by liji HP News | Dec 9, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയുടെ സ്ക്രീനിങിന് ഇന്ന് തുടക്കമായി. രാവിലെ 9.30 ന് ഏരീസ് പ്ലക്സിലെ ഓഡിറ്റോറിയം 1ൽ എയിൻ്റ് നോ ടൈം ഫോർ വുമൺ, ബ്ലൈൻഡ് അംബിഷൻ എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. നാല് സ്ക്രീനുകളിലായി 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കാനിരുന്ന ഉത്ഘാടന ചടങ്ങ് ഒഴിവാക്കി.

ബെയ്റൂത്ത് ഐ ഓഫ് ദ സ്റ്റോം ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാനയം സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും. സർക്കാരിൻ്റെ ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചെലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്താൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.
by liji HP News | Dec 8, 2021 | Uncategorized, മരണം
ആറ്റിങ്ങൽ കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ
ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത, മകൾ : മേഘ, മാതാവ് : വസന്ത. സഞ്ചയനം : 12/12/21 ഞായർ 9 മണി.
by liji HP News | Dec 8, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
കുനൂര്‍: നീലഗിരിയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. തകർന്ന ഹെലികോപ്റ്ററിൽ 14 പേരുണ്ടായിരുന്നു.
by liji HP News | Dec 6, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാടിന് ശാപമായി മാറിയ മാലിന്യ പ്രശ്നത്തിന് എതിരെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ, മണിക്കൂറുകൾക്കുള്ളിൽ മാലിന്യം നീക്കം ചെയ്ത് പ്രശ്ന പരിഹാരം. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ആയ കോട്ടപുറത്ത് എസ്.എൻ.ഡി.പി ഹാളിനു സമീപത്ത് ആണ് സംഭവം. പതിറ്റാണ്ടുകളായി ഉടമകൾ തിരിഞ്ഞു നോക്കാത്ത സ്വകാര്യ വസ്തു പ്രദേശത്ത് ഉണ്ട്. ഇത് നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഗാർഹിക മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചന്തകളിൽ നിന്നും ഉള്ള മാലിന്യങ്ങളും ഇതിലുൾപ്പെടും. കാടും പടർപ്പും മൂടിയ വസ്തുവിൻറെ വലിയൊരുഭാഗം നിലവിൽ മാലിന്യ കൂനയായി മാറിയിരുന്നു.
രൂക്ഷമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും കൊതുക് പെരുകുന്നതിനും മാലിന്യ നിക്ഷേപം കാരണമായിട്ടുണ്ട്. പ്ലാസ്റ്റിക് പോളിത്തീൻ മാലിന്യങ്ങളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷം ആണ്. തദ്ദേശവാസികൾക്ക് വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു മാലിന്യപ്രശ്നം ആണിത്.

