നാവായിക്കുളത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു അപകടം

നാവായിക്കുളത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു അപകടം

നാവായിക്കുളം: നാവായിക്കുളം തട്ടുപാലത്തു കാർ കുഴിയിലേക്ക് മറിഞ്ഞു അപകടം. കൊല്ലം ഭാഗത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന ഹോണ്ട അമേസ് കാറാണ് അപകടത്തിൽ പെട്ടത്. പിന്നിൽ നിന്നും വന്ന വാഹനം കാറിൽ ഇടിച്ചു നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്.

പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്; തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്

പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്; തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് ജില്ലയിപ്പോൾ. കർമ്മപദ്ധതിയില നിർദേശ പ്രകാരം പരിശോധനകൾക്ക് ഇനി സിൻഡ്രോമിക് മാനേജ്മന്റ് രീതിയാണ് അവലംബിക്കുക. രോഗലക്ഷണങ്ങളുള്ളയാളുകൾ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങൾ പാലിക്കണമെന്നതാണ് അറിയിപ്പ്.

ലക്ഷണങ്ങളുള്ളവർ സ്വയം പോസിറ്റിവായി കണക്കാക്കി കർശന ഐസോലേഷൻ പാലിക്കേണ്ടിവരും. കൊവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പരിശോധയിൽ മുൻഗണന നൽകി ചികിത്സ നൽകാനും ഊന്നൽ നൽകും. ആരോഗ്യവകുപ്പിന്‍റെ കർമ്മപദ്ധതി പ്രകാരമാണ് പുതിയ മാറ്റങ്ങൾ. താഴേത്തട്ടിൽ കൂടുതൽ സി എഫ് എൽ ടി സികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശമുണ്ട്. അതേസമയം ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തണം. കൃത്യസമയം ചികിത്സ തേടുകയും വേണം.

കോവിഡ് വ്യാപനം:  ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

കോവിഡ് വ്യാപനം: ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ തിരിച്ച മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണം ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അടുത്ത 2 ഞായറാഴ്ചകളിൽ (ജനുവരി 23, 30) ലോക്ഡൗണിനു സമാനമായി അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.

ഇന്നലത്തെ (20) കണക്കനുസരിച്ച് ഓരോ കാറ്റഗറിയിലുമുള്ള ജില്ലകൾ:
എ: എറണാകുളം, ആലപ്പുഴ, കൊല്ലം,
ബി: പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട്.

നിയന്ത്രണങ്ങൾ ഏറ്റവും കർശനമായ സി കാറ്റഗറിയിൽ ഇപ്പോൾ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണു ബാധകം. അതേസമയം, ഞായറാഴ്ചയിലെ നിയന്ത്രണം എല്ലാ ജില്ലകൾക്കും ബാധകമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും.

∙ എ കാറ്റഗറി: ചടങ്ങുകൾക്ക് 50 പേർ മാത്രം
∙ ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ്‌ലൈൻ തീയതിയായ ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലും ആയാൽ ആ ജില്ല എ കാറ്റഗറിയിൽ വരും.
∙ സാമൂഹിക, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ.
∙ ബി കാറ്റഗറി: പൊതു പരിപാടികൾ പാടില്ല
∙ ആശുപതിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആവുകയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയാവുകയുമാണെങ്കിൽ ജില്ല ബി കാറ്റഗറിയിൽ വരും.
∙ സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 പേർ.
10, 11, 12 ക്ലാസുകൾ സ്കൂളിൽത്തന്നെ
ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് സ്കൂൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതൽ വീണ്ടും ഓൺലൈൻ പഠനം. ഈ ക്ലാസുകളുടെ ട്യൂഷൻ സെന്ററുകൾക്കും നിയന്ത്രണം ബാധകമാണ്. 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരും.
സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ പ്ലസ് വൺ, ഒന്നും രണ്ടും വർഷ ബിരുദം, ഒന്നാം വർഷ ബിരുദാനന്തര ബിരുദം ക്ലാസുകളും ഓൺലൈനിലേക്കു മാറ്റണം. എന്നാൽ നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ ബാധകമല്ല.

അപകടത്തിൽ പെട്ട തൊഴിലുറപ്പ് തൊഴിലാളിക്ക് ചികിത്സ സഹായവുമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ

അപകടത്തിൽ പെട്ട തൊഴിലുറപ്പ് തൊഴിലാളിക്ക് ചികിത്സ സഹായവുമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയും മേറ്റുമായ സുഗന്ധിക്കാണ് യൂണിയൻ പ്രവർത്തകർ സഹായവുമായി എത്തിയത്. ഒരു അപകടത്തിൽപെട്ട് കാൽ ഒടിഞ്ഞു കഴിഞ്ഞ കുറച്ചു ദിവസമായി കിടപ്പിലാണ് സുഗന്ധി. തൊഴിലുറപ്പ് തൊഴിൽ ചെയ്‍താണ് സുഗന്ധി കുടുംബം നോക്കിയിരുന്നത്. കിടപ്പിലായതിനെ തുടർന്ന് ചികിത്സ ഉൾപ്പെടെയുള്ള ചിലവുകൾ ബുദ്ധിമുട്ടായി.

