുന്ന കാലത്താണ് നക്സലുകൾ കോങ്ങാട് നാരായണൻ നായരെ തലയറുത്തു കൊലപ്പെടുത്തിയ ത്. നാരായണൻ നായരുടെ സഹോദരൻ ചിന്നക്കുട്ടൻ നായരുടെ മകളുടെ ഭർത്താവായ രാജൻ സംഭവദിവസം കോങ്ങാട് ഭാര്യവീട്ടിൽ ഉണ്ടായിരുന്നു. 1973ൽ ഐജിയായി. അക്കാലത്ത് ഐജിയായിരുന്നു സംസ്ഥാന പൊലീസ് മേധാവി.
രാജൻ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതോടെ 1979ൽ കേന്ദ്രസർവീസിലേക്കു പോയ അദ്ദേഹം 1982 വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിമിനോളജിയുടെ മേധാവിയായിരുന്നു. വിരമിച്ചശേഷം സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ റിസർച് സർവകലാശാലയിൽ ക്രിമിനോളജി പ്രഫസറായി പ്രവർത്തിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് സംഘടനയുടെ മുഖ്യഉപദേഷ്ടാവാണ്.
വി.എൻ. രാജൻ രചിച്ച ക്രിമിനൽ നീതിന്യായം, വിക്റ്റിമോളജി ഇൻ ഇന്ത്യ, പേഴ്സ്പെക്ടീവ് ബിയോണ്ട് ഫ്രോണ്ടിയേഴ്സ്, വിതർ ക്രിമിനൽ ജസ്റ്റിസ് പോളിസി എന്നീ പുസ്തകങ്ങൾ നിയമമേഖലയിൽ പാഠപുസ്തകങ്ങളാണ്.
ഭാര്യ: കോട്ടപ്പടി തറവാട്ടംഗം പരേതയായ വിശാലാക്ഷി(തങ്കം).
മക്കൾ: സുധീർരാജ് (ഇന്ത്യൻ റവന്യു സർവീസ് മുൻ ഉദ്യോഗസ്ഥൻ, ചെന്നൈ), പരേതരായ സുനിൽരാജ്, ഗീതാ ഗോവിന്ദ്.
മരുമക്കൾ: ഗോവിന്ദ് കൃഷ്ണകുമാർ, ചിത്ര.

by Midhun HP News | Mar 16, 2022 | Uncategorized
പാരീസ്: ഫ്രാന്‍സിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന് ഉയരം കൂടി! സംഗതി സത്യമാണ്. ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിന്റെ ഉയരം ആറ് മീറ്റര്‍ (19.69 അടി) കൂടി വര്‍ധിച്ചത്. പുതിയ ആന്റിന സ്ഥാപിച്ചതോടെ ഈഫല്‍ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ടവറിന്റെ 133 വര്‍ഷത്തെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ശാസ്ത്ര പുരോഗതിയെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫല്‍ ടവറിന് ഉയരം വര്‍ധിച്ചു. അത് അത്ര സാധാരണമല്ല’, അദ്ദേഹം പറഞ്ഞു.
1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. 100 വര്‍ഷത്തിലേറെയായി ഇത് ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷനുകള്‍ക്കായും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്ന ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.

by Midhun HP News | Mar 16, 2022 | Uncategorized, മരണം
ചിറയിൻകീഴ്: നാവായിക്കുളം ഇടമൺ നില അജിതാ സദനത്തിൽ അന്തരിച്ച വേലുപ്പിള്ളയുടെ ഭാര്യ രാജമ്മ(79)(പുത്തൂരം, ശാർക്കര ,ചിറയിൻകീഴ്) അന്തരിച്ചു.
മക്കൾ: അജിത്ത് കുമാർ, അനിൽകുമാർ (എസ്.കെ.വി.എച്ച്.എസ് കടമ്പാട്ടുകോണം), അജിതകുമാരി എ ആർ (എച്ച് എം എസ് എൻ വി എച്ച് എസ് എസ് പനയറ )
മരുമക്കൾ: സുനിത, ബീന(എസ് എൻ വി എച്ച് എസ് പനയറ), അഡ്വ. വി കെ നെടുവേലി സുരേഷ്കുമാർ.
സഞ്ചയനം ഞായറാഴ്ച (20.03.2022) 8.30ന്.
by Midhun HP News | Mar 15, 2022 | Uncategorized
ആറ്റിങ്ങൽ: 2021-2022 അധ്യയന വർഷത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഗവ. Hടട കവലയൂർ നിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ വൈഗ എ സജീവ് എന്ന അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി.മണമ്പൂർ പാർത്തുകോണം സ്വപ്നക്കൂട്ടിൽ സജീവ് അർച്ചന ദമ്പതികളുടെ മകളാണ് വൈഗ എ സജീവ്.

by Midhun HP News | Mar 15, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി. ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്
വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ 21-വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളുകളും കോളേജുകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കുകയാണ്.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു.

Recent Comments