അന്‍സിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

അന്‍സിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി : ഫോർട്ട് കൊച്ചിയിലെ NO.18  ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തി കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ ബന്ധുവായ നസീം പറഞ്ഞു. റോയ് വയലാട്ടിന്‍റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്‍റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു.ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

മോ‍ഡലുകളുടെ മരണത്തിൽ വിവാദത്തിലായ NO.18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി. പ്രതികള്‍ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും മൊഴി നൽകിയിരുന്നു. എന്നാല്‍ ഈ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതി അഞ്ജലി റീമാ ദേവ് പറഞ്ഞു. തന്‍റെ മുന്‍ ജീവനക്കാരിയായ പരാതിക്കാരിയുടെ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കാന‍ായാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അഞ്ജലി ആരോപിച്ചു.

കോഴിക്കോട്ട് ബിസ് യൂണികോം എന്ന പേരില്‍ ബിസിനസ് കണ്‍സല്‍ട്ടന്‍സി നടത്തുന്നയാളാണ് അഞ്ജലി റീമാ ദേവ് എന്ന അഞ്ജലി. ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ മൂന്നാംപ്രതി. എന്നാല്‍ താന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ എടുത്ത പോക്സോ കേസ് വ്യാജമെന്നാണ് അഞ്ജലിയുടെ ആരോപണം. തന്‍റെ സ്ഥാപനത്തില്‍ ആറുമാസം പരാതിക്കാരി ജോലി നോക്കിയിരുന്നു. അച്ചടക്ക ലംഘനങ്ങളെ തുടര്‍ന്ന് പുറത്താക്കി. വട്ടിപ്പലിശക്ക് പണം കൊടുക്കുന്ന ബിസിനസ് പരാതിക്കാരിക്കുണ്ട്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ സംഘടിപ്പിച്ച് തന്നെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയെന്നും അഞ്ജലി പറയുന്നു. ഇതെല്ലാം പുറത്ത് വരുമെന്ന് ഭയം മൂലമാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ മുന്‍നിര്‍ത്തി കള്ളക്കേസ് കൊടുത്തതെന്ന് അഞ്ജലി ആരോപിക്കുന്നു.

ശ്വേതാ മേനോൻ നായികയാകുന്ന ‘മാതംഗി’യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസ് ചെയ്തു

ശ്വേതാ മേനോൻ നായികയാകുന്ന ‘മാതംഗി’യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസ് ചെയ്തു

ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാതമോഹൻ , രൂപേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദനവിഷയം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്വേതാമേനോൻ , വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവർ അഭിനയിക്കുന്നു. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ , രചന , സംവിധാനം – ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ . തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

26ാമത്   രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്‌ എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീരം തിരയെടുക്കുന്നത് തടയാന്‍ നൂതന പുലിമുട്ട് പദ്ധതി

തീരം തിരയെടുക്കുന്നത് തടയാന്‍ നൂതന പുലിമുട്ട് പദ്ധതി

തിരുവനന്തപുരം : തീരം തിരയെടുക്കുന്നത് തടയാന്‍ ടൂറിസം സാധ്യതകൾക്ക് ഉതകുംവിധം നൂതന പുലിമുട്ട് പദ്ധതി തയ്യാറാകുന്നു. രൂപരേഖ അടക്കമുള്ള പദ്ധതി നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കും.

വെള്ളത്തിന് മുകളില്‍ ചെറിയ പാര്‍ക്ക് പോലെയാണ് നിർമ്മാണം. വര്‍ണ വിളക്കുകള്‍ സ്ഥാപിച്ച്‌ സഞ്ചാരികള്‍ക്ക് മനോഹര കാഴ്‌ചയൊരുക്കുവാനാണ് പദ്ധതി. ഐലന്റ് മാതൃകയിൽ രൂപകല്പന ചെയ്തിട്ടുള്ള പുലിമുട്ടിലേയ്ക്ക് കടല്‍ തീരത്ത് നിന്ന് വള്ളത്തിലോ ബോട്ടിലോ എത്താനാകും.

ആദ്യഘട്ടത്തിൽ കോവളം ലൈറ്റ് ഹൗസ്, ഹവ്വാ തീരങ്ങളില്‍ രണ്ട് പുലിമുട്ട് ദ്വീപുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.കരയില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തിലാണ് പുലിമുട്ടുകള്‍ വരുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് പദ്ധതി തയ്യാറാക്കുന്നത്.

180 മീറ്ററായിരിക്കും നീളം. ജിയോ ട്യൂബ് ഉപയോഗിച്ചാല്‍ ചെലവ് 22 കോടിയില്‍ ഒതുങ്ങും. എന്നാല്‍ കരിങ്കല്‍ നിര്‍മ്മാണത്തിന് ചെലവ് 42 കോടിയാകും. കടലിലെ ഡാറ്റാ ശേഖരണത്തിന് പുറമെ ലാബില്‍ മാതൃകാപഠനവും നടത്തിയ ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

നൂതന പുലിമുട്ട് വരുന്നതോടെ തീരസംരക്ഷണം സുരക്ഷിതമാകുമെന്നാണ് പഠനം. നിര്‍മ്മാണച്ചുമതല – ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ്.

ഹൈക്കോടതി ഇടപെട്ടു; അട്ടപ്പാടി മധു കേസിൽ നടപടികൾ നേരത്തേയാക്കി

ഹൈക്കോടതി ഇടപെട്ടു; അട്ടപ്പാടി മധു കേസിൽ നടപടികൾ നേരത്തേയാക്കി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. മധു കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനമായി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാർച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. അതിനിടെ, കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.

2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറ് പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

വാവ സുരേഷിന് നാടിന്റെ ആദരം അറിയിച്ച് മുൻ എം എൽ എ അഡ്വ ബി സത്യൻ

വാവ സുരേഷിന് നാടിന്റെ ആദരം അറിയിച്ച് മുൻ എം എൽ എ അഡ്വ ബി സത്യൻ

തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന വാവസുരേഷിനെ മുൻ എം എൽ എ അഡ്വ ബി സത്യൻ നേരിൽ കണ്ട് നാടിന്റെ ആദരവ് അറിയിച്ചു.

കോട്ടയം കുറിച്ചിയിൽവെച്ച് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ കൂട്ടായ ഇടപെടലിനെ ഭാഗമായി നല്ല ചികിത്സ ലഭിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു സാധാരണനിലയിലേക്ക് മടങ്ങിവരികയും ചെയ്തു.

ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന വാവയെ കണ്ടു ഷോൾ അണിയിച്ചു നാടിന്റെ സ്നേഹവും ആദരവും അറിയിച്ചു