സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചു; നിയമനം റദ്ദാക്കാൻ തീരുമാനം

സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചു; നിയമനം റദ്ദാക്കാൻ തീരുമാനം

തൊടുപുഴ: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനം. സ്വപ്ന സുരേഷിനു ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആർഡിഎസ്) കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു. നിയമനം ബോർഡ് റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയാൽ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആർഎസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. താനുൾപ്പെടെയുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ മാറ്റി ‘ഡമ്മി’ ബോർഡിന്റെ വിവരങ്ങൾ അജി കൃഷ്ണൻ എച്ച്ആർഡിഎസ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള റജിസ്ട്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്നും ആത്മഹത്യയുടെ വക്കിൽനിന്നു പുതിയ ജോലി ലഭിച്ചതു വലിയ കാര്യമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാകും തുടർന്നുള്ള പ്രവർത്തനമെന്നും സ്വപ്ന പറഞ്ഞു. തെറ്റു ചെയ്യാതെ ജയിലിലെത്തിയ സ്ത്രീകൾക്കുവേണ്ടി തനിക്കു പ്രവർത്തിക്കാനാവും. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാപനം ജോലി നൽകിയതെന്നും സ്വപ്ന പ്രതികരിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.

കോവിഡ് മൂന്നാം തരംഗം: രോഗികളുടെ എണ്ണം കുറയുന്നു

കോവിഡ് മൂന്നാം തരംഗം: രോഗികളുടെ എണ്ണം കുറയുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 5,11,230 പേരെ ഇതുവരെ കൊവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 60298 പേർ രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ അതേ സമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03 കോടി പിന്നിട്ടു.

രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 21 മുതല്‍ കേസുകള്‍ കുറഞ്ഞുവരുന്നതിലാണ് അധിക നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്.

15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം

15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) കോസ്റ്റൽ വൾനറബിലിറ്റി ഇൻഡക്‌സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുർബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.

പഠനത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കാസർകോട് ജില്ലകളിലെ തീരമേഖലകളാണ് കൂടുതൽ അപകടകരമായ രീതിയിലുള്ളത്. തീരദേശ മണ്ണൊലിപ്പ്, കടൽ കയറുക, സുനാമിയിലും മറ്റു പ്രകൃതിദുരന്തങ്ങളിലും വളരെവേഗം നാശം സംഭവിക്കുക, തീരമേഖലകളിൽ ചെരിവ് സംഭവിക്കുക, ഉയർന്ന തിരമാലയടിക്കുക തുടങ്ങിയവയാണ് ഈ മേഖലകളിൽ കൂടുതലായും സംഭവിക്കുക.

സംസ്ഥാനത്തെ 53 കിലോമീറ്റർ അപകടകരമായ രീതിയിലും 243 കിലോമീറ്റർ ഇടത്തരം അപകടകരമായ രീതിയിലുമാണെന്ന് പഠനം പറയുന്നു. മാറുന്ന കടൽനിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടൽമേഖലയിലെ ദുരന്തങ്ങൾ, തിരമാലയുടെ ഉയരവും ദൈർഘ്യവും കടലിന്റെ ഉയർച്ചതാഴ്ചകൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

തീരദേശമേഖലയുമായുള്ള നയങ്ങൾ തയ്യാറാക്കുമ്പോഴും ഈ മേഖലയുമായുള്ള പദ്ധതികൾ കൊണ്ടുവരുമ്പോഴും ആദ്യം ശ്രദ്ധനൽകേണ്ടത് അതീവഅപകടകരമായിരിക്കുന്ന മേഖലയിലാണെന്ന് ഇൻകോയിസ് ഓപ്പറേഷണൽ ഓഷ്യൻ സർവീസസ് ആൻഡ് അപ്ലൈഡ് റിസർച്ച് ഗ്രൂപ്പ് ഡയറക്ടറും സീനിയർ സയന്റിസ്റ്റുമായ ടി.എം. ബാലകൃഷ്ണൻ നായർ പറഞ്ഞു.

കേരളത്തിലെ സമുദ്രത്തിന്റെ തോത് പ്രതിവർഷം മൂന്നുമുതൽ 3.4 വരെ മില്ലീമീറ്റർ ഉയരുന്നുണ്ട്. ഇത് വളരെയേറെ ശ്രദ്ധനൽകേണ്ട ഭാഗമാണ് -അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണം : കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം

പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണം : കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം

ആറ്റിങ്ങൽ : പൊതുവിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടുമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിലും ഓൺലൈൻ പഠന പ്രവർത്തനങ്ങളിലും സജീവമായിരുന്ന അധ്യാപകരെ അവമതിക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചനയില്ലാതെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും വകുപ്പിലെ വീഴ്ചകൾ ശ്രദ്ധയിൽപെടുത്തുന്ന അദ്ധ്യാപകർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നതും പൊതു വിദ്യാഭ്യാസ മേഖലയുടെ മേൻമ ഇല്ലാതാക്കും.

