by Midhun HP News | Jan 13, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ വീട്ടിൽ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു.
അന്വേഷണസംഘം ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് പൊലീസിൻ്റെ പരിശോധന. ഈ കേസിൽ മുൻകൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിൻ്റെ വീട്ടിലെ പരിശോധന. തൻ്റെ ചുമലിൽ കൈവച്ച പൊലീസുകാരനെ വധിക്കും മറ്റുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോറി കേറ്റും എന്നും ദിലീപ് പറഞ്ഞതായി സംവിധായകൻ ബാലചന്ദ്രകുമാര്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍നിന്നുള്ള കൂടുതല്‍ പോലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്.
by Midhun HP News | Jan 13, 2022 | Uncategorized
തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സമ്മതിച്ച് സിപിഎം. മെഗാ തിരുവാതിരക്കളി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നും അന്നത്തെ ദിവസം വേണ്ടിയിരുന്നില്ലെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, തിരുവാതിര കളിച്ചത് 502 വനിതകൾ. ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയായിരുന്നു സംഘാടനം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ.സലൂജ നേതൃത്വം നൽകി.
സമൂഹമാധ്യമങ്ങളിൽ പാർട്ടി അനുഭാവികളിൽനിന്നടക്കം രൂക്ഷവിമർശനമാണ് തിരുവാതിരക്കളിക്കെതിരെ ഉയർന്നത്. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ… ’ എന്നിങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടിനൊപ്പമാണ് വനിതകൾ ചുവടുവച്ചത്. ഇതും വിമർശനത്തിനു കാരണമായി.
by Midhun HP News | Jan 10, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം.
കുത്തേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. കോളേജ് ക്യാമ്പസിന് പുറത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്. വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചുവെന്നാണ് വിവരം.
by Midhun HP News | Jan 10, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം : നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം.
15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.
കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jan 10, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി നഗരസഭ ജനകീയാസൂത്രണം പദ്ധതി നിർവ്വഹണത്തിന്റെ ഒന്നാം വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ഇതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതവും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർ രാജ് പദ്ധതി വിശദീകരണവും നടത്തി. മുനിസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ അവനവഞ്ചേരി രാജു, രമ്യ സുധീർ, ഗിരിജ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം യോഗത്തിന് നന്ദി പറഞ്ഞു.
നഗരസഭ ജനകീയാസൂത്രണം 2022 – 23 പദ്ധതിയിൽ 16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ചയിൽ പങ്കെടുത്തത്. 1996 ൽ ആരംഭിച്ച പഞ്ചവൽസര പദ്ധതി 25 വർഷം പിന്നിടുമ്പോൾ നിരവധി വികസന പ്രവർത്തനങ്ങളാണ് പട്ടണത്തിൽ നടപ്പിലാക്കാൻ സാധിച്ചത്. ഭവന രഹിതകർക്ക് പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, റോഡ്, വഴിവിളക്കുകൾ ഉൾപ്പടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കി. കൂടാതെ ആരോഗ്യ മേഖലയിലും വ്യക്തമായ മുന്നേറ്റം നടത്താൻ സാധിച്ചു. പുതിയ പദ്ധതിയിൽ നഗരത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യത ഉറപ്പ് വരുത്താനും, ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി എന്നത് യാഥാർത്ഥ്യമാക്കാനും ശ്രമിക്കും. വ്യാപാര മേഖലയിലേക്ക് പുതിയ സംരഭകരെ അകർഷിക്കാനും അതിലൂടെ വരുമാന സ്രോതസ് ഉയർത്താനുള്ള പദ്ധതികൾ നടപ്പിലാക്കും. പട്ടണത്തെ കാർഷിക സ്വയം പര്യാപ്തതയുടെ പൂർണതയിൽ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ രംഗവും മാലിന്യ പരിപാലന മേഖലയും കൂടൽ മെച്ചപ്പെടുത്താൻ പ്രാപ്തമായ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു ചർച്ച. ജനകീയാസൂത്രണം ആരംഭിച്ചതിന് ശേഷം നഗര രൂപീകരണത്തിന് 40 ശതമാനം പദ്ധതി വിഹിത തുകയും ഇതിലൂടെയാണ് ലഭിക്കുന്നത്. ഇത്തവണ 15 കോടി 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകമാറ്റിയിട്ടുള്ളത്. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി പദ്ധതി നിർവ്വഹണ കാലാവധി കുറച്ചിട്ടുണ്ട്. സമയബന്ധിതമായി തുക ചിലവിട്ട് നിർവ്വഹണം പൂർത്തീകരിക്കാൻ ഇത് ഏറെ ഗുണം ചെയ്യും. ഈ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലെ തീരുമാനം ക്രോഡീകരിച്ച് തൊട്ടടുത്ത ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വാർഡ് സഭകളിൽ അവതരിപ്പിക്കും. അവിടെ നിന്ന് ലഭിക്കുന്ന പുതിയ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ച് ഈ മാസം 21 ന് തന്നെ ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ സമർപ്പിക്കും. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾ അതാത് വകുപ്പ് മേധാവികൾക്ക് കൈമാറും. തുടർന്ന് ഏപ്രിൽ ആദ്യത്തോടെ പദ്ധതി നിർവ്വഹണ ചുമതല പൂർണമായും നടപ്പിലാക്കാനും സാധിക്കും.
by Midhun HP News | Jan 8, 2022 | Latest News, Uncategorized
ആറ്റിങ്ങൽ: ചെറുന്നിയൂർ സ്വദേശി അനൂജിന്റെ എടിഎം കാർഡും, പണവും, ആധാറുമടങ്ങിയ പേഴ്സ് റോഡരികിൽ നിന്നും ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടി. നഗരസഭ മന്ദിരത്തിന് സമീപത്തെ ദേശീയപാതയോരത്ത് നിന്നാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ബാബുവാണ് പേഴ്സ് ആദ്യമായി റോഡരികിൽ കണ്ടത്. തുടർന്ന് സമീപത്തെ മണിനാഥൻ പിള്ളയുടെ ചായക്കടയിൽ ഏൽപ്പിക്കുകയായിരുന്നു. പേഴ്സ് പരിശോധിച്ചപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡും, 70 രൂപയും, ഫോട്ടോയും, അനൂജ്.എ.എസ്, ശാരദാലയം, ചെറുന്നിയൂർ പിഒ, വെട്ടൂർ എന്ന മേൽവിലാസം രേഖപ്പെടുത്തിയ ആധാറും കണ്ടെത്താൻ സാധിച്ചു. പേഴ്സിന്റെ ഉടമയായ അനൂജിന്റെ അച്ഛന്റെ പേര് അനിൽകുമാർ എന്നും ആധാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട വ്യക്തി പേഴ്സ് തിരികെ ലഭിക്കുന്നതിന് കടയുടമയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
മണിനാഥൻ പിള്ള : 8592951014
Recent Comments