മാലിന്യ പ്രശ്നത്തിൽ പൊറുതി മുട്ടി ഇരിക്കുമ്പോൾ ആണ് പഞ്ചായത്ത് സ്ഥാപിച്ച ബോർഡിലെ ‘എൻ്റെ ഗ്രാമം ശുചിത്വ ഗ്രാമം ഹരിത കേരളം’ എന്ന വാക്യം ശാർക്കര ഗവ.യു.പി.എസിലെ നാലാം ക്ലാസ് വിദ്യാർഥിയായ ആര്യൻ ശ്യാമിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കൗതുകവും അതിലേറെ പ്രസക്തിയും തോന്നിയ ആര്യൻ ശ്യാം താൻ പ്രതിദിനം നേരിൽ കാണുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തെ പകർത്തി ഇതോ ഹരിത സുന്ദര കേരളം എന്ന് ചോദിച്ച് വീഡിയോ ചെയ്തു. മനോഹരമായ എൻ്റെ ഗ്രാമത്തെ മറ്റൊരു വിളപ്പിൽശാല ആക്കുമോ എന്ന ആശങ്കയും ആര്യൻ പങ്കിട്ടു. ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈലിൽ ആണ് വീഡിയോ ചെയ്തത്. വീഡിയോക്ക് വലിയ പ്രചാരം ഒന്നും ലഭിച്ചില്ലെങ്കിലും വാർഡ് മെമ്പർ രാഖിയുടെ ശ്രദ്ധയിൽപെട്ടു.
തൊട്ടടുത്ത ദിവസം തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടെ ശുചീകരണം നടത്താൻ എത്തി. എന്നാല് കാട് മൂടിയ ഭൂമിയിലെ വ്യാപിച്ചു കിടക്കുന്ന മാലിന്യം നീക്കുന്നത് തങ്ങളാൽ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതേ സമയം വിദ്യാർത്ഥി പങ്കു വെച്ച ആശങ്കകൾ അറിയാമായിരുന്ന ഇവർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി യുടെ സഹായത്തോടെ സ്ഥലം ശുചീകരിച്ചു.
ഒന്നര മിനുട്ട് വീഡിയോ കൊണ്ട് രണ്ടു പതിറ്റാണ്ട് കാലമായി ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കി നാടിനെ രക്ഷിക്കുവാൻ ആര്യൻ ശ്യാമിന് കഴിഞ്ഞു. ശുചീകരണ പ്രവർത്തനത്തിന് ശേഷം വാർഡ് മെമ്പർ രാഖിയുടെ നേതൃത്വത്തിൽ ആര്യൻ ശ്യാമിനെ അനുമോദിക്കുകയും ചെയ്തു.
by liji HP News | Dec 4, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
വർക്കല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സഹായവുമായി യുവാക്കൾ. നെടുങ്ങണ്ട കോട്ടയ്ക്കഴികം വീട്ടിൽ താമസിക്കുന്ന വസന്തക്കാണ് സഹായവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവാക്കൾ എത്തിയത്. രോഗം മൂലം അവശയായ ഇവർ ഒറ്റമുറി കെട്ടിടത്തിലാണ് താമസിക്കുന്നത്. കോൺക്രീറ്റ് മേൽകൂര ആണെങ്കിലും സൺഷേഡ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങി വീടിന്റെ അകം മുഴുവൻ വെള്ളത്തിൽ ആകുന്ന അവസ്ഥയാണുള്ളത്. മീറ്റർ, സ്വിച്ച് ബോർഡിലുമൊക്കെ വെള്ളം ഇറങ്ങുന്നതിന്റെ ഭാഗമായി എർത്ത് അടിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു.

വിവരം അറിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, പഞ്ചായത്തംഗം സരിത, സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി വീടിന്റെ മുകളിൽ ടാർപ്പ കെട്ടി ചോർച്ച ഒഴിവാക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അജയദേവൻ , അനന്തു, ആദിത്യൻ, അൻസിഫ്,അജീഷ്, അബിൻ എന്നിവർ നേതൃത്വം നൽകി.
by liji HP News | Dec 3, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സമഗ്ര ശിക്ഷ കേരള ബി.ആർ.സി ആറ്റിങ്ങൽ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിരവധി കർമ്മ പരിപാടികൾ നടത്തിവരുന്നുണ്ട്. ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 27.11.2021 മുതൽ 3.12.21 വരെ നീണ്ടു നിൽക്കുന്ന വാരാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തു നടത്തി വരുന്നത്.

ആറ്റിങ്ങൽ ബി.ആർ.സി പരിധിയിലെ 79 സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളെ ഉൾകൊള്ളിച്ച് കൊണ്ട് സ്കൂൾ തല – പഞ്ചായത്തുതല ഭിന്നശേഷി വാരാചരണം നടത്തുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചവരെ കഴിഞ്ഞ ദിവസം നടന്ന ബി.ആർ.സി തല പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഈ പ്രസ്തുത പരിപാടി പ്രശസ്ത സിനിമാതാരം ജോബി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പരിപാടിയിൽ അധ്യക്ഷസ്ഥാനം വിജയകുമാരൻ നമ്പൂതിരി (AEO,ആറ്റിങ്ങൽ ) സ്വാഗതം പി.സജി (BPC ബി.ആർ.സി ആറ്റിങ്ങൽ ) , മുഖ്യപ്രഭാഷണം ഷൂജ ( SPO, SSK ) , രത്നകുമാർ (DPC | SS Kതിരുവനന്തപുരം), ശ്രീകുമാരൻ (DP 0, SS Kതിരുവനന്തപുരം), രശ്മി (D PO, SS Kതിരുവനന്തപുരം), സുഭാഷ് (Trainer BRC ആറ്റിങ്ങൽ ), ബിനു (Trainer, BRC ആറ്റിങ്ങൽ ), സീന (CRCC , ബി ആർ സി ആറ്റിങ്ങൽ ) എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൂഗിൽ പ്ലാറ്റ്ഫോം വഴി നടത്തിയ പരിപാടി കുട്ടികളുടെ മികച്ച പ്രകടനങ്ങളാൽ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഔപചാരികമായ നന്ദി പ്രകാശനം അമൃത (Special Educator ആറ്റിങ്ങൽ BRC ) നിർവഹിച്ചു.
Recent Comments