അദ്ധ്യായന വർഷാരംഭത്തിൽ പാഠഭാഗങ്ങൾ മുഴുവനും പഠിക്കണമെന്ന നിർദേശം നൽകാതിരുന്നത് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തി. ഉച്ചഭക്ഷണ പദ്ധതിക്ക് ലഭ്യമാക്കിയിരുന്ന തുക വർദ്ധിപ്പിക്കാത്തതും നൽകി കൊണ്ടിരുന്ന വിഭവങ്ങൾ വെട്ടിക്കുറച്ചതും പ്രതിഷേധാർഹമാണ്. നോഷണലായി നിയമനാംഗീകാരം കിട്ടിയ അദ്ധ്യാപകർക്ക് സർവീസ് കാലയളവിലെ ആനുകൂല്യങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹയർസെക്കൻഡറി ട്രാൻസ്ഫർ കരട് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി.സ്കൂളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജമീൽ.ജെ അധ്യക്ഷനായി. സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എം അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.ജിജുമോൻ പ്രമേയം അവതരിപ്പിച്ചു. കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി കെ.റ്റി.അമാനുള്ള ഉദ്ഘാടനം ചെയ്തു. പ്രകാശ് പോരേടം, ഷുഹൈബ്.കെ, ഹൻസീർ എന്നിവർ സംസാരിച്ചു. ഷിഹാബുദ്ധീൻ.എസ് സ്വാഗതവും
ഹാഷിം മേലഴികം നന്ദിയും പറഞ്ഞു.

നഗരൂർ പാലം പുതുക്കി പണിയുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നിരോധിച്ചു

നഗരൂർ പാലം പുതുക്കി പണിയുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നിരോധിച്ചു

നഗരൂർ: നഗരൂർ-കാരേറ്റ് റോഡിൽ നഗരൂർ ജംഗ്ഷനു സമീപത്തെ പാലം പുതുക്കി പണിയുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നാളെ (20.02.2022) മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു.

കാരേറ്റ് ഭാഗത്ത് നിന്നും നഗരൂരിലേക്ക് വരുന്ന വാഹനങ്ങൾ കിണറ്റുമുക്ക് നിന്നും തിരിഞ്ഞു മുണ്ടയിൽകോണം – കല്ലിംഗൽ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. നഗരൂരിൽ നിന്നും കാരേറ്റേക്ക് പോകേണ്ട വാഹനങ്ങൾ കല്ലിംഗൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മുണ്ടയിൽകോണം വഴി കിണറ്റുമുക്ക്
വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്നും ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു

ആറ്റിങ്ങൽ നഗരസഭ സിഡിഎസ് ചെയർപേഴ്സനായി എ.റീജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ആറ്റിങ്ങൽ നഗരസഭ സിഡിഎസ് ചെയർപേഴ്സനായി എ.റീജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയുടെ സിഡിഎസ് അധ്യക്ഷ സ്ഥാനത്തേക്കാണ് എ.റീജയെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തത്. 2018 ൽ സിഡിഎസ് ചെയർപേഴ്സനായി അധികാരമേറ്റിരുന്ന റീജ തുടർച്ചയായ രണ്ടാം വട്ടവും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. വാർഡ് 6 തച്ചൂർകുന്നിലെ പരവൂർകോണം അയൽക്കൂട്ട അംഗം കൂടിയാണിവർ. വൈസ് ചെയർപേഴ്സനായി കൊടുമൺ 23ആം വാർഡിലെ കരുണ അയൽക്കൂട്ട അംഗമായ ഷീജസുനിലെയും തിരഞ്ഞെടുത്തു. കൊവിഡിന്റെ മൂന്നാം തരംഗ പ്രതിസന്ധിയിൽ ജനുവരി 25 ന് നടത്താനിരുന്ന സി.ഡി.എസ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

ജനുവരി ആദ്യപകുതിയോടെ നഗരത്തിലെ യോഗ്യതയുള്ള 234 അയൽക്കൂട്ട കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി. തുടർന്ന് 17, 18, 19 തീയതികളിലായി ഓരോ വാർഡിലും 11 അംഗ എ.ഡി.എസ് ഭരണസമിതി രൂപീകരിച്ചു. ഇന്ന് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ടം 31 വാർഡിലെയും 11 അംഗ എ.ഡി.എസ് ഭരണസമിതിയിൽ നിന്ന് ഓരോ അംഗത്തെ വീതം സിഡിഎസി ലേക്ക് തിരഞ്ഞെടുത്തു. ശേഷം തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങൾ ഐക്യഖണ്ഡേന സിഡിഎസ് അധ്യക്ഷയായി എ.റീജയെ തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 21 തിങ്കളാഴ്ച്ച തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ഭരണചുമതല ഏറ്റെടുക്കും.