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖല ട്രഷററും സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് സെക്രട്ടറിയുമായ വിജയ് വിമലിന്റെ നേതൃത്വത്തിൽ യൂണിയൻ പ്രവർത്തകർ സുഗന്ധിയെ സഹായിക്കുന്നതിന് ആവശ്യമായ തുക സ്വരൂപിക്കുകയും ഇവരുടെ വീട്ടിലെത്തി തുക കൈമാറുകയും ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം സരിത, മഞ്ജു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

പോലീസ് സേനയിൽ ഇടം പിടിക്കാൻ ഇനി കുടുംബശ്രീ അംഗങ്ങളും

പോലീസ് സേനയിൽ ഇടം പിടിക്കാൻ ഇനി കുടുംബശ്രീ അംഗങ്ങളും

തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും എത്തുന്നു. സ്ത്രീ കർമ്മസേനയെന്ന പേരിൽ കേരളാ പൊലീസിന്‍റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനിൽ കാന്താണ്.

കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശപ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽ കാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്‍റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.

മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം കടന്നുകളഞ്ഞ രണ്ട് സ്ത്രീകളും കാമുകന്മാരും പിടിയിൽ

മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം കടന്നുകളഞ്ഞ രണ്ട് സ്ത്രീകളും കാമുകന്മാരും പിടിയിൽ

പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം കടന്നുകളഞ്ഞ രണ്ടു സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ. വർക്കല, രഘുനാഥപുരം ബി എസ് മൻസിലിൽ ഷൈൻ(38),കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട്, മീനത്തേതിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് രണ്ടു സ്ത്രീകൾക്കൊപ്പം തമിഴ്നാട് കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്.

2021 ഡിസംബർ 26ന് രാത്രി ഒമ്പതുമണിയോടെയാണ് ഇവർ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം കടന്നുകളഞ്ഞത്. സ്ത്രീകളിൽ ഒരാൾ അഞ്ചു വയസ്സുള്ള കുട്ടിയെയാണ് ഉപേക്ഷിച്ചു കടന്നത്. ഒന്നര, 4, 12 വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് മറ്റേ സ്ത്രീ പോയത്. ഇരുവരുടെയും ഭർത്താക്കന്മാർ വിദേശത്താണ്.

ഭർത്താക്കന്മാർ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിച്ച് കൊണ്ടുപോയി ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പോലീസ് പറയുന്നു. കൂടാതെ ഷൈന് എഴുകോൺ, ഏനാത്ത് എന്ന് പോലീസ് സ്റ്റേഷനുകളിലും റിയാസിന് കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശൂരനാട് പോത്തൻകോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ച് ഇവരോടൊപ്പം ഇറങ്ങിപ്പോയ സ്ത്രീകളെയും കൊണ്ട് ഇവർ ബാംഗ്ലൂർ,മൈസൂർ,ഊട്ടി, കോയമ്പത്തൂർ, തെന്മല,കുറ്റാലം എന്നീ സ്ഥലങ്ങളിൽ കറങ്ങി നടന്നു. ചെലവിനുള്ള 50,000 രൂപ സ്ത്രീകൾ അയൽവാസികളിൽ നിന്നും കടം വാങ്ങിയിരുന്നു.

അമ്മമാരെ കാണാതായ ശേഷം കൊച്ചു കുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പള്ളിക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.തുടർന്ന് കുറ്റാലത്തുള്ള ഒരു റിസോർട്ടിൽ നിന്നും 4 പേരെയും പോലീസ് പിടികൂടി. ജീമയെയും നാസിയയെയും കാണിച്ചു കൊടുക്കുന്നതിന് ഇരുവരുടെയും ബന്ധുക്കളിൽനിന്നും ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. കുറ്റാലത്ത് നിന്നും ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലനീതി വകുപ്പ് പ്രകാരം പള്ളിക്കൽ പോലീസ് നടപടി സ്വീകരിച്ചു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സി.ഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ.എം,എസ്.സി.പി.ഒ രാജീവ്, സിപിമാരായ ഷമീർ, അജീസ്, മഹേഷ്, ഡബ്ല്യു.സി.പി.ഒ അനു മോഹൻ,ഷംല എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സ്ത്രീകളെയും പുരുഷന്മാരെയും റിമാൻഡ് ചെയ്തു.